കേരളമെന്ന ആശ്ചര്യം ആരും കാണാതെ പോകരുത്: ലോക പ്രശസ്ത ബ്ലോഗര്‍മാര്‍
പ്രകൃതി ഭംഗിയും സാംസ്കാരിക വൈവിധ്യവും സമ്മേളിക്കുന്ന കേരളം അവിസ്മരണീയ അനുഭവങ്ങളാണ് പ്രദാനം ചെയ്യുന്നതെന്ന് ലോകപ്രശസ്ത ബ്ലോഗര്‍മാര്‍. സംസ്ഥാന വിനോദസഞ്ചാര വകുപ്പും മേഖലയിലെ പങ്കാളികളും സംയുക്തമായി സംഘടിപ്പിച്ച കേരള ബ്ലോഗ് എക്സ്പ്രസിലെ 26 ബ്ലോഗര്‍മാരാണ് ഒരേ സ്വരത്തില്‍ കേരളത്തെ പ്രകീര്‍ത്തിച്ചത്.
മാര്‍ച്ച് 21 ന് കൊച്ചിയില്‍ ആരംഭിച്ച കേരള ബ്ലോഗ് എക്സ്പ്രസിന്റെ ആറാം പതിപ്പിന്റെ ഭാഗമായി ഇരുപത്തിയൊന്നു രാജ്യങ്ങളില്‍ നിന്നെത്തിയ 26 ബ്ലോഗര്‍മാര്‍ കേരളത്തിലുടനീളം രണ്ടാഴ്ചത്തെ യാത്ര നടത്തി. ബ്ലോഗര്‍മാരുടെ നേരിട്ടുള്ള അനുഭവങ്ങളിലൂടെ കേരളത്തിലെ തനതു വിനോദസഞ്ചാര വിഭവങ്ങളെക്കുറിച്ച് ആഗോള ശ്രദ്ധ നേടിയെടുക്കുന്നതിന് ലക്ഷ്യമിട്ട യാത്ര വെള്ളിയാഴ്ച കോവളത്ത് സമാപിച്ചു.
വിനോദസഞ്ചാരികള്‍ ഒരിക്കലും ഒഴിവാക്കാന്‍ പാടില്ലാത്ത സ്ഥലമാണ് കേരളമെന്ന് ഹോട്ടല്‍ ലീല റാവിസില്‍ നടന്ന സമാപന ചടങ്ങില്‍ ഈ ബ്ലോഗര്‍മാര്‍ അഭിപ്രായപ്പെട്ടു.
ജീവിതത്തില്‍ എന്നും ഓര്‍മ്മിക്കാനുള്ള അനുഭവങ്ങളാണ് ഈ യാത്രയിലൂടെ തനിക്കു ലഭിച്ചതെന്ന് ജമൈക്കയില്‍ നിന്നുള്ള ഷീയ പവല്‍ പറഞ്ഞു. തന്റെ ബ്ലോഗിലൂടെ കേരളത്തിലെ വ്യത്യസ്തമായ സമ്പൂര്‍ണ അനുഭവം ലോകത്തോട് പറയും. സുഗന്ധ വ്യഞ്ജന സമ്പുഷ്ടമായ ഭക്ഷണത്തിന്റെ വ്യത്യസ്ത രുചിയാല്‍ ആകൃഷ്ടയായ അവര്‍ ലോകത്തില്‍ താന്‍ കണ്ടിട്ടുള്ളതില്‍ വച്ച് മികച്ച ഇടം ആലപ്പുഴയാണെന്ന് കൂട്ടിച്ചേര്‍ത്തു.
കേരളത്തിന്റെ പ്രശാന്ത സൗന്ദര്യവും സൗഹൃദമുള്ള ജനങ്ങളുമാണ് തന്നെ സ്വാധീനിച്ചതെന്ന് അമേരിക്കയിലെ ബ്ലോഗറും വീഡിയോ പ്രൊഡ്യൂസറുമായ അലക്സ് ഷാക്കോണ് വ്യക്തമാക്കി. കേരളം തനിക്കു സമ്മാനിച്ച അനുഭവങ്ങളും വീഡിയോയും ഫോട്ടോഗ്രാഫുകളും തന്റെ ബ്ലോഗായ www. conquertheworld.com – ല്‍ പങ്കുവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരള ബ്ലോഗ് എക്സ്പ്രസിന്റെ ആറാം പതിപ്പ് കേരളത്തെക്കുറിച്ച് ലോകത്തെല്ലായിടത്തും ആവേശം പകരുമെന്ന് പ്രതിനിധികള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് പറഞ്ഞു. യാത്ര അവിസ്മരണീയ അനുഭവങ്ങള്‍ സമ്മാനിച്ചതായാണ് ബ്ലോഗര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നത്. 21 രാജ്യങ്ങളിലെ 26 ബ്ലോഗര്‍മാരുടെ കുറിപ്പുകളും ചിത്രങ്ങളും കേരള ടൂറിസം നടത്തുന്ന ഹ്യൂമന്‍ ബൈ നാച്വര്‍ എന്ന പ്രചരണത്തെ മുന്നോട്ട് നയിക്കുന്നതിന് ഊര്‍ജം പകരുമെന്നും അവര്‍ വ്യക്തമാക്കി.
ലാറ്റിനമേരിക്കയില്‍ നിന്നും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും ഇപ്രാവശ്യം ബ്ലോഗര്‍മാരെ എത്തിക്കാനായത് കേരളത്തെക്കുറിച്ച് ആഗോള താല്പര്യം സൃഷ്ടിക്കുന്നതിന് സഹായകമാകുമെന്ന് ടൂറിസം ഡയറക്ടര്‍ ശ്രീ പി ബാലകിരണ്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റേയും ടൂറിസം വ്യവസായത്തിന്റെയും സംയുക്ത സംരംഭമായ ഈ യാത്രയില്‍ അണിചേര്‍ന്നവരെല്ലാം കേരളത്തിന്റെ വക്താക്കളായി മാറുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
സന്ദര്‍ശിച്ച സ്ഥലങ്ങളിലെല്ലാം സ്നേഹപൂര്‍വം പുഞ്ചിരിക്കുന്നവരെയാണ് കാണാന്‍ കഴിഞ്ഞതെന്ന് യാത്രയ്ക്കിടെ കേരളത്തെക്കുറിച്ചുള്ള മികച്ച വീഡിയോ പോസ്റ്റ് ചെയ്തതിന് കേരള ടൂറിസത്തിന്റെ സമ്മാനം നേടിയ കെനിയയില്‍ നിന്നുള്ള ഫര്‍ഹാന ഓബേര്സണ് പറഞ്ഞു.
ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍നിന്ന് ശക്തമായ പ്രാതിനിധ്യമുണ്ടായിരുന്ന കേരള ബ്ലോഗ് എക്സ്പ്രസിലെ 26 ബ്ലോഗര്‍മാരില്‍ 16 പേരും വനിതകളായിരുന്നു. കേരളത്തിന്റെ വശ്യത ഒപ്പിയെടുക്കുന്ന ആഗോള പ്രചരണമായ ‘ഹ്യൂമന്‍ ബെ നേച്ചറി’ന്റെ ഭാഗമായായിരുന്നു ഈ സംരംഭം. അന്‍പതിലധികം രാജ്യങ്ങളില്‍ നിന്നു ലഭിച്ച 7,000 എന്‍ട്രികളില്‍ നിന്നാണ് ബ്ലോഗര്‍മാരെ തിരഞ്ഞെടുത്തത്.
അറുപതോളം രാജ്യങ്ങളില്‍ മോട്ടോര്‍സൈക്കിളില്‍ രണ്ടു ലക്ഷം കിലോമീറ്റര്‍ താണ്ടിയ പ്രശസ്തനായ അമേരിക്കന്‍ ബ്ലോഗര്‍ അലക്സ് ഷാക്കോണും ഫെയ്സ് ബുക്കില്‍ ഒരു ലക്ഷത്തിലേറെ പേര് പിന്തുടരുന്ന ലണ്ടനില്‍ നിന്നുള്ള അലക്സ് ഓത്വയിറ്റും ഇതില്‍ ഉള്‍പ്പെടുന്നു. അലക്സിന് യൂട്യൂബില്‍ രണ്ടുലക്ഷം ഫോളോവര്‍മാരുണ്ട്. സഞ്ചാരികള്‍ക്കുവേണ്ടി സ്പാനിഷില്‍ ആദ്യ വെബ്സൈറ്റ് ആരംഭിച്ച വ്യക്തിയാണ് പെറുവില്‍നിന്നുള്ള നെല്‍സണ്‍ മോഷിലേറോ. ഇദ്ദേഹത്തിന് ഫെയ്സ്ബുക്കില്‍ ആറുലക്ഷത്തിലേറെ ഫോളോവര്‍മാരുണ്ട്.
ബ്ലോഗര്‍മാര്‍ക്ക് അനുഭവങ്ങള്കുറിക്കുന്നതിനും പോസ്റ്റ് ചെയ്യുന്നതിനുമുള്ള അത്യാധുനിക സജ്ജീകരണങ്ങള്‍ യാത്രയിലുടനീളം ഒരുക്കിയിരുന്നു. സാഹസിക- ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍, സംസ്കാരം, ശാസ്ത്രീയ കലാരൂപങ്ങള്‍, ഭക്ഷ്യവിഭവങ്ങള്‍ എന്നിവയിലധിഷ്ഠിതമായ അനുഭവങ്ങളാണ് ബ്ലോഗര്‍മാര്‍ക്കായി ഒരുക്കിയിരുന്നതെന്ന് സംഘാടകര്‍ വ്യക്തമാക്കി. കെടിഎം സൊസൈറ്റി പ്രസിഡന്റ് ബേബി മാത്യു സോമതീരവും ചടങ്ങില്‍ പങ്കെടുത്തു.
കേരള ബ്ലോഗ് എകസ്പ്രസിലെ എല്ലാ പതിപ്പുകളിലേയും പ്രതിനിധികളെ സംയോജിപ്പിച്ചാല്‍ കേരള ടൂറിസത്തിന് നൂറിലേറെ വക്താക്കളാണുള്ളത്. രാജ്യത്തെ ടൂറിസം വകുപ്പുകളില്‍ മികച്ചതാണ് കേരള ടൂറിസത്തിന്റെ ഔദ്യോഗിക ഫെയ്സ് ബുക്ക് പേജായ https://www.facebook.com/keralatourismofficial/–. ട്വിറ്ററിലും ഇന്‍സ്റ്റാഗ്രാമിലും കേരളാ ടൂറിസത്തിന് ശക്തമായ സാന്നിധ്യമുണ്ട്.