Kerala

സഞ്ചാരികളെ ആകര്‍ഷിക്കാന്‍ നാടുകാണി പവിലിയന്‍ ഒരുങ്ങുന്നു

സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ നാടുകാണി പവിലിയന്‍ അണിഞ്ഞൊരുങ്ങുന്നു. സഞ്ചാരികളെ ആകര്‍ഷിക്കാനായി വിവിധ പദ്ധതികളാണ് ഇവിടെ ഒരുക്കുന്നത്. കുട്ടികളുടെ പാര്‍ക്കിന്റെ നിര്‍മാണം തുടങ്ങിയിട്ടുണ്ട്. ഇതോടൊപ്പം ഏപ്രില്‍ 1 മുതല്‍ ഇവിടെ ദൂരദര്‍ശിനി സ്ഥാപിക്കും. അടുത്ത മാസം മുതല്‍ പവിലിയനിലേക്കു പ്രവേശന സമയവും മാറ്റമുണ്ടാകും.രാവിലെ 8 മുതല്‍ വൈകിട്ട് 8 വരെ സഞ്ചാരികള്‍ക്ക് പ്രവേശനം നല്‍കുന്ന രീതിയില്‍ സമയം ക്രമീകരിക്കും.

കുട്ടികള്‍ക്ക് 10 രൂപ വീതവും മുതിര്‍ന്നവര്‍ക്കു 15 രൂപയാണു പ്രവേശന നിരക്ക്. പവിലിയന്റെ പെയിന്റിങ് അടക്കമുളള ജോലികള്‍ പൂര്‍ത്തിയാക്കി. ലഘുഭക്ഷണശാല, ഐസ്‌ക്രീം പാര്‍ലര്‍, പൂന്തോട്ടം അടക്കം വിപുലമായ പദ്ധതികളാണ് ഇവിടെ ഒരുക്കുന്നത്. ഇടുക്കിയെ പരിചയപ്പെടുത്തുന്ന ഒരു ഗാലറി കൂടി സ്ഥാപിക്കുന്നതിനു നടപടി എടുത്തിട്ടുണ്ട്. രണ്ടാം ഘട്ടമായി ജില്ലയുടെ സുഗന്ധദ്രവ്യങ്ങളും സുഗന്ധവ്യഞ്ജനങ്ങള്‍ക്കുമായി ഒരു വിപണന കേന്ദ്രം കൂടി പവിലിയനോടു ചേര്‍ന്നു നിര്‍മിക്കും.

കൂടാതെ ചെറിയ പാര്‍ട്ടികള്‍ നടത്തുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ദിവസേന 500 ലേറെ ആളുകള്‍ ഇവിടെ എത്തുന്നുണ്ട്. ശനി,ഞായര്‍ ദിവസങ്ങളില്‍ ഇത് ഇരട്ടിയാകും. എന്നാല്‍ പാര്‍ക്കും ദൂരദര്‍ശിനി ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ എത്തുന്നതോടെ സഞ്ചാരികളുടെ എണ്ണത്തില്‍ ഏറെ വര്‍ധനയുണ്ടാകും.നാടുകാണിയില്‍നിന്നു മലങ്കര ജലാശയത്തിന്റെ നേര്‍ക്കാഴ്ച ഹൃദ്യമാണ്.

ഇവിടെ നിന്നു എറണാകുളം വരെയുള്ള പ്രദേശങ്ങള്‍ കാണാം. തേയില തോട്ടം, മൂലമറ്റം തുടങ്ങി ഒട്ടേറെ പ്രദേശങ്ങളാണ് ഇവിടെ നിന്നാല്‍ കാണാന്‍ കഴിയുന്നത്. സായാഹ്നങ്ങളില്‍ മഞ്ഞുമൂടിയ മലനിരകളും കുളിര്‍ക്കാറ്റും നാടുകാണിയുടെ പ്രത്യേകതയാണ്.