പൈലറ്റുമാരുടെ സമരം നീട്ടിവച്ചു: ജെറ്റ് എയര്‍വേസ് വിമാനങ്ങള്‍ മുടങ്ങില്ല

ജെറ്റ് എയര്‍വേസ് പൈലറ്റുമാരുടെ സമരം നീട്ടിവച്ചു. രണ്ടാഴ്ചത്തേക്കാണ് സമരം നീട്ടിവച്ചത്. ഏപ്രില്‍ ഒന്ന് മുതല്‍ സര്‍വീസ് അവസാനിപ്പിച്ച് സമരം ചെയ്യുമെന്നായിരുന്നു നേരത്തെ പൈലറ്റുമാര്‍ പ്രഖ്യാപിച്ചിരുന്നത്.

പൈലറ്റുമാരുടെ സംഘടനയായ നാഷണല്‍ ഏവിയേറ്റേഴ്‌സ് ഗ്രില്‍ഡിന്റെ ഇന്നത്തെ യോഗത്തിലാണ് ശമ്പള കുടിശ്ശിക നല്‍കാന്‍ ജെറ്റ് എയര്‍വേസിന്റെ ഇടക്കാല മാനേജ്‌മെന്റിന് കൂടുതല്‍ സമയം നല്‍കാന്‍ തീരുമാനമെടുത്തത്. ഇതനുസരിച്ച് ഏപ്രില്‍ 14 വരെ സമരം പൈലറ്റുമാര്‍ നീട്ടിവയ്ക്കുകയായിരുന്നു.

ഡിസംബറിലെ ശമ്പളം പൈലറ്റുമാര്‍ക്ക് നല്‍കാന്‍ തയ്യാറാണെന്ന് വിമാനക്കമ്പനിയുടെ ഇപ്പോഴത്തെ ചുമതലക്കാരായ സ്റ്റേറ്റ് ബാങ്ക് നേതൃത്വം നല്‍കുന്ന കണ്‍സോഷ്യം അറിയിച്ചിരുന്നു. കുടിശ്ശിക മൊത്തം കൊടുത്തു തീര്‍ക്കാന്‍ കൂടുതല്‍ സമയം വേണമെന്നാണ് മനേജ്‌മെന്റിന്റെ നിലപാട്. പൈലറ്റുമാരുടെ പുതിയ തീരുമാനത്തെ കമ്പനി സ്വാഗതം ചെയ്തതായാണ് ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍. നാളെയും പൈലറ്റുമാര്‍ പതിവ് പോലെ ജോലിക്ക് ഹാജരാകുമെന്ന് പൈലറ്റുമാരുടെ സംഘടന അറിയിച്ചു.