അവധിക്കാലമായി; യാത്ര പോകാം വയനാട്ടിലേക്ക്…

ദൈവത്തിന്റെ സ്വന്തം നാടാണ് കേരളമെങ്കില്‍ ആ നാട്ടില്‍ കാഴ്ചകളുടെ സ്വര്‍ഗഭൂമിയാണ് വയനാട്. കാടും മേടും മഞ്ഞും മലകളും തടാകങ്ങളും താഴ് വാരങ്ങളുമെല്ലാം ഇഴചേര്‍ന്ന് കിടക്കുന്ന ഈ അനുഗ്രഹീത മണ്ണ് സഞ്ചാരികള്‍ക്ക് മുന്നില്‍ തുറന്നിടുന്നത് വശ്യസുന്ദരമായ പ്രകൃതിഭംഗിയുടെ വാതായനങ്ങളാണ്.
ചുരം കയറിയും അതിര്‍ത്തി കടന്നുമെത്തുന്നവര്‍ക്ക് വൈവിധ്യമായ കാഴ്ചകളൊരുക്കിയാണ് ടൂറിസ്റ്റ് ഭൂപടത്തില്‍ വയനാട് വേറിട്ട് നില്‍ക്കുന്നത്. ഒറ്റപ്പെട്ട കേന്ദ്രങ്ങള്‍ക്കപ്പുറം ജില്ല മൊത്തം കുളിരും കാഴ്ചയും കൊണ്ട് നിറയുന്നത് വയനാടിനെ സഞ്ചാരികളുടെ പറുദീസയാക്കുന്നു. നൂല്‍മഴയും കോടമഞ്ഞും പെയ്തിറങ്ങുന്ന ഈ ഹരിതഭൂവില്‍ എവിടെത്തിരിഞ്ഞാലുമുണ്ട് കാഴ്ചകളിലേക്കുള്ള കയറ്റിറക്കങ്ങള്‍.

മുത്തങ്ങ വന്യജീവികേന്ദ്രം

സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് മൈസൂറിലേക്കുള്ള റോഡിലാണ് മുത്തങ്ങ. മുത്തങ്ങ വന്യജീവികേന്ദ്രം കേരളത്തിന്റെ രണ്ടു അയല്‍ സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കുവെക്കുന്നു. കര്‍ണ്ണാടകവും തമിഴ്‌നാടും കേരളവും ചേരുന്ന ഈ സ്ഥലത്തിനെ ട്രയാങ്കിള്‍ പോയിന്റ് എന്നാണ് വിളിക്കുന്നത്. കാട്ടുപോത്ത്, മാന്‍, ആന, കടുവ തുടങ്ങിയ ജീവികളെ ഈ വന്യമൃഗ സങ്കേതത്തിലെ കാടുകളില്‍ കാണാം. പല ഇനങ്ങളിലുള്ള ധാരാളം പക്ഷികളും ഈ വന്യജീവി സങ്കേതത്തിലുണ്ട്.

മുത്തങ്ങയിലെ വള്ളിപ്പടര്‍പ്പ് വിശാലമായ വനമേഖലയാണ്. ഇവിടെ വയനാടന്‍ വനത്തിനോട് ലയിച്ച് കിടക്കുന്നത് തമിഴ്നാട്, കര്‍ണ്ണാടക വനപ്രദേശമാണ്. മൂന്ന് സംസ്ഥാനത്തുമായി വ്യാപിച്ചുകിടക്കുന്ന വയനാട് ബന്ദിപ്പൂര്‍-മുതുമല നാഷണല്‍ പാര്‍ക്ക് 2500 ചതുരശ്ര കിലോമീറ്ററിലധികം വരും. ചെറുതും വലുതുമായ അനേകതരം മൃഗജാതികള്‍ ഇവിടെ കാണപ്പെടുന്നു. മുത്തങ്ങ വൈല്‍ഡ് ലൈഫ് ടൂറിസം മേഖല കൂടിയാണ്.

മുത്തങ്ങ വന്യജീവികളുടെ സുരക്ഷിത മേഖലയായിട്ടാണ് കണക്കാക്കുന്നത്. കര്‍ണാടകത്തിലെ ബന്ദിപ്പൂര്‍, തമിഴ്നാട്ടിലെ മുതുമല എന്നീ കടുവസങ്കേതങ്ങള്‍ മുത്തങ്ങയോട് ചേര്‍ന്നുകിടക്കുന്നു. വിശാലമായ ഈ മേഖല കടുവയുടെയും പുലിയുടെയും അവയുടെ ഇരകളുടെയും സമ്പന്ന മേഖലയാണ്. മാന്‍, കാട്ടുപോത്ത്, മറ്റു ചെറുതരം ജീവികള്‍ ഇവ വേണ്ടതിലധികം ഈ വനപ്രദേശങ്ങളിലുണ്ട്.

സംസ്ഥാനത്തിനകത്തു നിന്നും പുറത്തുനിന്നും നൂറുകണക്കിന് സഞ്ചാരികളാണ് മുത്തങ്ങയുടെ വന്യ സൗന്ദര്യം ആസ്വദിക്കാനും മൃഗങ്ങളെ കാണാനുമായി എത്തുന്നത്. മുത്തങ്ങയില്‍ വിനോദസഞ്ചാരത്തിനായി താമസ സൗകര്യങ്ങളും മരങ്ങളില്‍ ഏറുമാടങ്ങളും ഉണ്ട്. മുത്തങ്ങയ്ക്ക് അടുത്തുള്ള ചുണ്ട എന്ന ഗ്രാമവും വന്യജീവി സങ്കേതത്തിന്റെ ഭാഗമാണ്. കാട്ടില്‍ മലകയറ്റത്തിനു പോകുവാനുള്ള സൗകര്യം ഉണ്ട്. ആദിവാസികളുടെ കുടിലുകള്‍ മുത്തങ്ങയിലും ചുണ്ടയിലും ഉണ്ട്.

ബാണാസുരമല

ചെമ്പ്ര കഴിഞ്ഞാല്‍ വയനാട് ജില്ലയിലെ ഏറ്റവും വലിയ രണ്ടാമത്തെ പര്‍വ്വതമാണ് ബാണാസുരമല. സമുദ്ര നിരപ്പില്‍ നിന്ന് 6732 അടി ഉയരം.ചെങ്കുത്തായ മലനിരകളാണ്.മലനിരകളുടെ താഴ്വരയില്‍ വ്യാപിച്ചു കിടക്കുന്ന നീല ജലാശയമാണ് ബാണാസുര സാഗര്‍ അണക്കെട്ട്.നാലു ദിക്കിലും കോട്ടപോലെ ചക്രവാളം മുട്ടി നില്‍ക്കുന്ന മല നിരകള്‍.മണിക്കുന്ന്,ചെബ്രാപീക്ക്,തരിയോടുമല,സുഗന്ധഗിരിമല,തെക്കു കിഴക്കായി ബ്രഹ്മഗിരി മല നിരകള്‍ എന്നിവ കാണാം.

സാഹസികതയും സൗന്ദര്യവും ഒരു പോലെ അനുഭവിച്ച് ഒരു യാത്ര… ഐതിഹ്യങ്ങളും ഇടതിങ്ങി നില്‍ക്കുന്ന ഔഷധ സസ്യങ്ങളും കൊണ്ട് സമ്പുഷ്ടമാണ് വയനാടിന്റെ വടക്കുപടിഞ്ഞാറു ഭാഗത്തെ ബാണാസുരമല. സമുദ്രനിരപ്പില്‍ നിന്ന് 6670 അടി ഉയരത്തില്‍ തല ഉയര്‍ത്തി നില്‍ക്കുകയാണ് ബാണാസുരന്‍.ഒട്ടേറെ കുന്നുകളും ഇടതിങ്ങിയ കൊടുംവനവും അരുവികളും നിറഞ്ഞ പ്രകൃതിയുടെ ചായക്കൂട്ടാണ് ബാണാസുര മല.

കാറ്റുകുന്ന്, സായിപ്പുകുന്ന്, ബാണാസുര മല എന്നിവയാണ് പ്രധാനപ്പെട്ട കുന്നിന്‍ പ്രദേശങ്ങള്‍….ഈ കുന്നുകളുടെ സൗന്ദര്യം ആസ്വദിക്കാന്‍ ഒട്ടേറെപ്പേരാണ് എത്തുന്നത്. ഔഷധസസ്യങ്ങളെ തഴുകിയെത്തുന്ന കാറ്റും തെളിനീര്‍ ചുരത്തുന്ന അരുവികളും ഈ യാത്രയില്‍ പുതിയ അനുഭൂതി നല്‍കും.ചെങ്കുത്തായ പാറക്കെട്ടുകളും ഒരാള്‍പ്പൊക്കത്തില്‍ ഇടതൂര്‍ന്ന പുല്‍പ്പടര്‍പ്പുകളും വന്‍ മരങ്ങളുടെ കൂറ്റന്‍ വേരുകളും താണ്ടിക്കടക്കണം. ആനച്ചോലയില്‍ …നിന്ന് ഇടക്കിടെ മുഴങ്ങുന്ന ചിന്നം വിളി കേട്ട് ഭയക്കുകയും ചീവിടുകളുടെയും കിളികളുടെയും ശബ്ദം ആസ്വദിക്…പൊക്കത്തിലുള്ള പുല്ല് വകഞ്ഞു മാറ്റി കുത്തനെ കയറ്റം കയറിയാല്‍ 6670 അടി താണ്ടിയ ജേതാവായി ബാണാസുരമലമുകളില എത്താം,മറ്റു മലകളൊക്കെ ചെറുകുന്നുകളായും നോക്കെത്താ ദൂരത്ത് ബാണാസുര ഡാം ഒരു ചെറിയ വെള്ളക്കെട്ടായും കാണാം….

വാരാമ്പറ്റ വനസംരക്ഷണ സമിതിയാണ് ഇവിടെ ട്രക്കിങ് ഒരുക്കിയിരിക്കുന്നത്. 10 പേരടങ്ങുന്ന സംഘത്തിനു മൂന്ന് മണിക്കൂര്‍ ട്രക്കിങ്ങിന് 750 രൂപയും അഞ്ചു മണിക്കൂറിന് 1200 രൂപയും ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ട്രക്കിങ്ങിന് അഞ്ചു പേരുടെ സംഘത്തിന് 1500 രൂപയുമാണ്.

കാറ്റുകുന്ന്

വിരുന്നൊരുക്കി കാത്തിരിക്കുകയാണ് കാറ്റുകുന്ന്. സമുദ്രനിരപ്പില്‍ നിന്നു നാലായിരത്തോളം അടി ഉയരത്തിലുള്ള ഈ കുന്നിന്റെ പ്രത്യേകത തന്നെ പേരിലുള്ളത് പോലെ കാറ്റാണ്….അങ്ങകലെ 1277 ഹെക്ടറില്‍ തളം കെട്ടി നില്‍ക്കുന്ന ബാണാസുര ഡാമിലെ വെള്ളക്കെട്ടും കക്കയം ഡാമും വയനാട് ജില്ലയുടെ തെക്കുഭാഗം പൂര്‍ണമായും ഇവിടെ നിന്നു കാണാം….

ബാണാസുരസാഗര്‍ ഡാമിനടുത് ബ്രഹ്മഗിരി മലനിരകളില്‍ സ്ഥിതി ചെയ്യുന്ന ,സാധാ സമയം കാറ്റുവീശിക്കൊണ്ടിരിക്കുന്ന ഈ മലനിരകള്‍ വയനാട്ടിലെ അധികമാരും അറിയപ്പെടാത്ത ഒരു സഞ്ചാര കേന്ദ്രമാണ്. ചെമ്പ്ര മലയേക്കാള്‍ ഒരു പിടി മുന്നിലാണ് ഈ സുന്ദരി, പക്ഷെ വേണ്ടത്ര പരിഗണന ഇവള്‍ക്ക് കിട്ടുന്നില്ല എന്നതാണ് സത്യം പ്രകൃതിയുടെ എല്ലാ സൗന്ദര്യവും ആവാഹിച്ചു നില്‍ക്കുന്ന ഇത്രയും സുന്ദരമായ വേറൊരു മലനിരകളും വയനാട്ടില്‍ ഉണ്ടാകില്ല.

കല്‍പ്പറ്റയില്‍ നിന്നും പടിഞ്ഞാറത്തറ വഴി 20km പോയി ബാണാസുര മീന്‍മുട്ടി വെള്ളച്ചാട്ടം എത്തിയാല്‍ ഫോറെസ്‌റ് ഓഫീസ് കാണാം അവിടുന്നാണ് മലയിലേക്കു ട്രെക്കിങ്ങ് സ്റ്റാര്‍ട്ട് ചെയ്യുന്നത്.വാരാമ്പറ്റ വനസംരക്ഷണ സമിതിയാണ് ഇവിടെ ട്രക്കിങ് ഒരുക്കിയിരിക്കുന്നത്. 10 പേരടങ്ങുന്ന സംഘത്തിനു മൂന്ന് മണിക്കൂര്‍ ട്രക്കിങ്ങിന് 750 രൂപയും അഞ്ചു മണിക്കൂറിന് 1200 രൂപയും ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ട്രക്കിങ്ങിന് അഞ്ചു പേരുടെ സംഘത്തിന് 1500 രൂപയുമാണ്.

എടക്കല്‍ഗുഹകള്‍

ചെറുശിലായുഗസംസ്‌കാരകാലഘട്ടത്തിലെന്നു കരുതുന്ന ശിലാലിഖിതങ്ങള്‍ ഈ ഗുഹയില്‍ കാണപ്പെടുന്നു. കേരളത്തില്‍ ലഭിച്ചിട്ടുള്ള ഏറ്റവും പഴക്കം ചെന്ന ലിഖിതങ്ങള്‍ ഇവയാണ്. സമുദ്രനിരപ്പില്‍ നിന്നും ഏതാണ്ട് 4000 അടി ഉയരത്തിലുള്ള അമ്പുകുത്തിമലയുടെ മുകളില്‍ ഒരു വലിയ പാറയില്‍ രൂപപ്പെട്ട ഒരു വിള്ളലില്‍ മുകളില്‍ നിന്ന് വീണുറച്ച കൂറ്റന്‍ പാറയാണ് മനുഷ്യനിര്‍മ്മിതമല്ലാത്ത ഈ ഗുഹയെ സൃഷ്ടിക്കുന്നത്. കേരളത്തിലെ ഏറ്റവും പുരാതനമായ ഒരു രാജവംശത്തെപ്പറ്റി സൂചന നല്‍കുന്ന ശിലാലിഖിതങ്ങള്‍ ലോക കൊത്തുചിത്രകലയുടെ ആദിമ മാതൃകകളെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ളവയാണ്. പ്രാചീനമായ ചിത്രങ്ങളും പില്‍ക്കാലത്ത് രേഖപ്പെടുത്തപ്പെട്ട ലിപികളും കാണാം.

കല്‍പറ്റയില്‍ നിന്നും 25 കിലോമീറ്ററാണ് ഇവിടേയ്ക്കുള്ള ദൂരം..ഏറ്റവും അടുത്തുള്ള പട്ടണം സുല്‍ത്താന്‍ ബത്തേരി ആണ് – 12 കിലോമീറ്റര്‍ അകലെ.അടുത്തുള്ള ചെറിയ പട്ടണം അമ്പലവയല്‍ – 4 കി.മീ അകലെ.

മീന്മുട്ടിവെള്ളച്ചാട്ടം

കേരളത്തിലെ രണ്ടാമത്തെ വലിയ വെള്ളച്ചാട്ടം ആണ് മീന്മുട്ടി വെള്ളച്ചാട്ടം.പറഞ്ഞിട് എന്താ കാര്യം എത്രയോ വര്‍ഷങ്ങള്‍ ആയി ഇത് അടച്ചിട്ടിരിക്കുകയാണ്, ഇതിനികുറിച്ച ഓര്‍ക്കാനൊന്നും ആര്‍ക്കും സമയം ഇല്ല എന്ന തോന്നുന്നു….ഇത്രയും മനോഹരമായൊരു വെള്ളച്ചാട്ടത്തെ സഞ്ചാരികള്‍ക്കു നിഷേധിച്ചിരിക്കുകയാണ് .വയനാടന്‍ മലനിരകളുടെ ഹരിതാഭയെ കീറിമുറിച്ച് താഴേക്കു കുതിക്കുന്ന മീന്‍മുട്ടി വെള്ളച്ചാട്ടം അതിമനോഹരമായ ഒരു കാഴ്ചയാണ്. വടുവന്‍ചാലിനു സമീപം നീലിമലയില്‍ നിന്ന് മീന്‍മുട്ടി വെള്ളച്ചാട്ടം കാണാം.

കല്‍പറ്റയില്‍ നിന്നും 29 കിലോമീറ്റര്‍ തെക്കായി സ്ഥിതിചെയ്യുന്ന ഈ വെള്ളച്ചാട്ടം സാഹസിക മലകയറ്റക്കാര്‍ക്ക് വളരെ പ്രിയങ്കരമാണ്.

ഈ വെള്ളച്ചാട്ടത്തില്‍ മൂന്നു തട്ടുകളിലായി 300 മീറ്റര്‍ ഉയരത്തില്‍ നിന്ന് ജലം താഴേക്ക് വീഴുന്നു. ഈ മൂന്നു തട്ടുകളിലേക്കും കയറാന്‍ പര്‍വ്വതാരോഹകര്‍ വെവ്വേറെ പാതകള്‍ സ്വീകരിക്കണം. മീന്മുട്ടി, സൂചിപ്പാറ വെള്ളച്ചാട്ടം, കാന്തപ്പാറ വെള്ളച്ചാട്ടം എന്നിവ ചാലിയാറിലേക്ക് ജലം എത്തിക്കുന്നു.

കല്‍പറ്റയില്‍ നിന്ന് ഈ വെള്ളച്ചാട്ടത്തിലേക്കുള്ള വഴി നയനാനന്ദകരമാണ്. തേയിലത്തോട്ടങ്ങള്‍ക്കും തേക്കു വനങ്ങള്‍ക്കും ഇടക്കു കൂടി ആണ് കല്‍പറ്റയില്‍ നിന്നുള്ള വഴി. നവംബര്‍ മുതല്‍ മെയ് വരെയുള്ള മാസങ്ങളാണ് ഈ വെള്ളച്ചാട്ടം സന്ദര്‍ശിക്കുവാനായി ഏറ്റവും നല്ല സമയം.

പൂക്കോട്തടാകം

തടാകത്തിനു ചുറ്റും ഇടതൂര്‍ന്ന വനങ്ങളും മലകളുമാണ്. സമുദ്ര നിരപ്പില്‍ നിന്നും 2100 അടി ഉയരത്തിലായാണ് തടാകത്തിന്റെ സ്ഥാനം. ചുറ്റും നടക്കുവാനായി നടപ്പാത തയ്യാറാക്കിയിട്ടുള്ള തടാകത്തില്‍ പെഡല്‍ ബോട്ടുകള്‍ സവാരിക്കായി ഉണ്ട്. തടാകത്തില്‍ നിറയേ നീല ഇനത്തില്‍ പെട്ട ആമ്പലുകള്‍ കാണാം.13 ഏക്കറാണ് തടാകത്തിന്റെ വിസ്തീര്‍ണ്ണം. തടാകത്തിലെ ഏറ്റവും കൂടിയ ആഴം 6.5 മീറ്റര്‍ ആണ്. വൈത്തിരിക്ക് മൂന്നുകിലോമീറ്റര്‍ തെക്കായി ആണ് ഈ തടാകം സ്ഥിതിചെയ്യുന്നത്.

കോഴിക്കോട് നിന്ന്: കോഴിക്കോട് നിന്നുവരുമ്പോള്‍ വയനാട് ചുരം കയറിക്കഴിഞ്ഞുകാണുന്ന ആദ്യ സ്ഥലമായ ലക്കിഡിയില്‍ നിന്നും ഏകദേശം 2 കിലോമീറ്റര്‍ കല്പറ്റ റോഡില്‍ സഞ്ചരിച്ചാല്‍ ഇടതു വശത്തായി പൂക്കോട് തടാകത്തിലേക്കുള്ള വഴി കാണാം. തടാകത്തിനടുത്തു തന്നെ ഒരു ശ്രീ നാരായണ ഗുരുകുലം ഉണ്ട്. മനോഹര വൃക്ഷങ്ങള്‍ നിറഞ്ഞു നില്‍ക്കുന്നിടമാണിവിടം.

തോല്‍പ്പെട്ടിവന്യജീവിസങ്കേത

തോല്‍പ്പെട്ടി തിരുനെല്ലി റോഡിലൂടെ കാടിനെ അറിഞ്ഞൊരു ഒരു മഴ യാത്ര അതൊരു വേറിട്ട അനുഭവം ആണ്…കാടിനുള്ളിലേക്ക് പോവേണ്ട കാര്യമൊന്നും ഇല്ല …എല്ലാരും റോഡിനോട് ചേര്‍ന്ന് തന്നെ ഉണ്ടാവും.തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തിലേക്ക് കാടിനെ അടുത്തറിയാന്‍ ജീപ്പ് സവാരി ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മാനന്തവാടിയില്‍ നിന്നും കാട്ടിക്കുളം റോഡില്‍ പോയാല്‍ 26km ഉണ്ട്.

പെരുമഴയത്തും കരിമ്പാറകണക്കെ നിലയുറപ്പിക്കുന്ന സഹ്യന്റെ പുത്രന്മാര്‍ക്ക് മഴയും മഞ്ഞുമെല്ലാം ആഘോഷത്തിന്റെതാണ്. കാട്ടാനകളാല്‍ സമ്പന്നമാണ് കബനീ തീരം. ആനത്താരകളിലൂടെ ഇവയുടെ സഞ്ചാരവും കൗതുകം നിറയ്ക്കുന്ന കാഴ്ചയാണ്. പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ ആനസങ്കേതമാണ് വയനാട് ഉള്‍പ്പെടുന്ന വനമേഖലകള്‍. പൊതുവെ വയനാട്ടിലെ മുത്തങ്ങ, തോല്‍പ്പെട്ടി വന്യജീവി സങ്കേതങ്ങളാണ് വയനാട് വന്യജീവി സങ്കേതം എന്ന ഒറ്റപേരില്‍ അിറയപ്പെടുന്നത്.

തുഷാരഗിരിവെള്ളച്ചാട്ടം

വയനാട്ടില്‍ അല്ലെങ്കിലും വയനാടന്‍ മലനിരകളിലാണ് തുടക്കം, അതുകൊണ്ടുതന്നെ മനോഹാരിയാണി തുഷാര സുന്ദരി, മഞ്ഞണിഞ്ഞ മലകള്‍ എന്ന് അര്‍ത്ഥം വരുന്ന തുഷാരഗിരി പശ്ചിമഘട്ടത്തിന്റെ താഴ്വരയിലാണ് സ്ഥിതിചെയ്യുന്നത്. പ്രകൃതിസുന്ദരമാണ് ഈ വെള്ളച്ചാട്ടം. സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെയുള്ള മാസങ്ങളാണ് തുഷാരഗിരി സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം. വെള്ളച്ചാട്ടത്തിന് ഏറ്റവും ശക്തിയുള്ളത് ഈ കാലയളവിലാണ്. വെള്ളം പലതട്ടുകളായി ഈ വെള്ളച്ചാട്ടത്തില്‍ താഴേയ്ക്ക് വീഴുന്നു.

പശ്ചിമഘട്ടത്തില്‍ നിന്ന് ഉല്‍ഭവിക്കുന്ന രണ്ട് അരുവികള്‍ ഇവിടെ കൂടിച്ചേര്‍ന്ന് ചാലിപ്പുഴ എന്ന നദി രൂപം കൊള്ളുന്നു. നദി മൂന്നായി പിരിഞ്ഞ് മൂന്ന് വെള്ളച്ചാട്ടങ്ങളായി ഒരു മഞ്ഞുപോലത്തെ ജലധാരയാവുന്നു. ഇതില്‍ നിന്നാണ് തുഷാരഗിരി എന്ന പേരുവന്നത്.

കോഴിക്കോട്ടുനിന്നു താമരശേരി, കോടഞ്ചേരി വഴി തുഷാരഗിരിയെത്താം. 55 കിലോമീറ്റര്‍ വയനാട്ടില്‍ നിന്നു.വയനാട്ടില്‍ നിന്നു ചുരമിറങ്ങി അടിവാരത്തുനിന്നു നൂറാംതോട് വഴി ആറു കിലോമീറ്റര്‍.

കുറുമ്പാലക്കോട്ട

വായനാട്ടിലെ കുഞ്ഞ് മീശപ്പുലിമലയാണ് കുറുമ്പാലക്കോട്ട…സണ്‍റൈസ് വാലി കഴിഞ്ഞാല്‍ വയനാട്ടില്‍ സണ്‍റൈസ് കാണാന്‍ ഏറ്റവും നല്ല സ്‌പോട് …ഇപ്പോള്‍ ഒരുപാട് സഞ്ചാരികള്‍ അതിരാവിലെ തന്നെ ഈ മല കീഴടക്കി സൂര്യോദയത്തിന്റെ മുഴുവന്‍ സൗന്ദര്യവും നുകരുന്നുണ്ട്….മലമുകളില്‍ എത്തിയാല്‍ പിന്നെ താഴെ ഉള്ളതൊന്നും കാണാന്‍ പറ്റൂല …. മേഘം മൂടിയ താഴ്വാരമാത്രമാണ് താഴെ.കുറുമ്പാലക്കോട്ട സഞ്ചാരികളുടെ പതിവു ട്രെക്കിങ് പാതകളില്‍ ഇടം നേടിയിട്ടില്ല. അതുകൊണ്ടു തന്നെ മലയുടെ മുകളിലേയ്ക്ക് പോകാന്‍ കൃത്യമായ വഴിയൊന്നുമില്ല.

ഒരു കാലത്ത് ഈ മല ഏതോ കുറുമ്പപാലകന്റെ (രാജാവ്) കോട്ടയായിരുന്നത്രേ. ശത്രുവിന്റെ നീക്കങ്ങളെ കുറിച്ച് അറിയാനായാകാം വയനാടിന്റെ ഒത്തനടുക്കുള്ള ഇവിടെ രാജാവ് കോട്ട കെട്ടിപ്പൊക്കിയത്.വയനാടിന് നടുക്കിട്ട ഉയരമുള്ള ഒരു പീഠമാണ് ഈ മല. അതില്‍ കയറി നിന്ന് നോക്കുമ്പോള്‍ മലനിരകള്‍ക്ക് നടുവിലെ ഈ ഭൂമിയുടെ സൗന്ദര്യം ഒപ്പിയെടുക്കാം.കുറുമ്പാലക്കോട്ട മലയുടെ ഒരു ഭാഗത്ത് പാറക്കെട്ടുകള്‍ തീര്‍ത്ത ഒരു കിടങ്ങുണ്ട്. കുത്തനെ നില്‍ക്കുന്ന പാറകളിലൂടെ ഊര്‍ന്നിറങ്ങി വേണം അതിനരികിലെത്താന്‍.കുറുമ്പാലക്കോട്ട സാഹസികര്‍ക്ക് മാത്രം എഴുതപ്പെട്ടതല്ല. അല്പദൂരം നടക്കാമെന്നുള്ള ആര്‍ക്കും ആയാസപ്പെടാതെ തന്നെ ഈ മലമുകളില്‍ കയറാം. വരൂ, വയനാടിന്റെ സുന്ദരചിത്രം ഒപ്പിയെടുക്കാന്‍ കുറുമ്പാലക്കോട്ട നിങ്ങളെ ക്ഷണിക്കുന്നു.

കല്‍പ്പറ്റയില്‍ നിന്നും 18km ദൂരെയാണ് ഈ കോട്ട …കല്‍പ്പറ്റ കമ്പളക്കാട് റോഡിലാണ് പോവേണ്ടത് .

മേപ്പാടി

മേപ്പാടി മുഴുവന്‍ കാഴ്ചകള്‍ കൊണ്ട് സമ്പന്നം ആണ് …വയനാടിന്റെ ടൂറിസം ആസ്ഥാനമെന്ന് വിശേഷിപ്പിക്കാം മേപ്പാടിയെ എത്രയുണ്ട് കാഴ്ചകള്‍….സുന്ദരമാണ് എവിടെ തിരിന്നാലും ഒരു ഭാഗത്തു ചെമ്പ്ര കൊടുമുടി തല ഉയര്‍ത്തി നില്‍ക്കുമ്പോള്‍ മറുഭാഗത് തേയില കുന്നുകള്‍ പച്ച പുതച്ചു നില്കുന്നു ….

പശ്ചിമഘട്ട മലനിരകളോട് ചേര്‍ന്ന് നില്‍ക്കുന്ന പ്രദേശമായതിനാല്‍ നല്ല തണുപ്പും മഴയും കിട്ടുന്ന പ്രദേശമാണ് …മേപ്പാടിന്ന് തിരിഞ്ഞ് എങ്ങോട്ട് പോയാലും കാണാന്‍ എന്തേലും കിട്ടിയിരിക്കും.കല്‍പ്പറ്റയില്‍ നിന്നും 11km അകലെയായി സ്ഥിതിചെയ്യുന്നു.

സൂചിപ്പാറ വെള്ളച്ചാട്ടം

പല സ്ഥലങ്ങളിലും 100 മുതല്‍ 300 അടി വരെ ഉയരത്തില്‍ നിന്നും വീഴുന്ന വെള്ളം നയനാനന്ദകരമാണ്. താഴെ വെള്ളം വന്നു വീഴുന്ന ചെറിയ തടാകത്തില്‍ നീന്തുവാനും കുളിക്കുവാനും കഴിയും. സൂചിപ്പാറയിലുള്ള ഏറുമാടങ്ങളില്‍ നിന്ന് പശ്ചിമഘട്ടത്തിന്റെയും താഴെയുള്ള അരുവിയുടെയും മനോഹരമായ കാഴ്ചകള്‍ കാണാം. 200 മീറ്ററില്‍ അധികം ഉയരമുള്ള സൂചിപ്പാറ (സെന്റിനല്‍ റോക്ക്) സാഹസിക മല കയറ്റക്കാര്‍ക്ക് പ്രിയങ്കരമാണ്.

മൂന്നു തട്ടുകളായി ഉള്ള ഈ വെള്ളച്ചാട്ടത്തിനോടു ചേര്‍ന്ന് സാഹസിക തുഴച്ചില്‍ ബോട്ട് യാത്രയ്ക്കും (വൈറ്റ് വാട്ടര്‍ റാഫ്റ്റിംഗ്) നീന്തുവാനും ഉള്ള സൗകര്യം ഉണ്ട്. വെള്ളച്ചാട്ടത്തിലെ വെള്ളം വീണ് ഉണ്ടായ കുളത്തില്‍ ചെറിയ കുട്ടികള്‍ക്കു പോലും നീന്താം. വെള്ളച്ചാട്ടത്തിനു ചുറ്റുമുള്ള പ്രകൃതി ദൃശ്യങ്ങള്‍ മനോഹരമാണ്.

മേപ്പാടി പ്രദേശത്തെ മൂന്ന് വെള്ളച്ചാട്ടങ്ങളില്‍ മഴക്കാലത്ത് അനായാസമായി എത്താന്‍ കഴിയുന്ന വെള്ളച്ചാട്ടമാണ് സൂചിപ്പാറ വെള്ളച്ചാട്ടം.

കല്‍പറ്റക്ക് 22 കിലോമീറ്റര്‍ തെക്കായി ആണ് സൂചിപ്പാറ സ്ഥിതിചെയ്യുന്നത്. ഇവിടെ ഏറുമാടങ്ങളില്‍ നിന്ന് ഉള്ള പ്രകൃതിദൃശ്യങ്ങള്‍ മനോഹരമാണ്. പശ്ചിമഘട്ടത്തിന്റെയും മനോഹരമായ ദൃശ്യങ്ങള്‍ സൂചിപ്പാറയില്‍ നിന്നു കാണാം.

ഇരുപ്പ് വെള്ളച്ചാട്ടം

പശ്ചിമഘട്ട മലനിരകളില്‍ നിന്ന് കുതിച്ചൊഴുകി വരുന്ന ഇരുപ്പിന്റെ സൗന്ദര്യം ആരുടേയും മനം നിറക്കുന്ന കാഴ്ചയാണ് …മഴക്കാലത്തു ആര്‍ത്തിരമ്പിയാണ് ഇരിപ്പൊഴുകുന്നത്.വയനാട് കര്‍ണാടകം അതിര്‍ത്തിയോട് ചേര്‍ന്ന് ബ്രഹ്മഗിരി മലനിരകളില്‍ നിന്ന് തുടങ്ങി കുറിച്ചി എന്ന കൊച്ചു ഗ്രാമത്തില്‍ അവസാനിക്കുന്ന അതി സുന്ദരമായൊരു വെള്ളച്ചാട്ടം…തട്ടുതട്ടായി വീഴുന്ന വെള്ളച്ചാട്ടം അതിന്റെ പൂര്‍ണഭംഗി പ്രാപിക്കുക മഴക്കാലത്തായതു കൊണ്ട് ഇവിടെ വരാന്‍ പറ്റിയ സമയം മഴക്കാലമാണ്.

കണ്ടറിയേണ്ട കാനന ഭംഗിയാണ് ഈ ഒരു പ്രദേശം മുഴുവനും ….മഴക്കാലത്താണ് ഇരുപ്പ് കൂടുതല്‍ സുന്ദരമാവുന്നത്. പണ്ട് ആരും അറിയപെടാതിരുന്ന ഇരുപ്പില്‍ ഇപ്പോള്‍ ആളുകളുടെ തള്ളിക്കയറ്റമാണ് സീസണ്‍ ആയാല്‍ വന്‍ ജനപ്രവാഹം ആണിവിടം. ഇത്രെയും സുന്ദരമായൊരു സ്ഥലം കാണാന്‍ ആളുകള്‍ വന്നില്ലെങ്കിലെ അത്ഭുതം ഒള്ളു.മാനന്തവാടിയില്‍ നിന്നും 36km ദൂരമുണ്ട് ഇരുപ്പിലേക്ക് ,തോല്‍പ്പെട്ടി കുട്ട വഴിയാണ് പോവേണ്ടത് അതുകൊണ്ടുതന്നെ കാഴ്ചകള്‍ക്ക് ഒരു കുറവും ഉണ്ടാകില്ല.

വനപര്‍വ്വം

വയനാടന്‍ മലനിരകളോട് ചേര്‍ന്ന് കിടക്കുന്ന സുന്ദരമായ പ്രദേശമാണ് വനപര്‍വ്വം. മുഴുവനും പ്രകൃതിയാണ്, മരങ്ങളാണ്, അരുവികളാണ് ,….വയനാട്ടിലേക്ക് വരുന്നവര്‍ക്കു തുടക്ക കാഴ്ച എന്ന നിലക്ക് കാണാന്‍ പറ്റിയൊരിടം.

കേരള ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിന് കീഴില്‍ പുതുതായി ആരംഭിക്കപ്പെട്ട ജൈവവൈവിധ്യ ഉദ്യാനമാണ് വനപര്‍വ്വം. കോഴിക്കോട് ജില്ലയിലെ ഈങ്ങപ്പുഴയില്‍ സ്ഥിതി ചെയ്യുന്ന ഈ ജൈവവൈവിധ്യ ഉദ്യാനമാണ് കാക്കവയല്‍ വനപര്‍വ്വം. താമരശ്ശേരി ഫോറസ്റ്റ് റേഞ്ചിന് കീഴിലാണ് ഇത് സ്ഥിതിചെയ്യുന്നത്. കോഴിക്കോട് വയനാട് എന്‍.എച്ച് 212 ലാണ് ഈങ്ങാപ്പുഴ.

കാക്കവയല്‍ വനപര്‍വ്വം കവാടം ഇവിടെ നിന്നും 3 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കാക്കവയലിലെത്താം. 111.4 ഹെക്ടറിലായി സ്ഥിതി ചെയ്യുന്ന ഈ ജൈവ വൌവിദ്യ ഉദ്യാനത്തില്‍ ആയിരക്കണക്കിന് സസ്യവര്ഗങ്ങളും ഔഷധസസ്യങ്ങളുമുണ്ട്.[1] അപൂര്‍വ്വങ്ങളായ ചിത്രശലഭങ്ങളും ഇവിടെ കാണാം. വിവിധയിനം പക്ഷികളും ചെറുജീവികളുടെയും ആവാസ സ്ഥലം കൂടിയാണ് വനപര്‍വ്വം.

ചൂരല്‍മലവെള്ളചാട്ടം

പശ്ചിമഘട്ട മലനിരകളില്‍ നിന്ന് വയനാടന്‍ കാടുകളും,തേയില തോട്ടങ്ങളും താണ്ടി ഒഴുകിവരുന്ന ഒരു കൊച്ചു സുന്ദരി …ഇവളുടെ ഉത്ഭവ സ്ഥാനം തേടി പോയാല്‍ ഏതേലും മലയടിവാരത്തെത്തും ,പാറക്കെട്ടുകള്‍ക്കിടയിലൂടെ ഇളകിമറിന് വരുന്ന കാഴ്ച അതിമനോഹരമാണ്.ഒരു 20 അടി പൊക്കത്തില്‍ നിന്നാണ് ചാട്ടം ,വെള്ളം ചാടുന്നിടം ഒരു നാച്ചുറല്‍ പൂള് ആണ് ,അത്യാവശ്യം ആഴം ഉള്ളൊരു കുഴി, നീന്തല്‍ അറിയാവുന്നവര്‍ക് ധൈര്യമായിട് ഇറങ്ങാം.

ചൂരല്‍മല മേപ്പടിയിലെ ഒരു കൊച്ചു ഹൈറേന്‍ജ് ഗ്രാമമാണ്,മുഴുവനും എസ്റ്റേറ്റുകള്‍ ആണ് തേയിലയും കുരുമുളകും ഏലവും കൊച്ചു കൊച്ചു വെള്ളച്ചാട്ടങ്ങളും. മൊത്തത്തില്‍ മുഴുവനും പ്രകൃതി രമണീയമാണ്.ഒരുപാടാരും എത്തിപ്പെടാത്ത സുന്ദരമായൊരിടം ,തിക്കും തിരക്കുമൊന്നുമില്ലാതെ പ്രകൃതിയെ വേണ്ടുവോളം ആസ്വതിച് കുളിച് ആര്മാദിക്കാന്‍ ഇതാണ് വയനാട്ടിലെ ഏറ്റവും നല്ല സ്‌പോട്.

മേപ്പടിയില്‍ നിന്നും ചൂരല്‍ മല റോഡില്‍ 6km പോയാല്‍ ഇവിടെ എത്താം ,അത്യാവശ്യം നല്ല റോഡണ്.മഴക്കാലം ഇവിടെ വളരെ അപകടകരമാണ്.

കാരാപ്പുഴഡാം

പ്രധാനമായും ജലസേചനത്തിനായുള്ള ഒരു അണക്കെട്ടാണിത്. ഏകദേശം 63 കി.മി. ചുറ്റളവാണ് ഇതിന്റെ ക്യാച്ച്‌മെന്റ് വിസ്തീര്‍ണ്ണം.ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ എര്‍ത്ത് ഡാമുകളിലൊന്നാണ് വയനാട് ജില്ലയിലെ കാരാപ്പുഴ ഡാം.നിരവധി തടാകങ്ങള്‍ ചെന്നുചേരുന്ന മനോഹരമായ ഭൂപ്രകൃതിയാണ് കാരാപ്പുഴ ഡാം പരിസരത്തെ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാക്കുന്നത്. പ്രകൃതിക്കാഴ്ചകള്‍ കാണാനും പക്ഷിനിരീക്ഷണത്തിനും അനുയോജ്യമായ സ്ഥലമാണ് കാരാപ്പുഴ ഡാം. ഫോട്ടോഗ്രഫി പ്രിയര്‍ക്കും ഇവിടം ഏറെ ഇഷ്ടമാകുമെന്നതില്‍ സംശയം വേണ്ട.

കല്പറ്റയില്‍ നിന്നും 20 കിലോമീറ്ററും ബത്തേരിയില്‍ നിന്ന് 25 കിലോമീറ്ററും ആണ് ഇവിടെയ്ക്കുള്ള ദൂരം. ദേശീയപാത 212 – ലുള്ള കാക്കവയലില്‍ നിന്നും 8 കിലോമീര്‍ ദൂരെയായാണ് അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. ജില്ലയിലെ മറ്റൊരു വിനോദസഞ്ചാര കേന്ദ്രമായ എടയ്ക്കല്‍ ഗുഹയിലേക്ക് അണക്കെട്ടില്‍ നിന്നും നിന്നും 5 കിലോമീറ്ററാണ് ദൂരം.

ചെമ്പ്ര കൊടുമുടി

വയനാട് ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടി ആണ് കടല്‍നിരപ്പില്‍ നിന്ന് 2100 മീറ്റര്‍ ഉയരമുള്ള ചെമ്പ്ര കൊടുമുടി. മേപ്പാടി പട്ടണത്തിന് അടുത്താണ് ഈ കൊടുമുടി. ചാലിയാറിന്റെയും കബനിയുടെയും വൃഷ്ടി പ്രദേശമാണ് ചെമ്പ്ര. പ്രകൃതി സ്‌നേഹികളുടെയും സാഹസിക മലകയറ്റക്കാരുടെയും ഇഷ്ട പ്രദേശമാണിവിടം. വിനോദസഞ്ചാരികള്‍ക്ക് ഇവിടം സന്ദര്‍ശിക്കുവാനുള്ള സൗകര്യം വനം വകുപ്പ് ഒരുക്കിയിരിക്കുന്നു. വനസംരക്ഷണ സമിതി അധികാരപ്പെടുത്തിയിരിക്കുന്ന വഴികാട്ടികള്‍ക്കൊപ്പം മാത്രമേ മലകയറ്റം അനുവദിക്കുകയുള്ളു.

കൊടുമുടിക്ക് മുകളില്‍ ഹൃദയത്തിന്റെ ആകൃതിയില്‍ ഒരു പ്രകൃതിദത്ത തടാകം ഉണ്ട്. ഹൃദയസരസ്സ് എന്ന ഈ തടാകം നയനമനോഹരമായ ഒരു കാഴ്ചയാണ്. ഇവിടെ ധാരാളം നീലക്കുറിഞ്ഞി ചെടികളും ഉണ്ട്.

കല്‍പ്പറ്റയില്‍ നിന്ന് 14 കിലോമീറ്റര്‍ പടിഞ്ഞാറ് മാറിയാണ് ചെമ്പ്ര കൊടുമുടി സ്ഥിതി ചെയ്യുന്നത്. മേപ്പാടി ഫോറസ്റ്റ് ഓഫീസില്‍ നിന്നും അനുവാദം വാങ്ങിയാല്‍ മാത്രമേ ചെമ്പ്ര കൊടുമുടിയില്‍ പ്രവേശിക്കാന്‍ സാധിക്കൂ.

ഗുണ്ടല്‍പെട്ട

ഗ്രാമങ്ങളില്‍ ചെന്ന് രാപാര്‍ക്കാന്‍ വായനാടിനോട് ചേര്‍ന്നുള്ള സുന്ദരമായ പ്രദേശമാണ് ഗുണ്ടല്‍പെട്ട, കര്‍ണാടകയിലെ ഒരു വലിയ ഗ്രാമമാണ് ഇത്, മുഴുവനും കൃഷിയാണ് ഇവിടെ ഉള്ളവര്‍ക്കു കൃഷി മാത്രമേ അറിയൂ.പരന്നു കിടക്കുന്ന കൃഷി ഭൂമിയാണിവിടെ മുഴുവനും.ഓണത്തിനും വിഷുവിനുമെല്ലാം മലബാറിലേക്കാവശ്യമായ പച്ചക്കറിയും പൂക്കളും എത്തുന്നത് ഇവിടെ നിന്നാണ്. വിരിഞ്ഞു നില്‍ക്കുന്ന സൂര്യകാന്തി പാടങ്ങളും, ഓറഞ്ച് കടല്‍ പോലെ നീണ്ടു കിടക്കുന്ന ജമന്തി പാടങ്ങളും കണ്ണിന് കുളിര്മയേകുന്ന കാഴ്ചയാണ്.ഫോട്ടോഷൂട്ടുകാരുടെ പ്രധാന താവളമാണ് ഗുണ്ടല്‍പേട്ട. ബത്തേരിയില്‍ നിന്നും മുത്തങ്ങ ബന്ദിപ്പൂര്‍ വന്യജീവി സങ്കേതങ്ങള്‍ വഴിയാണ് ഗുണ്ടല്‍പേട്ട പോകുന്നത്.

ബാണാസുരസാഗര്‍ അണക്കെട്ട്

കബിനി നദിയുടെ പോഷകനദിയായ കരമനത്തോടിനു കുറുകെ സ്ഥിതി ചെയ്യുന്ന അണക്കെട്ടാണ് ബാണാസുര സാഗര്‍ അണക്കെട്ട്. 1979-ലാണ് ഈ അണക്കെട്ട് നിര്‍മ്മിച്ചത്. കക്കയം ജല വൈദ്യുത പദ്ധതിക്ക് ജലം എത്തിക്കുക എന്നതും വരണ്ട കാലാവസ്ഥയുള്ള ഈ പ്രദേശത്ത് ജലസേചനം, കുടിവെള്ളം എന്നിവ എത്തിക്കുക എന്നതുമാണ് ഈ പദ്ധതിയുടെ ലക്ഷ്യങ്ങള്‍.ഇവിടത്തെ ചെറു ദ്വീപുകള്‍ ചുറ്റുമുള്ള മായക്കാഴ്ചകളിലേക്ക് നിങ്ങളെ കൊണ്ടുപോകുന്നു. നിരവധി ആളുകള്‍ പശ്ചിമഘട്ടത്തിലേക്കുളള ട്രക്കിംഗ് ആരംഭിക്കുന്നത് ബാണാസുര സാഗര്‍ ഡാമില്‍നിന്നാണ്.

കല്‍പ്പറ്റയില്‍ നിന്ന് 21 കിലോമീറ്റര്‍ അകലെ പടിഞ്ഞാറത്തറ എന്നഗ്രാമത്തില്‍ പശ്ചിമഘട്ടത്തില്‍ ആണ് ഈ അണക്കെട്ട്. ഇന്ത്യയിലെ ഏറ്റവും വലിയ മണ്ണുകൊണ്ടുള്ള അണക്കെട്ടും ഏഷ്യയിലെ രണ്ടാമത്തെ വലിയ അണക്കെട്ടും ആണ് ഇത് . ഇതിനടുത്തായി ഉള്ള മനോഹരമായ മലകളിലേക്ക് സാഹസിക മലകയറ്റം നടത്തുവാനുള്ള ഒരു ഉത്തമ തുടക്ക സ്ഥലം ആണ് ഇവിടം.

മുനീശ്വരന്‍കുന്ന്

ബാണാസുരമാല കണ്ടാലും കേറിയലും തീരില്ല അത്രക്കുണ്ട് ഈ മലനിരകളില്‍ ഇതിലെ ഒരു കൊച്ചു സുന്ദരനാണ് മുനീശ്വരന്‍കുന്ന് ഒരുപാട് ബുദ്ധിമുട്ടൊന്നും ഇല്ലാതെ ട്രെക്കിങ്ങ് നടത്താന്‍ പറ്റിയ വയനാട്ടിലെ ഒരു മനോഹരമായ സ്ഥലം.മഴക്കാലത്തു എപ്പോഴും മഞ്ഞും കാറ്റും ഒഴുകി നടക്കുന്ന മലനിരകള്‍ ,ഇവിടുത്തെ കാറ്റാണ് കാറ്റ് എത്ര കൊണ്ടാലും മതിവരാത്ത കാറ്റ്.ഇതിന്റെ മുകളില്‍ ഒരു കൊച്ചു മുനീശ്വരന്‍ അമ്പലം ഉണ്ട് അതാണിക്കുന്നിന് മുനീശ്വരന്‍ എന്ന പേര് വരാന്‍ കാരണം.

വയനാട്ടില്‍ വരുന്നവര്‍ കാണാതെ പോകുന്ന മറ്റൊരു സ്ഥലമാണിത്,അവരെ പറഞ്ഞിട്ട് കാര്യമില്ല ഇതൊന്നും വയനാടിന്റെ ടൂറിസ്റ്റ് മാപ്പില്‍ ഇല്ലാത്ത സ്ഥലങ്ങള്‍ ആണ്, ഗൂഗിള്‍ മാപ്പില്‍ മാത്രം തിരഞ്ഞാല്‍ കിട്ടുന്നവ.ബൈക്കില്‍ പോയാല്‍ ഈ കുന്നിന്റെ മുകളില്‍ വരെ പോകാം കുറച്ച ഓഫ് റോഡ് ആണെങ്കിലും നല്ല റൈഡ് ആണ്.ഈ കുന്ന് ഒരുപാട് ഉയരത്തില്‍ ഒന്നുമല്ല സ്ഥിതി ചെയ്യുന്നത് എന്നതുകൊണ്ട് ഇതിന്റെ മുകളില്‍ നിന്ന് വല്യ കാഴ്ചയൊന്നും കിട്ടില്ല.പക്ഷെ ഇവിടുത്തെ കാലാവസ്ഥയാണ് സുന്ദരം ,കാഴ്ചയെ മറക്കുന്ന കോട മഞ്ഞാണ് എപ്പോഴും.മഴക്കാലത്താണ് ഇവിടെ ഏറ്റവും സുന്ദരം.

മാനന്തവാടിയില്‍ നിന്നും വള്ളിയൂര്‍ക്കാവ് വഴി 13km പോയാല്‍ ഇവിടെ എത്താം.

നീലിമല

മനോഹരമായ ഒരു ഹില്‍സ്റ്റേഷനാണ് നീലിമല.വയനാട്ടിലെ ഏറ്റവും അധികം സന്ദര്‍ശിക്കപ്പെടുന്ന ഒരു കേന്ദ്രമാണ് നീലിമല വ്യൂ പോയന്റ്. സ്പോര്‍ട്സും സാഹസികതയും ഇഷ്ടപ്പെടുന്ന ആളുകളുടെ ഇടയില്‍ ഏറ്റവും പ്രശസ്തമായ കേന്ദ്രമാണ്. ട്രക്കിംഗിന് മാത്രമല്ല, സമയം അനുവദിക്കുമെങ്കില്‍ ഇവിടെ ഒരു രാത്രി ക്യാംപ് ചെയ്യാനുമുള്ള സാധ്യതയുമുണ്ട്. സാഹസികരെ തൃപ്തിപ്പെടുത്തുന്ന വിധത്തിലുള്ള നിരവധി ആക്ടിവിറ്റീസുകള്‍ ഇവിടെയുണ്ട്. കോഫീ പ്ലാന്റേഷനിടയിലൂടെ ട്രക്കിംഗും ക്ലൈംബിംഗുമാണ് ഇതില്‍ പ്രധാനം.സവിശേഷതകള്‍.നിരവധി മനംമയക്കുന്ന വെള്ളച്ചാട്ടങ്ങളുടെയും പച്ചപ്പ് നിറഞ്ഞ കാടുകളുടെയും കാഴ്ച ലഭിക്കുന്നതാണ്. മീന്‍മുട്ടി ഫാള്‍സും ഇവിടെ നിന്നുനോക്കിയാല്‍ കാണാന്‍ സാധിക്കും.

മഴക്കാലമായാല്‍ സാദാ സമയം മഞ്ഞു മൂടിക്കിടക്കുന്ന ഈ മലയിലെ കാഴ്ച അതിമനോഹരമാണ്. ഇവിടുന്നുള്ള താഴ്വാരത്തിന്റെ കാഴ്ച തന്നെ ആയിരിക്കണം ഇവിടേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്നത് .ഇളകിമറിന്നൊഴുകുന്ന മീന്‍മുട്ടി വെള്ളചാട്ടത്തിനെ ഇപ്പോള്‍ ഇവിടെ നിന്ന് മാത്രമേ കാണാന്‍ കഴിയു .മേപ്പടിയില്‍ നിന്നും 15km ദൂരെ വടുവഞ്ചാലിനോടടുത്താണ് ഇത് സ്ഥിതി ചെയ്യുന്നത് .രാവിലെ മുതല്‍ ഇവിടേക്ക് പ്രവേശനം അനുവദിക്കുന്നതാണ്.

മീന്‍മുട്ടിവെള്ളച്ചാട്ടം

ബാണാസുരമലയില്‍ നിന്നും ഉറവയെടുത്തു മലയിടുക്കുകളിലൂടെ ഒഴുകി മലയടിവാരത്തില്‍ സുന്ദരമായി പതിക്കുന്ന ഈ വെള്ളച്ചാട്ടം വയനാട്ടിലെ മറ്റൊരു മീന്‍മുട്ടി വെള്ളച്ചാട്ടമാണ് ,ഇതേ പേരില്‍ വയനാട്ടില്‍ മറ്റൊന്നുകൂടി ഉണ്ടല്ലോ.രണ്ട് വലിയ ഉരുളന്‍ പാറകള്‍ക്കിടയിലൂടെ കുതിച്ചൊഴുകി വരുന്നൊരു സുന്ദരി.

ചെറിയൊരു ട്രെക്കിങ്ങ് ആണ് ഇവിടെ സഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വലിയ പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ നടന്ന വേണം വെള്ളച്ചാട്ടത്തില്‍ എത്താന്‍ , ചെറിയൊരു കയറ്റമാണ്, ഇത് കയറി മേലെ എത്തണം , മലമുകളില്‍ നിന്ന് വരുന്നതുകൊണ്ട് അത്യാവശ്യം ശക്തിയുണ്ട് ചാട്ടത്തിന്. ഏതൊരു വെള്ളച്ചാട്ടത്തിന്റെ പോലെയും മഴക്കാലത്താണിവള്‍ കൂടുതല്‍ സുന്ദരിയാവുന്നത്. ഇവിടുന്നാണ് ബാണാസുരമാലയിലേക്കുള്ള ട്രെക്കിങ്ങ് ആരംഭിക്കുന്നത്.ബാണാസുര ഡാമില്‍ നിന്നും 2km ദൂരെയാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.

മഞ്ഞപ്പാറ

വയനാടിന്റെ സൗന്ദര്യം മറഞ്ഞിരിക്കുന്ന മഞ്ഞപ്പാറയിലെ കാഴ്ചകള്‍ കാണാം.മഞ്ഞപ്പാറ ഇവിടുത്തെ സുന്‍സെറ്റും സണ്‍റൈസും സുന്ദരമാണ് ….താഴെ കാരാപ്പുഴ ഡാമും അങ്ങ് അകലെ പശ്ചിമഘട്ട മലനിരകളും …..പരന്നുകിടക്കുന്ന വയനാടന്‍ വയലുകളും ഇതില്‍ കൂടുതല്‍ എന്ത് വേണം …..കടുവക്കുഴിയോട് ചേര്‍ന്നാണ് ഇതും സ്ഥിതി ചെയ്യുന്നത് ….മലകള്‍ക്കിടയില്‍ സൂര്യന്‍ അസ്തമിക്കുമ്പോള്‍ ഡാമിലെ ജലാശയം ചുവന്ന് തുടുക്കും …ഈ ഒരൊറ്റ കാഴ്ചമതി മനം നിറക്കാന്‍ ..ഇതേ കാഴ്ചയാണ് കടുവക്കുഴിയില്‍ നിന്നും കിട്ടുന്നത് ….

അമ്പലവയലില്‍ നിന്നും വടുവഞ്ചാല്‍ റോഡില്‍ 2km സഞ്ചരിച്ചാല്‍ മഞ്ഞപ്പാറ ഗ്രാമം എത്തും അവിടുന്ന് 1km പോയാല്‍ പാറയുടെ ചോട്ടില്‍ എത്തും.

സീതമ്മക്കുണ്ട് വെള്ളച്ചാട്ടം

പ്രകൃതിയെ അറിന്നൊരു കുളി കുളിക്കണോ നേരെ വിട്ടോ സീതമ്മകുണ്ടിലേക്ക് …സൂചിപ്പാറ വെള്ളച്ചാട്ടത്തില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ ദൂരെയാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. പാറക്കെട്ടുകള്‍ക്ക് നടുവില്‍ നിന്നും അധികം ഉയരത്തിലല്ലാതെ താഴെ പ്രകൃത്യാലുള്ള തടാകത്തിലേക്ക് ജലം പതിക്കുന്നു. വനത്തില്‍ നിന്നും ഒഴുകുന്ന അരുവിയുടെ ഒരു ഭാഗമാണ് ഈ വെള്ളച്ചാട്ടം. മുണ്ടക്കൈ മാരിയമ്മന്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി കുംഭം ഇവിടെയാണ് ഒഴുക്കുന്നത്. സീതാ ദേവിയ്ക്കു ദാഹിച്ചപ്പോള്‍ ജലം നല്‍കിയതിവിടെയാണെന്നും അവര്‍ ഭൂമി പിളര്‍ന്നു താഴ്ന്നു പോയതിവിടെ വെച്ചാണെന്നും വിശ്വസിക്കപ്പെടുന്നു. സീതാദേവിക്കു വേണ്ടിയുള്ള പൂജകള്‍ ഇവിടെ പണ്ട് നടത്തിയിരുന്നു.

കടുവാക്കുഴി

പ്രസന്നമായ വയനാടന്‍ പ്രകൃതി ഭംഗി. അതിന്റെ മടിത്തട്ടില്‍ ഉയര്‍ന്നു നില്‍ക്കുന്ന ഒരു ചെറിയ മല. ആ മലയുടെ
ഓരത്തായി ഒരു ഗുഹാമുഖം. അതിലൂടെ അഗാധമായ ആഴങ്ങളിലേക്ക് ഇറങ്ങിപ്പോവാം, സാഹസികമായി. മലമുകളില്‍ നിന്ന് മലമുകളില്‍ നിന്ന് അതിസുന്ദരമായ കാഴ്ചകളും കാണാം. ഇതാണ് കടുവാക്കുഴി….വയനാട്ടില്‍ സൂര്യാസ്തമയം കാണാന്‍ ഇതിലും നല്ലൊരു ഇടം വേറെയില്ല…അമ്പലവയല്‍-കാരാപ്പുഴ റോഡില്‍ നിന്ന് വലത്തോട്ട് തിരിഞ്ഞു പോവുന്ന ചെറിയ വഴി നമ്മളെ ഇവിടേക്ക് നയിക്കും.കടുവാക്കുഴിക്ക് ഏകദേശം 200 മീ. അടുത്തായി വാഹനം വന്നെത്തുന്ന വഴി അവസാനിക്കും. അവിടെ നിന്നു മലയുടെ ചുവട്ടിലൂടെ നടന്ന് കടുവാക്കുഴിയിലെത്താം….

പാറകളുടെ ഇടയിലെ ഒരു വിടവ് ആയേ പുറമെ നിന്ന് തോന്നൂ. വെളിച്ചവും കയറും ഉള്‍പ്പെടെയുള്ള സുരക്ഷാ സന്നാഹങ്ങളോടെ പരിചയസമ്പന്നരായ ആളുകള്‍ക്കൊപ്പം മാത്രം കുഴിയിലേക്ക് ഇറങ്ങാം.അപകട സാധ്യത വളരെ കൂടുതലുണ്ട…അതിനാല്‍ തന്നെ സുരക്ഷ സ്വയം ഉറപ്പു വരുത്താന്‍ പ്രത്യേകം ശ്രദ്ധിക്കുക. കുഴിയുടെ ആഴം ഏറെയുണ്ട്. തിരികെ വന്ന് മലകയറാം….

ഒട്ടും ആയാസമില്ലാതെ കയറാവുന്ന വിധത്തിലാണ് ഇവിടം. ഇവിടെ നിന്ന് നോക്കിയാല്‍ കാരാപ്പുഴ ജലാശയത്തിന്റെ ആകാശക്കാഴ്ച കാണാം. അകലെയായി തലയുയര്‍ത്തി നില്‍ക്കുന്ന മണിക്കുന്നുമലയും, ചെമ്പ്രയും, അമ്പുകുത്തിയും കാണാം…

ചുരുങ്ങിയ സമയം കൊണ്ട് ഒരു ചെറിയ ട്രക്കിങ് നടത്താന്‍ ഉചിതമാണ് കടുവാക്കുഴി.

ഹനുമാന്‍മല

അമ്പുകുത്തി മല തന്നെയാണ് ഹനുമാന്‍ മലയും,വയനാട്ടിലെ പാറക്കൂട്ടങ്ങളില്‍ ഏറ്റവും ഉയരവും ഇതിനായിരിക്കണം. ഈ പാറയോട് ചേര്‍ന്ന് ഒരു ഹനുമാന്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നുണ്ട് അതുകൊണ്ടാവണം ഇതിന് ഹനുമാന്‍ മല എന്ന പേര് വന്നത്,വയനാട്ടിലെ മറ്റൊരു മികച്ച വ്യൂ പോയിന്റ് ആണ് ഇത്.ഒരു പ്രദേശം മുഴുവനും നീണ്ട് കിടക്കുന്ന വലിയൊരു പാറ സമുച്ചയം ആണിത്.എടക്കല്‍ ഗുഹ വരുന്നത് ഈ പാറ കൂട്ടത്തിലാണ്, അതുകൊണ്ട് തന്നെ ഇവിടേക്ക് ട്രെക്കിങ്ങ് പരിമിതമാണ്.മഴക്കാലമായാല്‍ ഇവിടെ സാദാ സമയം കോട മൂടി കിടക്കും.മനോഹരമായ വ്യൂ ആണ് ഇതിന്റെ മുകളില്‍ നിന്നും നോക്കിയാല്‍.വയനാട്ടില്‍ ട്രെക്കിങ്ങ് ചെയ്യാന്‍ ഏറ്റവും നല്ലൊരു ചോയ്‌സ് ആണ് ഹനുമാന്‍ മല.

അമ്പലവയലില്‍ നിന്നും എടക്കല്‍ ഗുഹ വഴി 6km ആണ് ഇവിടേക്കുള്ള ദൂരം, പൊന്മുടിക്കോട്ട അമ്പലത്തിലേക്കുള്ള വഴിയാണ് പോകേണ്ടത് ..വഴി കുറച്ച ഓഫ് റോഡണ്.

ആറാട്ടുപാറ

കാഴ്ചകളുടെ ആറാട്ടിലേക്കാണ് ‘ആറാട്ടുപാറ’ വിളിക്കുന്നത്. കന്മദം കിനിയുന്ന പാറക്കൂട്ടം. ചുരംകേറി വയനാട്ടിലെത്തുന്ന സഞ്ചാരികള്‍ക്ക് പുതിയ കാഴ്ചകളുടെ ലോകമാണിത്. നൂറ്റാണ്ടുകള്‍കൊണ്ട് പാറക്കൂട്ടങ്ങളില്‍ സംഭവിച്ച പരിണാമമാണ് ഈ വിസ്മയം….സൂര്യോദയം കാണാന്‍ വയനാട്ടില്‍ ഒരുപാട് സ്‌പോട്ടുകള്‍ ഉണ്ട് അതില്‍ ആരും അറിയപ്പെടാത്ത ഒരു സ്‌പോട്ടാണ് ആറാട്ടുപാറ …പേരുകൊണ്ട് പ്രശതമായിക്കൊണ്ടിരിക്കുന്ന ഫാന്റം റോക്കിന്റെ തൊട്ടടുത്താണ് ഈ പാറ ഒരുപാട് കാണാനും അറിയാനുമുണ്ടിവിടെ .

കമാന ആകൃതിയിലുള്ള വലിയ പാറക്ക് മുകളില്‍ മകുടപ്പാറ, പാറപ്പാലം, പക്ഷിപ്പാറ, മുനിയറകള്‍, ഗുഹകള്‍ ഇങ്ങനെ നീളുന്നു കാഴ്ചകള്‍. താഴെനിന്നും ആയാസം കൂടാതെ പാറയുടെ മുകളിലെത്താം….ഇവിടെ നിന്നാല്‍ അമ്പുകുത്തിമലയും കാരപ്പുഴ ഡാമും ഫാന്റം റോക്കുമെല്ലാം കണ്‍മുന്നില്‍ തെളിയും.മനംമയക്കുന്ന കാഴ്ചകളാണ് പ്രകൃതി കാത്തുവച്ചിരിക്കുന്നത്….

കല്‍പ്പറ്റ-ബത്തേരി റൂട്ടില്‍ 12 കിലോമീറ്റര്‍ സഞ്ചരിച്ച് മീനങ്ങാടി 54ല്‍ എത്തി ഇവിടെനിന്ന് അമ്പലവയല്‍ റൂട്ടില്‍ നാലുകിലോമീറ്റര്‍ പോയാല്‍ കുമ്പളേരിയിലെ ആറാട്ടുപാറയിലെത്താം..

അരണമല

വയനാട്ടിലെ ആരും കാണാതെ പോകുന്ന മറ്റൊരു സുന്ദരിയാണ് അരണമല,മലയേക്കാള്‍ സുന്ദരം പോകുന്ന വഴിയാണ് ഒരു ഒന്നൊന്നര ഓഫ്റോഡ് വഴി.കാടും എസ്റ്റേറ്റും കുണ്ടും കുഴിയും ചെളിയുമൊക്കെ ആയിട്ട് ….ഏകദേശം 4km ഓഫ്റോഡ് ഉണ്ട്, വന്യജീവികള്‍ക്ക് കുറവൊന്നുമില്ല എപ്പോള്‍ വേണേലും മുമ്പില്‍ വരാം.പച്ച പുതച്ച മലനിരകളാണ് ചുറ്റും.

റൈഡ് കഴിയുന്നത് മലയുടെ തൊട്ട് ചോട്ടിലാണ് ….അവിടുന്ന് തന്നെയാണ് ട്രെക്കിങ്ങ് ചെയ്യേണ്ടതും,ട്രെക്കിങ്ങ് വളരെ സിമ്പിള്‍ ആണ് …ഒരുപാട് ഉയരം ഒന്നും ഇല്ലാത്ത കൊണ്ടാണ് , എന്ന് വെച്ച കുറച്ചൊന്നും കാണണ്ട മനോഹരമാണിവിടം …കാടിന്റെ ഒത്ത നടുക്കണി മല, അടുത്തുള്ള വെള്ള ചാട്ടത്തിന്റെ വലിയ ഇരമ്പല്‍ കേള്‍ക്കാം …ചുറ്റും വന്യതയാണ് …മുന്നില്‍ കാണുന്നത് ചെമ്ബരമലയുടെ ഒരു ഭാഗമാണ് …പ്രകൃതിയാണ് മുഴുവനും മലയും മരങ്ങളും കാടും ….ഇവിടുന്ന് തൊട്ടടുത്താണ് 900 കണ്ടിയും ,ചെമ്പ്ര മലയും …വയനാട്ടില്‍ ഓഫ്റോഡ് ചെയ്യാന്‍ ഇതിലും നല്ല ഓപ്ഷന്‍ വേറെയില്ല.

മേപ്പടിയില്‍ നിന്നും 8km പോയാല്‍ ഇവിടേക്കുള്ള വഴി സ്റ്റാര്‍ട്ട് ചെയ്യും ഇവിടെ നിന്ന് 4km ഉള്ളിലേക്ക് ഓഫ്റോഡ് ആണ്.മഴക്കാലം കഴിയുന്ന സമായാണ് ഇവിടം കൂടുതല്‍ സുന്ദരം.

വയനാട് ചുരം

ചുരം കേറി വായനാട്ടിലേക്ക് വരുന്നവരെ ആദ്യം ആകര്‍ഷിക്കുന്നതും അതിശയിപ്പിക്കുന്നതും ഈ ചുരമാണ് ….ഓരോ യാത്രികനും യാത്ര ചെയ്യാന്‍ ഇഷ്ടപെടുന്ന വഴിയാണ് വയനാട് ചുരം …കോട മഞ്ഞ് പാറി പറന്നു നടക്കുന്ന മലനിരകളും കോഴിക്കോടിന്റെ ആകാശ കാഴ്ചകളും പച്ച പുതച്ച വഴിയും ….ഏതൊരാളുടെയും മനം നിറയ്ക്കും. മഴക്കാലത്താണ് ചുരം കൂടുതല്‍ സുന്ദരിയാവുന്നത്.

താമരശ്ശേരിക്കടുത്ത് അടിവാരത്തുനിന്ന് തുടങ്ങുന്ന 12 കിലോമീറ്ററോളം ദൈര്‍ഘ്യമുള്ള ഈ വഴിയില്‍ ഒമ്പത് ഹെയര്‍പിന്‍ വളവുകള്‍ ഉണ്ട്. ഈ പാത അവസാനിക്കുന്ന വയനാട് ജില്ലയിലെ ലക്കിടിയില്‍ എത്തുമ്പോഴെക്ക് സമുദ്ര നിരപ്പില്‍ നിന്ന് ഏകദേശം 700 മീറ്റര്‍ മുകളില്‍ എത്തും. പാതയ്ക്ക് ഇരുവശങ്ങളിലും ഉള്ള ഇടതൂര്‍ന്ന വനം വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നു. കുതിരസവാരി ചെയ്ത് വയനാട്ടിലെത്താന്‍ പാകത്തില്‍ നിര്‍മിച്ച ഈ പാത പില്‍കാലത്തു വാഹനഗതാഗതത്തിനുള്ള പാതയായി
മാറുകയായിരുന്നു.

ബ്രിട്ടീഷുകാരാണ് താമരശ്ശേരി ചുരം പാത നിര്‍മ്മിച്ചത്. ബ്രിട്ടീഷ് എഞ്ചിനീയര്‍ക്ക് ഈ വഴി കാണിച്ച് കൊടുത്തത് തദ്ദേശീയരായ ആദിവാസികളായിരുന്നു. വഴി കാണിച്ചു കൊടുത്ത കരിന്തണ്ടന്‍ എന്ന ആദിവാസിയെ ഈ കണ്ടുപിടിത്തത്തിന്റെ ഖ്യാതി സ്വന്തമാക്കുവാനായി ബ്രിട്ടീഷ് എഞ്ചിനീയര്‍ കൊന്നു കളഞ്ഞു എന്നു പറയപ്പെടുന്നു. ഈ ആദിവാസിയുടെ ആത്മാവിനെ ബന്ധിച്ചിരിക്കുന്നു എന്നു വിശ്വസിക്കപ്പെടുന്ന ചങ്ങല മരം വയനാട്ടിലെ ലക്കിടിയില്‍ സ്ഥിതി ചെയ്യുന്നു.