പ്രകൃതിയോടൊപ്പം കൂട്ടുകൂടാന്‍ കൊച്ചിയില്‍ നിന്ന് പോകാവുന്ന നാലിടങ്ങള്‍
വേറിട്ട 4 ഇടങ്ങള്‍. പോകുന്ന വഴി ആസ്വദിക്കാം. ലക്ഷ്യസ്ഥാനം അതിനേക്കാള്‍ രസകരം. പതിവു ലക്ഷ്യസ്ഥാനങ്ങളേക്കാള്‍ വ്യത്യസ്തമായ ഇടങ്ങളാണു പരിചയപ്പെടുത്തുന്നത്.
ചുമ്മാ അടിച്ചുപൊളിക്കൂട്ടങ്ങള്‍ക്കുള്ള കേന്ദ്രങ്ങളല്ല ഇവ. ഈ സ്ഥലങ്ങളിലേക്കു പോകുംവഴി അടിച്ചുപൊളി കേന്ദ്രങ്ങളും സന്ദര്‍ശിക്കാമെന്നു മാത്രം. സാധാരണ മലയാളി വിനോദ സഞ്ചാരികള്‍ നോട്ടമിടുന്ന സ്ഥലങ്ങള്‍ പ്രത്യേകം പരിചയപ്പെടുത്തേണ്ട കാര്യമില്ലല്ലോ.
ഇതു ലക്ഷ്യസ്ഥാനത്തിന്റെ തനിമകൊണ്ടും പ്രകൃതിയുമായുള്ള ഇണക്കംകൊണ്ടും സഞ്ചാരികള്‍ക്കു സ്വാസ്ഥ്യം സമ്മാനിക്കുന്ന ഇടങ്ങള്‍. താമസം ആഡംബരപൂര്‍ണമാകണം എന്നില്ല. ആധുനിക സൗകര്യങ്ങളും ഉണ്ടാകില്ല. നാലോ അഞ്ചോ രാത്രി തങ്ങാനുള്ള വകുപ്പുമില്ല. പക്ഷേ, ഒന്നോ രണ്ടോ രാത്രി പ്രകൃതിയുമായി രമിച്ച്, സ്വസ്ഥമായിരിക്കാം, നടക്കാം, കാഴ്ചകള്‍ കാണാം, അനുഭവിക്കാം.
ബനവാസി
കാട് അതിരിട്ടുനില്‍ക്കുന്ന ഗ്രാമങ്ങള്‍. അതിനു നടുവിലാണു പുരാതന നഗരമായ ബനവാസി. 3 വശത്തുകൂടിയും വരദ നദി ഒഴുകുന്നു. നെല്ലും ഗോതമ്പും കരിമ്പും മുതല്‍ പൈനാപ്പിളും സുഗന്ധവ്യഞ്ജനങ്ങളുംവരെ വിളയുന്ന ഫലപുഷ്ടിയുള്ള മണ്ണ്. കലയും സംഗീതവും നിറഞ്ഞ അന്തരീക്ഷം. എട്ടാം നൂറ്റാണ്ടില്‍ നിര്‍മിച്ച ശിവപ്രതിഷ്ഠയുള്ള മധുകേശ്വര ക്ഷേത്രമാണു മുഖ്യ ആകര്‍ഷണം, ക്ഷേത്രത്തിലെ നാഗശില്‍പങ്ങളും.
കദംബ രാജവംശത്തിന്റെ തലസ്ഥാനമായിരുന്നു.ഇപ്പോള്‍ ഉത്തര കന്നട ജില്ലയിലെ സിര്‍സി താലൂക്കിലാണ്. സ്വസ്ഥത ആഗ്രഹിക്കുന്നെങ്കില്‍ ബനവാസിയിലേക്കു പോകാം. ജനസംഖ്യ 6000ല്‍ താഴെ മാത്രം. താമരക്കുളങ്ങള്‍, തണല്‍ മരങ്ങള്‍, കുടമണി കിലുക്കിയോടുന്ന പശുക്കള്‍, വൃത്തിയുള്ള അന്തരീക്ഷം. ജീവിതം ഇവിടെ തിടുക്കപ്പെട്ട് ഓടുന്നില്ല. നല്ല സസ്യഭക്ഷണം കിട്ടും. ചെറിയ ഭക്ഷണശാലകളുണ്ട്. വന്‍ സംഘങ്ങളായി ബനവാസിയിലേക്കു പോകാതിരിക്കുന്നതാണു നല്ലത്.
ബനവാസി
കൊച്ചിയില്‍നിന്നു റോഡ് മാര്‍ഗം: 742 കിമീ (16 മണിക്കൂര്‍)
കോയമ്പത്തൂര്‍, മൈസൂരു, ശിവമൊഗ്ഗ വഴി പോകാം.
കണ്ണൂര്‍, മംഗലാപുരം, കുന്ദാപുര- ആഗുംബെ പാതവഴിയും ശിവമൊഗ്ഗയിലെത്താം.
ട്രെയിന്‍
ബെംഗളൂരുവില്‍നിന്ന് ഹവേരി (ആറര മണിക്കൂര്‍), ഹവേരിയില്‍നിന്ന് 70 കിമീ റോഡ് മാര്‍ഗം.
മംഗലാപുരത്തുനിന്നു കൊങ്കണ്‍ പാതയിലെ ഭട്കല്‍ ഇറങ്ങുക (രണ്ടര മണിക്കൂര്‍). അവിടെനിന്നു റോഡ് മാര്‍ഗം (മൂന്നര മണിക്കൂര്‍)
മംഗലാപുരത്തുന്നു കുമ്തയില്‍ ട്രെയിന്‍ ഇറങ്ങിയാല്‍, റോഡ് മാര്‍ഗം 2 മണിക്കൂര്‍ മതിയാകും.
താമസം
വനവാസിക ടൂറിസ്റ്റ് ലോഡ്ജ്. 11 മുറി. സൗകര്യങ്ങള്‍ പരിമിതം. മുറിയില്‍ ടെലിവിഷന്‍ ഇല്ല. സുഖകരമായ താമസം. ചില ഹോംസ്റ്റേകളുമുണ്ട്. ബനവാസിയില്‍നിന്നു കുറച്ചു മാറിയാണെന്നുമാത്രം.
സീഗിരിയ ശ്രീലങ്ക
660 അടി ഉയരത്തില്‍ കൂറ്റനൊരു പാറ. അതിനു മുകളിലൊരു കോട്ട. ആകാശക്കോട്ട. അതാണു സീഗിരിയ അഥവാ ലയണ്‍റോക്ക്. കാടിന്റെ പച്ചപ്പിനു നടുവില്‍ തലയുയര്‍ത്തിയ സിംഹം. വെട്ടിയൊതുക്കിയും ഒരുക്കിയും നിര്‍മിച്ചിട്ടുള്ള ഉദ്യാനങ്ങളില്‍ ലോകത്ത് ഏറ്റവും പഴക്കമുള്ളവ സീഗിരിയയിലാണ്. 3 തരം മനോഹര ഉദ്യാനങ്ങളുണ്ട്. ഈ പുരാതന നഗരം ഇപ്പോള്‍ യുനെസ്‌കോ പൈതൃകപട്ടികയിലാണ്.
കോട്ട മുകളില്‍ക്കയറി കാണുന്നതു തന്നെ മികച്ച അനുഭവമാണ്. കോട്ടയ്ക്കുതാഴെയുള്ള കാടിനുമപ്പുറം പുല്‍മേടുകളിലൂടെ ആനപ്പുറത്തു സഞ്ചരിച്ചു കോട്ടയുടെ വേറിട്ട ദൃശ്യങ്ങളും ആസ്വദിക്കാം. ലോകത്തെ 8-ാമത്തെ അല്‍ഭുതമെന്നാണു ലങ്കക്കാര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. കോട്ട കാണാന്‍ ടിക്കറ്റെടുക്കണം. ഓണ്‍ലൈനായി എടുക്കാം.
കൊളംബോ
കൊച്ചിയില്‍നിന്നു കൊളംബോയിലേക്കു ദിവസവും നേരിട്ടു വിമാനസര്‍വീസുണ്ട്. (1 മണിക്കൂര്‍ 10 മിനിറ്റ്). തിരുവനന്തപുരത്തുനിന്നാണെങ്കില്‍ യാത്രാസമയത്തിലും നിരക്കിലും കുറവുണ്ട്.
കൊളംബോയില്‍നിന്ന് സീരിഗയയിലെത്താന്‍ 2 വഴിയുണ്ട്. വിമാനത്തില്‍ 35 മിനിറ്റ്. കോട്ടയില്‍നിന്ന് 15 കിമീ അകലെയുള്ള ഹബര്‍ണയിലക്കു ട്രെയിനില്‍ പോകാം. (5 മണിക്കൂര്‍). കാറില്‍ 3 മണിക്കൂര്‍ മതിയാകും.
താമസം
സീഗിരിയ തടാക- വനമേഖലകളില്‍ ഒട്ടേറെ താമസ സൗകര്യങ്ങളുണ്ട്.
പാപികൊണ്ടലു
പാപി മലനിരകള്‍ക്കിടയിലൂടെ വളഞ്ഞുപുളഞ്ഞ് ഒഴുകുന്ന ഗോദാവരി. ജനവാസമില്ലാത്ത തീരങ്ങള്‍കണ്ടു ബോട്ടില്‍ പകല്‍ യാത്ര. വൈകിട്ട് വിശാലമായ മണല്‍പ്പരപ്പിലെ താല്‍ക്കാലിക ജെട്ടിയില്‍ ബോട്ട് അടുക്കും. അവിടെ ഇറങ്ങാം. മണല്‍പ്പരപ്പിലെ മുളംകുടിലുകളില്‍ ചേക്കേറാം. ഗോദാവരിക്കും മണല്‍പ്പരപ്പിനും അതിനു പിന്നിലെ മലനിരകളിലെ കാടിനുംമീതെ ഇരുട്ടുവീഴുന്നതു കണ്ടിരിക്കാം. പുഴയില്‍ കുളിക്കാം.
പാപികൊണ്ടലുവില്‍ സൂര്യാസ്തമയവും ഉദയവും മാത്രമല്ല, ശബ്ദഘോഷങ്ങളും വൈദ്യുതി വിളക്കുകളുടെ അതിപ്രസരവുമില്ലാത്ത രാത്രിയും ആസ്വദിക്കാം. തനി നാടന്‍ ഭക്ഷണം കഴിക്കാം. പിറ്റേന്നു പുതിയ സഞ്ചാരികളുമായി ബോട്ട് എത്തുമ്പോള്‍ പാപികൊണ്ടലുവിനോടു യാത്ര പറയാം. പക്ഷേ, ഗോദാവരിയോടു വിടപറയേണ്ടതില്ല. വീണ്ടും യാത്ര നദിയിലൂടെ തന്നെ.
ആന്ധ്രയിലെ രാജമന്‍ഡ്രിയില്‍നിന്നു രാവിലെ കാറില്‍ 30 കിമീ അകലെ പുരുഷോത്തപട്ടണത്തേക്ക്. അവിടെനിന്നു ബോട്ടില്‍. പ്രാതലും ഉച്ചഭക്ഷണവും ബോട്ടില്‍ തരും. യാത്രയ്ക്കിടെ ചില അമ്പലങ്ങള്‍ കാണാം. മൂന്നരയോടെ ക്യാംപ് വേദിയിലെത്തും. ചായ- പലഹാരം, അത്താഴം, 2-ാം ദിവസത്തെ പ്രാതല്‍, ഉച്ചഭക്ഷണം എന്നിവയെല്ലാം അവിടെ. നല്ല നാടന്‍ കോഴിക്കറിയും കിട്ടും. രാവിലെ കാട്ടിലൂടെ നടക്കാം. മൂന്നരയോടെ ബോട്ട് എത്തും. രാജമന്‍ഡ്രിയിലേക്കു മടക്കം.
രാജമന്‍ഡ്രി
കൊച്ചിയില്‍നിന്ന് ഹൈദരാബാദ് വഴിയോ ബെംഗളൂരു വഴിയോ വിമാനയാത്ര സാധ്യം (4 മുതല്‍ 7 മണിക്കൂര്‍വരെ)
റോഡ് മാര്‍ഗം 23 മണിക്കൂറെടുക്കും. 1238 കിമീ.
ട്രെയിന്‍: എറണാകുളം- ഹൗറ ചെന്നൈ എക്‌സ്പ്രസ്, ധന്‍ബാദ്, വിശാഖപട്ടണം ജംക്ഷന്‍ എക്‌സ്പ്രസ് തുടങ്ങിയ വണ്ടികളുണ്ട് (21 മണിക്കൂര്‍ മുതല്‍ 27 മണിക്കൂര്‍വരെ)
താമസം
രാജമന്‍ഡ്രിയില്‍ എത്തുന്ന ദിവസം പട്ടണത്തിലെ ഹോട്ടലുകളിലൊന്നില്‍ താമസിക്കാം. അവിടെനിന്നു ബോട്ട് വരെയുള്ള കാര്‍ യാത്രയും ബോട്ട് യാത്രയും ഹട്ടുകളിലെ താമസവും ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ഏര്‍പ്പാടാക്കും. പാപി മലനിരകളുടെ താഴ്വരയില്‍, പുഴയോരത്തെ മണല്‍പ്പരപ്പിലെ മുളംകുടിലുകളിലാണു രാത്രി താമസം.