Kerala

ആശ്രാമം അഡ്വഞ്ചര്‍ പാര്‍ക്കില്‍ ജലവിനോദങ്ങള്‍ ആരംഭിച്ചു

അവധിക്കാലം ആഘോഷമാക്കാന്‍ ആശ്രാമം അഡ്വഞ്ചര്‍ പാര്‍ക്കില്‍ പുതിയ ജലവിനോദങ്ങള്‍ ആരംഭിച്ചു. കയാക്കിങ്, ബനാന ബോട്ട് റൈഡ്, വാട്ടര്‍ സ്‌കീയിങ്, ബംബിറൈഡ്, വിന്‍ഡ് ഓപ്പറേറ്റഡ് പാരാസെയിലിങ് തുടങ്ങിയവയാണ് പുതുതായി ആരംഭിച്ച വിനോദങ്ങള്‍.


അഷ്ടമുടിക്കായലിനെ വാട്ടര്‍ സ്‌പോര്‍ട്‌സ് കേന്ദ്രമാക്കുകയാണ് ലക്ഷ്യം. ഇതില്‍ വിന്‍ഡ് ഓപ്പറേറ്റഡ് പാരാസെയിലിങ് കേരളത്തില്‍ ആദ്യമായാണ് ആരംഭിക്കുന്നത്. വേമ്പനാട് കായലില്‍നിന്ന് വ്യത്യസ്തമായി കനാലുകള്‍ കുറവുള്ളതും തുറന്നസ്ഥലം കൂടുതലുള്ളതുമായ അഷ്ടമുടിക്കായലില്‍ പുതുതായി തുടങ്ങിയ റൈഡുകള്‍ സുരക്ഷിതമായിരിക്കുമെന്ന് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി സന്തോഷ്‌കുമാര്‍ പറഞ്ഞു.

ആല്‍ഫാ അഡ്വഞ്ചേഴ്‌സ് എന്ന സ്വകാര്യ സ്ഥാപനവുമായി ചേര്‍ന്നാണ് പുതിയ റൈഡുകള്‍ ആരംഭിച്ചിരിക്കുന്നത്. കയാക്കിങ്, വാട്ടര്‍ സ്‌കീയിങ് പാരാസെയിലിങ് തുടങ്ങിയവയില്‍ വിദഗ്ധപരിശീലനം നേടിയവരുടെ സേവനം എപ്പോഴും ലഭ്യമായിരിക്കും. റൈഡുകളില്‍ പങ്കെടുക്കുന്നവരുടെ സുരക്ഷയും മറ്റും ആല്‍ഫാ അഡ്വഞ്ചേഴ്‌സിന്റെ ഉത്തരവാദിത്വമാണ്.
റൈഡുകളുടെ ടിക്കറ്റ് നിരക്ക് തീരുമാനിക്കുന്നതും വില്‍പ്പനയും ഡി.ടി.പി.സി. നേരിട്ടാണ് നടത്തുന്നത്. റൈഡുകള്‍ക്കാവശ്യമായ എല്ലാ സാമഗ്രികളും ഡി.ടി.പി.സി.യാണ് നല്‍കുന്നത്. അവധിക്കാലം അടിസ്ഥാനമാക്കിയാണ് പുതിയ വിനോദങ്ങള്‍ ആരംഭിച്ചതെങ്കിലും അവധിക്കാലത്തിനുശേഷവും തുടരാനാണ് തീരുമാനം.