Aviation

യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി ദുബൈ, അബുദാബി വിമാനത്താവളങ്ങള്‍

അടുത്ത ഏതാനും ദിവസങ്ങളില്‍ ദുബൈ, അബുദാബി അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ വഴി യാത്ര ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പുമായി വിമാന കമ്പനികള്‍. ഇന്നലെ മുതല്‍ അസാധാരണമായ തിരക്ക് അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നടപടി. യുഎഇയില്‍ സ്‌കൂളുകളുടെ അവധിയും മറ്റ് പൊതു അവധികളും അടുത്തുവരുന്നതോടെ യാത്രക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടായിട്ടുണ്ട്.

മാര്‍ച്ച് 29ന് ദുബൈ വിമാനത്താവളത്തില്‍ രണ്ട് ലക്ഷം യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നതെന്ന് എമിറേറ്റ്‌സ് പ്രസ്താവനയില്‍ അറിയിച്ചു. മാര്‍ച്ച് 31 മുതലാണ് യുഎഇയിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ലെങ്കിലും ഏപ്രില്‍ മൂന്നിന് യുഎഇയില്‍ ഇസ്‌റാഅ് മിഅ്‌റാജ് അവധി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നുണ്ട്. അബുദാബി എയര്‍പേര്‍ട്ടില്‍ വ്യാഴാഴ്ച മുതലുള്ള ദിവസങ്ങളില്‍ വലിയ തിരക്കനുഭവപ്പെടുകയാണെന്ന് ഇത്തിഹാദ് എയര്‍വേയ്‌സും അറിയിച്ചു. 29നാണ് എമിറേറ്റ്‌സ് വിമാനങ്ങളില്‍ ഏറ്റവുമധികം തിരക്കുള്ളത്. ഏപ്രില്‍ രണ്ട് വരെ തിരക്ക് തുടരും. ഇക്കാലയളവില്‍ എമിറേറ്റ്‌സിന് മാത്രം 1.6 ലക്ഷം യാത്രക്കാരുണ്ടെന്ന് കമ്പനി അറിയിച്ചു.

യാത്രക്കാരുടെ തിരക്ക് മൂലമുള്ള അസൗകര്യങ്ങള്‍ ഒഴിവാക്കാന്‍ വിമാനം പുറപ്പെടുന്ന സമയത്തിന് മൂന്ന് മണിക്കൂര്‍ മുന്‍പെങ്കിലും വിമാനത്താവളത്തിലെത്തണം. നേരത്തെ ചെക് ഇന്‍ ചെയ്യാനുള്ള മറ്റ് സൗകര്യങ്ങളും പ്രയോജനപ്പെടുത്താം. വിമാനത്താവളത്തിലേക്കുള്ള റോഡുകളില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ വിമാനത്താവളത്തിലേക്ക് വരുന്നവര്‍ നേരത്തെയിറങ്ങാന്‍ ശ്രദ്ധിക്കണം.