ബ്രിട്ടീഷ് വൈദ്യുത ബൈക്ക് ഗോ സീറോ ഇന്ത്യയിലെത്തി
ബ്രിട്ടീഷ് വൈദ്യുത ബൈക്ക് – ലൈഫ്സ്റ്റൈല്‍ ബ്രാന്‍ഡായ ഗോ സീറൊ മൊബിലിറ്റി ഇന്ത്യയിലെത്തി. തുടക്കത്തില്‍ രണ്ടു വൈദ്യുത ബൈക്കുകളാണു കമ്പനി ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തിച്ചത്: വണ്‍, മൈല്‍. വണ്ണിന് 32,999 രൂപയും മൈലിന് 29,999 രൂപയുമാണു വില. ഗോ സീറൊ വണ്ണിലുള്ളത് 400 വാട്ട് അവര്‍ ലിതിയം ബാറ്ററി പായ്ക്കാണ്; ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 60 കിലോമീറ്റര്‍ ഓടാന്‍ ഈ ബാറ്ററിക്കാവും. അതേസമയം ഗോ സീറൊ മൈലിലുള്ള 300 വാട്ട് അവര്‍ ബാറ്ററിയുടെ പരമാവധി സഞ്ചാര ശേഷി 45 കിലോമീറ്ററാണ്.
കൊല്‍ക്കത്തയിലെ കീര്‍ത്തി സോളാറിന്റെ സഹകരണത്തോടെയാണു ബിര്‍മിങ്ഹാം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഗോ സീറൊ മൊബിലിറ്റി ഇന്ത്യന്‍ വിപണിയിലേക്കു പ്രവര്‍ത്തനം വ്യാപിപ്പിച്ചത്. നിലവിലുള്ളതിനു പുറമെ ഭാവി മോഡലുകളുടെ വികസനത്തിലും ഉല്‍പ്പാദനത്തിലും കീര്‍ത്തി സോളാറുമായി സഹകരിക്കാനാണു ഗോ സീറൊ മൊബിലിറ്റിയുടെ തീരുമാനം. വൈദ്യുത വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാനുള്ള കേന്ദ്ര നയത്തില്‍ പ്രതീക്ഷയര്‍പ്പിച്ചാണു കമ്പനി ഇന്ത്യയിലെത്തിയതെന്നു ഗോ സീറൊ മൊബിലിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ അങ്കിത് കുമാര്‍ അറിയിച്ചു. ഇന്ത്യയ്ക്കു പുറമെ ആഫ്രിക്കന്‍, ദക്ഷിണ പൂര്‍വ ഏഷ്യന്‍ രാജ്യങ്ങളിലെ വിപണി കൂടി ലക്ഷ്യമിട്ടാണു കമ്പനി ‘വണ്‍’, ‘മൈല്‍’ എന്നീ ഇ ബൈക്കുകള്‍ വികസിപ്പിച്ചത്. ആദ്യ വര്‍ഷം 3,000 യൂണിറ്റ് വില്‍പ്പനയാണു കമ്പനി ഇന്ത്യയില്‍ പ്രതീക്ഷിക്കുന്നത്; അഞ്ചു വര്‍ഷത്തിനകം വില്‍പ്പന മുക്കാല്‍ ലക്ഷം യൂണിറ്റായി ഉയരുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
ക്രമേണ ‘ഡെലിവര്‍’, ‘വണ്‍ ഡബ്ല്യു’, ‘സീറൊ സ്മാര്‍ട്’ എന്നീ മോഡലുകളും ഇന്ത്യയിലും യു കെയിലും യൂറോപ്പിലുമൊക്കെ അവതരിപ്പിക്കാന്‍ കമ്പനി തയാറെടുക്കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.ഇ ബൈക്കുകളുടെയും മറ്റ് ഉല്‍പ്പന്നങ്ങളുടെയും വില്‍പ്പനയ്ക്കായി പ്രീമിയം റീട്ടെയ്ല്‍ ഔട്ട്ലെറ്റുകള് സ്ഥാപിക്കാനും കമ്പനിക്കു പദ്ധതിയുണ്ട്. വരും മാസങ്ങളില്‍ തന്നെ ഡല്‍ഹി, കൊല്‍ക്കത്ത, ഗുവാഹത്തി നഗരങ്ങളില്‍ ഇത്തരം ഔട്ട്ലെറ്റുകള് പ്രവര്‍ത്തനം തുടങ്ങും. മൂന്നു വര്‍ഷത്തിനുള്ളില്‍ വില്‍പ്പന കേന്ദ്രങ്ങളുടെ എണ്ണം 18 ആയി ഉയര്‍ത്താനാണു ഗോ സീറൊയുടെ പദ്ധതി. കൂടാതെ രണ്ടു വര്‍ഷത്തിനകം ആയിരത്തോളം അംഗീകൃത വ്യാപാരികളെ നിയോഗിക്കാനും പരിപാടിയുണ്ട്.