ദീര്‍ഘദൂര യാത്രയ്‌ക്ക് സ്റ്റാര്‍ഷിപ്പുമായി ഇലോണ്‍ മസ്‌ക്
ദീര്‍ഘദൂര യാത്രകള്‍ക്ക് റോക്കറ്റില്‍ തന്നെ പോകാമെന്നാണ് സ്പേസ് എക്സും സ്ഥാപക കോടീശ്വരനായ ഇലോണ്‍ മസ്‌കും പറയുന്നത്. ലണ്ടനില്‍ നിന്നും ന്യൂയോര്‍ക്കിലേക്ക് 29 മിനിറ്റിലും സിഡ്നിയിലേക്ക് ഒരു മണിക്കൂറില്‍ താഴെ സമയംകൊണ്ടും കുതിച്ചെത്താനാകുമെന്നാണ് ഇവരുടെ അവകാശവാദം. ഈ അതിവേഗ യാത്രകള്‍ സാധ്യമാകുക സ്പേസ് എക്സിന്റെ സ്റ്റാര്‍ഷിപ്പ് റോക്കറ്റുപയോഗിച്ചായിരിക്കും.
ഭൂമിയില്‍ നിന്നും കുതിച്ചുയര്‍ന്ന് ഭൗമാന്തരീക്ഷത്തിന്റെ ഏറ്റവും അവസാന പാളിയിലെത്തി വീണ്ടും തിരിച്ചിറങ്ങുന്ന രീതിയായിരിക്കും ഇത്തരം യാത്രകള്‍ക്കുണ്ടാകുക. പത്ത് മണിക്കൂറിലേറെ എടുക്കുന്ന ദീര്‍ഘ വിമാനയാത്രകള്‍ക്ക് ബദലായാണ് ഇത്തരം റോക്കറ്റ് യാത്രകള്‍ വരിക. 2030 ആകുമ്പോഴേക്കും ഇത്തരത്തിലുള്ള അതിവേഗ ദീര്‍ഘദൂരയാത്രകള്‍ക്ക് 15 ബില്യണ്‍ പൗണ്ടിന്റെ വിപണി സാധ്യതയാണ് സ്വിസ് സ്ഥാപനമായ യുബിഎസ് കണക്കാക്കുന്നത്. 2030 ആകുമ്പോഴേക്കും ബഹിരാകാശ ടൂറിസത്തിനും 2.3 ബില്യണ്‍ പൗണ്ടിന്റെ വിപണി പ്രതീക്ഷിക്കുന്നുണ്ട്.
സ്പേസ് എക്സിനെ കൂടാതെ ബഹിരാകാശ ടൂറിസം രംഗത്തെ പ്രമുഖ കമ്പനിയായ വിര്‍ജിന്‍ ഗാലക്ടിക്കും ഈ വിപണിയിലേക്ക് കണ്ണുവെക്കുന്നുണ്ട്. ബഹിരാകാശ വിനോദസഞ്ചാരത്തിനൊപ്പം തന്നെ റോക്കറ്റ് യാത്രകളേയും സമാന്തരമായി അവതരിപ്പിക്കാനാണ് ഈ കമ്പനികളുടെ ശ്രമം. സാങ്കേതിക വിദ്യയുടെ പുരോഗതിക്കൊപ്പം കമ്പനികള്‍ തമ്മിലുള്ള കിടമത്സരം കൂടിയാകുമ്പോള്‍ ഇത്തരം യാത്രകളുടെ ചിലവ് കുറയുമെന്നും പ്രതീക്ഷയുണ്ട്. നിലവില്‍ ലണ്ടനില്‍ നിന്നും സിഡ്നിയിലേക്ക് വിമാനത്തിലെത്താന്‍ 23 മണിക്കൂറെടുക്കുമെങ്കില്‍ റോക്കറ്റ് വഴി ഒരു മണിക്കൂറില്‍ താഴെ സമയത്തിലെത്താനാകുമെന്നാണ് ഇവരുടെ അവകാശവാദം.
ദീര്‍ഘദൂരയാത്രകള്‍ മാത്രമല്ല ബഹിരാകാശ വിനോദസഞ്ചാരവും അനന്തസാധ്യതകളാണ് ഈ കമ്പനികള്‍ക്ക് മുന്നില്‍ വെക്കുന്നത്. നിലവില്‍ 300 ബില്യണ്‍ പൗണ്ടിന്റെ വിപണിയുള്ള ബഹിരാകാശ ടൂരിസം 2030 ആകുമ്പോഴേക്കും 610 ബില്യണ്‍ പൗണ്ടിലെത്തുമെന്നാണ് കണക്കുകൂട്ടുന്നത്. ആദ്യ സഞ്ചാരിയെ ബഹിരാകാശത്തെത്തിക്കാനുള്ള മത്സരം റിച്ചാര്‍ഡ് ബ്രാന്‍സന്റെ വിര്‍ജിന്‍ ഗാലെക്ടിക്സിനും ഇലോണ്‍ മസ്‌കിന്റെ സ്പേസ് എക്സിനും ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിനുമിടയില്‍ നടക്കുന്നുണ്ട്.
2018ല്‍ 150 ദശലക്ഷം വിമാനയാത്രകള്‍ പത്ത് മണിക്കൂറിലേറെ എടുത്തവയുണ്ട്. ഈ കണക്കു തന്നെയാണ് ഇത്തരം കമ്പനികളുടെ സാധ്യതയും ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ ഷിപ്പ് റോക്കറ്റിന് നൂറ് പേരെ വഹിക്കാന്‍ ശേഷിയുണ്ട്. വൈകാതെ 300 പേരെ വഹിക്കാന്‍ ശേഷിയുള്ള വമ്പന്‍ റോക്കറ്റുകള്‍ വന്നാലും അദ്ഭുതംവേണ്ടെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നത്.