Asia

അടുത്ത യാത്ര ചൈനയിലേക്കോ? അറിയാം വിസ നടപടികളെക്കുറിച്ച്

ചൈനയുടെ ചരിത്ര സ്മാരകങ്ങളായ ചൈന വന്‍മതില്‍, ടിയനന്‍മെന്‍ സ്‌ക്വയര്‍, എന്നിവ കാണാതെ ചൈന കണ്ടു എന്നു പറയാനാകില്ല. അതിനാല്‍ ചൈന യാത്ര ലക്ഷ്യമിടുമ്പോള്‍ തലസ്ഥാന നഗരിയായ ബെയ്ജിങ്ങിന് തന്നെയാണ് പ്രധാനം.

മധ്യ ബെയ്ജിങ്ങിലെ ഫോര്‍ബിഡന്‍ സിറ്റി ടിയനന്‍മെന്‍ സ്‌ക്വയര്‍, ജിങ്ഷാന്‍ പാര്‍ക്ക്, ടെംബിള്‍ ഓഫ് ഹെവന്‍, സമ്മര്‍ പാലസ്, നാന്‍ലോഗ് സിയാങ്, എന്നിവ കാണാം.

ഇംപീരിയല്‍ കാലം മുതല്‍ക്കുള്ള ഇവിടുത്തെ പ്രത്യേക ഭക്ഷണമാണ് പെക്കിങ് ഡക്ക്. ബെയ്ജിങ്ങിലെത്തിയാല്‍ ഇത് കഴിക്കാന്‍ മറക്കരുത്. അഞ്ച് രാത്രിയും ആറ് പകലും ഉണ്ടെങ്കില്‍ ബെയ്ജിങ്ങിനൊപ്പം ഷാങ്ഹായ് കൂടി ചേര്‍ക്കാം. ബുള്ളറ്റ് ട്രെയിനില്‍ ഷാങ്ഹായ്‌ലേക്കുള്ള യാത്ര രസകരമാണ്. സിയാങ്, ജുസൈഗോ, ഹോങ് ലോങ്, സോങ് പാങ് എന്നിവയും കാണേണ്ട സ്ഥലങ്ങളാണ്.

ചില സ്ഥലങ്ങള്‍ അങ്ങനെയാണ് എത്ര കണ്ടാലും മതിവരില്ല. മറ്റുചില സ്ഥലങ്ങള്‍ സ്വപ്നത്തെ തോല്‍പ്പിക്കും സൗന്ദര്യം സമ്മാനിക്കും. അലങ്കാരത്തിന് ഭൂമിയിലെ സ്വര്‍ഗമെന്ന് നമ്മള്‍ പല സ്ഥലങ്ങളെയും വിശേഷിപ്പിക്കാറുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ ഭൂമിയിലെ സ്വര്‍ഗമേതെന്ന് ചോദിച്ചാല്‍ ടിയാന്‍മെന്‍ എന്ന് അവിടം സന്ദര്‍ശിച്ചവര്‍ പറയും. സൗന്ദര്യത്തിലും മഹിമയിലും പേരുകേട്ട ഈ സ്ഥലം ചൈനയിലെ ഷ്വാങ്ജാജി (Zhangjiajie) നഗരത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ്.

പ്രകൃതിയുടെ ആത്മാവായി കണക്കാക്കുന്ന ഈ സ്ഥലത്ത് നാല് മഹാത്ഭുതങ്ങള്‍ കൂടിയുണ്ട്. ടിയന്‍മാന്‍ മൗണ്ടന്‍ കേബിള്‍ വേ, ടോഗ്റ്റിയന്‍ അവന്യൂ (Tongtian Avenue), ടിയാന്‍മെന്‍ ഗുഹ, മൗണ്ടന്‍ പ്ലേറ്റൗ വിര്‍ജിന്‍ ഫോറസ്റ്റ് (Mountain Plateau Virgin Forest) എന്നിവയാണത്. ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയാണ് ടിയന്‍മെന്‍ പര്‍വ്വതത്തിലേക്ക് യാത്ര ചെയ്യാന്‍ മികച്ച സമയം. ഈ സമയത്ത് ചൂട് വളരെ കുറവാണ്. തണുപ്പ് അത്ര കൂടുതലുമല്ല. മലനിരകളിലെ മഞ്ഞുകാണുന്നതും, മഞ്ഞിന്റെ ചിത്രങ്ങള്‍ പകര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മാസങ്ങളാണ് ഉചിതം. എന്നാല്‍ തണുപ്പ് നേരിടാനുള്ള വസ്ത്രങ്ങള്‍ കരുതണമെന്ന് മാത്രം.

സിംഗിള്‍ എന്‍ട്രി ടൂറിസ്റ്റ് വീസ ആണ് ചൈന സന്ദര്‍ശിക്കുന്നതിനായി ലഭിക്കുക. അതായത് കാലാവധിക്കുളളിലാണെങ്കിലും ചൈനയില്‍ നിന്നു പുറത്ത് കടന്നാല്‍ തിരികെ കയറാന്‍ അനുവാദമില്ലാത്ത വീസ. ആറു മാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റ്, പാസ്‌പോര്‍ട്ട് ജോലി ചെയ്യുന്ന കമ്പനിയില്‍ നിന്നുള്ള എന്‍ഒസി എന്നിവയടക്കമുള്ള അവശ്യ രേഖകള്‍ ഡല്‍ഹിയിലെ ചൈന കോണ്‍സുലേറ്റ്/എംബസിയിലേക്ക് അയച്ചു കൊടുത്ത് അപേക്ഷിക്കണം. പത്ത് ദിവസത്തിനുള്ളില്‍ ഡോക്യുമെന്റുകളും വീസയും കൊറിയര്‍ സര്‍വീസ് വഴി ലഭിക്കും. ഒരാള്‍ക്ക് ഒന്നര ലക്ഷം രൂപ അക്കൗണ്ടില്‍ ബാലന്‍സ് ഉണ്ടാകണം.

എങ്ങനെ എത്താം

ശ്രീലങ്കന്‍ എയര്‍ ലൈന്‍സ് കൊളംബോ വഴിയും സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനങ്ങള്‍ സിംഗപ്പൂര്‍ വഴിയും ചൈനയിലെത്തും. എയര്‍ ഏഷ്യയുടെ വിമാനങ്ങള്‍ ക്വാലലംപുര്‍ വഴി ആയിരിക്കും. മൂന്ന് രാത്രി നാല് പകല്‍ കൊണ്ട് ബെയ്ജിങ് സന്ദര്‍ശിക്കാന്‍ ഒരാള്‍ക്ക് 68,000 രൂപ ചെലവ് വരും. ചൈനീസ് യുവന്‍ റെന്‍മിന്‍ബി ആണ് കറന്‍സി. യുഎസ് ഡോളര്‍ സ്വീകരിക്കും.