News

വേര്‍പിരിഞ്ഞും ഒത്ത് ചേര്‍ന്നും ജോര്‍ജിയയിലെ ഈ അത്ഭുത പ്രതിമകള്‍

ലോകത്തിലെ ഏറ്റവും ഉദാത്തമായ പ്രണയസ്മാരകങ്ങളില്‍ ഒന്നാണ് താജ്മഹല്‍. നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ശോഭ മങ്ങാത്ത ആ സ്മാരകം കാണാന്‍ വര്‍ഷാവര്‍ഷം ഡല്‍ഹിയിലെത്തുന്നത് സ്വദേശികളും വിദേശികളുമടക്കം ലക്ഷക്കണക്കിന് ആളുകളാണ്. ഷാജഹാനും പ്രിയപത്‌നി മുംതാസുമാണ് താജ്മഹല്‍ എന്ന പ്രണയകുടീരം സാക്ഷാത്കരിക്കാന്‍ കാരണഹേതുവായത്. എന്നാലിവിടെ ഒരു നോവലിലെ രണ്ടു കഥാപാത്രങ്ങളാണ് നായികയും നായകനും. ഒരുമിച്ചു ചേരാന്‍ കഴിയാതെ പോയ ഇരുവരുടെയും പ്രണയത്തിന്റെ ഓര്‍മകളും പേറി സ്റ്റീലില്‍ രണ്ടുശില്പങ്ങള്‍ നിര്‍മിക്കപ്പെട്ടിരിക്കുന്നു.

ഈ പ്രണയിതാക്കളുടെ വേര്‍പിരിയലിന്റെ കാഠിന്യം കണ്ടുനിന്നവര്‍ക്കു പോലും വ്യക്തമാകുന്ന തരത്തില്‍ ദിവസത്തില്‍ ഒരു തവണ ഒരുമിച്ചു ചേര്‍ന്ന് നില്‍ക്കുന്ന ഈ ശില്പങ്ങള്‍ അകന്നുമാറും. കാണാനെത്തുന്നവര്‍ക്കു വിരഹവും വേദനയും സമ്മാനിക്കുന്ന ഈ പ്രതിമകള്‍ എവിടെയാണെന്നറിയേണ്ടേ?

ജോര്‍ജിയയിലെ ബറ്റുമി എന്ന സ്ഥലത്തു കടല്‍ത്തീരത്തോടു ചേര്‍ന്നാണ് ‘മാന്‍ ആന്‍ഡ് വുമണ്‍’ എന്നു പേരിട്ട, എട്ടുമീറ്റര്‍ ഉയരമുള്ള സ്റ്റീല്‍ നിര്‍മിത ശില്‍പം സ്ഥിതി ചെയ്യുന്നത്. ജോര്‍ജിയയിലെ പ്രശസ്തനായ ശില്പി ടമാര വെസിറ്റാഡ്‌സെയാണ് ഈ മനോഹരശില്പത്തിന്റെ നിര്‍മാണത്തിനു പുറകില്‍. സോവിയറ്റ് യൂണിയനിന്റെ ആക്രമണത്തെ ആസ്പദമാക്കി 1937 ല്‍ അസര്‍ബൈജാനിയന്‍ എഴുത്തുകാരന്‍ കുര്‍ബാന്‍ സെയ്ദ് എഴുതിയ ”സംവണ്‍ ഓഫ് സേക്രഡ് ഡിസെന്റ് ഹു ഹാസ് ബീന്‍ സാക്രിഫൈസ്ഡ് എന്ന നോവലാണ് ഈ ശില്‍പനിര്‍മാണത്തിനു ആധാരം. രസകരമായ വസ്തുത എന്തെന്നാല്‍ മഹത്തരമെന്നു വിശേഷിപ്പിക്കാന്‍ കഴിയുന്ന ഈ രചനയുടെ സൃഷ്ടാവിനെ കുറിച്ചുള്ള വിവരങ്ങള്‍ ഇന്നും അജ്ഞാതമാണെന്നതാണ്.

സോവിയറ്റ് യൂണിയന്റെയും ജോര്‍ജിയയുടെയും രാഷ്ട്രീയ ചരിത്രവുമായി ബന്ധപ്പെട്ടിരിക്കുന്ന ഈ നോവല്‍ ജോര്‍ജിയയിലെ രാജകുമാരി ആയിരുന്ന നിനോയും അലി എന്നുപേരുള്ള ഒരു മുസ്ലിം യുവാവും തമ്മിലുള്ള പ്രണയത്തെക്കുറിച്ചാണ് പറയുന്നത്. വ്യത്യസ്ത മതത്തില്‍പ്പെട്ട ഇരുവരുടെയും പ്രണയത്തില്‍ സോവിയറ്റ് യൂണിയന്റെ ആക്രമണം വിള്ളലുകള്‍ വീഴ്ത്തുകയും ഇവര്‍ പിരിയുകയും ചെയ്യുന്നു. സാധാരണ ജനങ്ങളുടെ ജീവിതത്തെ വളരെയധികം ബാധിച്ച യുഎസ്എസ്ആറിന്റെ കടന്നുകയറ്റങ്ങള്‍ വളരെ മനോഹരമായാണ് ആ പുസ്തകത്തില്‍ ഒരു പ്രണയകഥയുടെ ചുവടുപിടിച്ചു വിവരിച്ചിരിക്കുന്നത്.

ദിവസവും വൈകുന്നേരം ഏഴുമണിക്ക് ഈ ശില്‍പങ്ങള്‍ ചലിക്കാന്‍ തുടങ്ങും. ഒരുമിച്ചു ഒന്നായി ചേര്‍ന്നുനിന്നവര്‍ പതുക്കെ പിന്തിരിഞ്ഞു പോകുന്നതു കാഴ്ചക്കാരില്‍ നൊമ്പരമുണര്‍ത്തും. പത്തുമിനിറ്റ് നീണ്ടുനില്‍ക്കുന്നതാണ് ഇരുവരുടെയും വേര്‍പിരിയല്‍ ചലനങ്ങള്‍. 2007ല്‍ നിര്‍മാണം ആരംഭിച്ച ഈ പ്രതിമകള്‍ സ്ഥാപിക്കപ്പെട്ടത് 2010 ലാണ്. ‘മെന്‍ ആന്‍ഡ് വുമണ്‍’ എന്നുപേരിട്ട ഈ ശില്‍പത്തിനു ‘അലി ആന്‍ഡ് നിനോ’ എന്നു പിന്നീട് പുനര്‍നാമകരണം ചെയ്തു.

മുപ്പതു ഭാഷകളിലേക്ക് ഇവരുടെ പ്രണയകഥ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ജോര്‍ജിയയിലെ അതിമനോഹരമായ ബറ്റുമിയെന്ന നഗരവും ഒന്നുചേരാന്‍ കഴിയാതെ പോയ നിനോയുടെയും അലിയുടെയും അനശ്വരപ്രണയത്തിന്റെ ഓര്‍മകളും പേറി നില്‍ക്കുന്ന, ചലിക്കുന്ന ശില്പങ്ങളും ഇവിടെയെത്തുന്ന സന്ദര്‍ശകര്‍ക്കു അവിസ്മരണീയമായ ഒരു കാഴ്ചയാണ്.