ദുബൈയില്‍ ഖുര്‍ആന്‍ പാര്‍ക്ക് തുറന്നു
അല്‍ ഖവാനീജ് ഏരിയയില്‍ നിര്‍മിച്ച ഖുര്‍ആന്‍ പാര്‍ക്ക് തുറന്നു. ഖുര്‍ആനില്‍ പരാമര്‍ശിച്ച വിവിധ തരം പഴങ്ങളും പച്ചക്കറികളുമാണ് പാര്‍ക്കിനെ പുതുമയുള്ളതാക്കുന്നത്. ദുബൈ നഗരസഭയുടെ വേറിട്ട പദ്ധതിയാണിത്. എമിറേറ്റിന്റെ ഹരിതമേഖലകള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായുള്ള നൂതനസംരംഭം സ്വദേശികളെയും വിദേശികളെയും ഒരുപോലെ ആകര്‍ഷിക്കും വിധമാണ് നിര്‍മിച്ചത്.
പ്രകൃതിവിജ്ഞാന, വൈദ്യരംഗത്ത് ഖുര്‍ആന്‍ ഉദ്ഘോഷിച്ച കാര്യങ്ങള്‍ പാര്‍ക്കില്‍ ഉദ്പാദിപ്പിച്ചിട്ടുണ്ട്. ആധുനിക ചികിത്സാരംഗം പ്രകൃതിയെ ഫലപ്രദമായി പ്രയോജനപ്പെടുത്താനുള്ള അടിസ്ഥാനമെന്തെന്നു 64 ഹെക്ടറില്‍ പണിത പാര്‍ക്ക് സന്ദര്‍ശിക്കുന്നതിലൂടെ വ്യക്തമാകും. ഖുര്‍ആനുപുറമെ നബിചര്യയില്‍ പരാമര്‍ശിക്കപ്പെട്ട സസ്യങ്ങളും പാര്‍ക്കിലുണ്ട്. ഓരോ ചെടികളുടെയും ഭക്ഷ്യ, ചികിത്സാ ഗുണഫലങ്ങള്‍ തിരിച്ചറിയാന്‍ സാഹായിക്കുന്നതാകും സന്ദര്‍ശനം. സവിശേഷമായ സംസ്കൃതിയോടും പ്രകൃതിയോടും സമരസപ്പെട്ടു ജീവിക്കാനും ഇത്തരം സസ്യലദാതികള് കൃഷിചെയ്യാനും പ്രചോദിപ്പിക്കുക കൂടി പാര്‍ക്കിന്റെ ലക്ഷ്യമാണ്.
വിവിധ സംസ്കാരങ്ങളിലേക്ക് ആശയ, വൈദ്യ ഗവേഷണപരമായ ഒരു പാലമായിരിക്കും പാര്‍ക്ക്. വേദഗ്രന്ഥം വ്യക്തമാക്കിയ അപൂര്‍വ സസ്യങ്ങള്‍ ഒരു സ്ഫടികസദനത്തില്‍ ആണ്. 12വ്യത്യസ്ത തോട്ടങ്ങള്‍ ഒരു പാര്‍ക്കില്‍ ഒന്നിച്ചു കാണാമെന്നത് ഖുര്‍ആന്‍ പാര്‍ക്കിനെ ഇതര പാര്‍ക്കില്‍ നിന്നും വ്യത്യസ്തമാക്കുന്നു. വാഴത്തോട്ടം, ഒലീവ്, മാതളം, പഴം, തണ്ണിമത്തന്, അത്തി, മുന്തിരി, പലതരം ഉള്ളികള്‍, ഗോതമ്പ്, ഇഞ്ചി, കക്കരി ,പുളി തുടങ്ങി 51 തരം സസ്യങ്ങള്‍ പാര്‍ക്കില്‍ സുലഭമായി വിളയിക്കുന്നുണ്ട്. ഇതിനായി മാത്രം 12 ഉദ്യാനങ്ങളുണ്ട്.
സന്ദര്‍ശകര്‍ക്ക് വിശ്രമിക്കാന്‍ കുടകള്‍ക്ക് കീഴില്‍ ഇരിപ്പിടങ്ങള്‍, വൈഫൈ, മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ പ്രത്യേക സ്ഥലം, സൗരോര്‍ജ സംവിധാനം എന്നിവ പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്. അത്യാധുനിക രീതിയില്‍ നിര്‍മിച്ച ചില ഗുഹകളും ഈ ഉദ്യാനത്തെ ഒരു ഉല്ലാസ, പഠന കേന്ദ്രം കൂടിയാക്കി മാറ്റും. ഈ തുരങ്ക നിര്‍മാണത്തിന് ഒരു കോടി ദിര്‍ഹമാണ് ചെലവിട്ടത്. പാര്‍ക്കിനോട് അനുബന്ധിച്ച് വിശാലമായ പാര്‍ക്കിങ്ങും നിര്‍മിച്ചിട്ടുണ്ട്.
മൂന്നു ഘട്ടങ്ങളിലായാണ് പാര്‍ക്കിന്റെ നിര്‍മാണം പൂര്‍ത്തിയായത്. സന്ദര്‍ശകര്‍ക്ക് കൗതുകമുണര്‍ത്തുന്ന കാര്‍ഷിക വിളകളെ സംബന്ധിച്ച് അറബിക്കിലും ഇംഗ്ലീഷിലും വിശദീകരണമുള്ള ഫലകങ്ങളുമുണ്ട്. പാര്‍ക്കിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം ഇന്ന് സൗജന്യമാണെങ്കിലും, തുടര്‍ന്നുള്ള നിരക്ക് പത്ത് ദിര്‍ഹമില്‍ കൂടില്ലെന്ന് അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. 24 മണിക്കൂറും സന്ദര്‍ശകരെ സ്വീകരിക്കുന്ന ചെറുപാര്‍ക്കുകളും അനുബന്ധമായി നിര്‍മിച്ചിട്ടുണ്ട്. ഇവിടേക്ക് പ്രവേശനം സൗജന്യമായിരിക്കും.