മാറ്റങ്ങളോടെ നീലഗിരി പൈതൃക തീവണ്ടി
കുളിരണിഞ്ഞ മലനിരകളില്‍ എയര്‍കണ്ടീഷന്‍ ചെയ്ത കോച്ചുകളുമായി നീലഗിരി മൗണ്ടെന്‍ റെയില്‍വേ. നീലഗിരി പൈതൃക റെയില്‍വേയുടെ 130 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് കോച്ചില്‍ എസി ഘടിപ്പിക്കുന്നത്.
റെയില്‍വേയുടെ തന്നെ തിരുച്ചിറപ്പള്ളി ഗോള്‍ഡന്‍ റോക്ക് വര്‍ക്ക്‌ഷോപ്പിലാണ് പുനര്‍നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നത്. തീവണ്ടി എഞ്ചിനുകളുടെ അറ്റകുറ്റപ്പണികള്‍ക്ക് സൗകര്യമുള്ള ഗോള്‍ഡന്‍ റോക്ക് വര്‍ക്ക്‌ഷോപ്പില്‍ പൈതൃകതീവണ്ടി കോച്ചുകളുടെ അറ്റകുറ്റപ്പണികള്‍ മാത്രമാണ് നിലവില്‍ ചെയ്തുവരുന്നത്. ഇവിടെ ഇതാദ്യമായാണ് കോച്ചുകളുടെ പുനര്‍നിര്‍മാണപ്രവൃത്തികള്‍ പൂര്‍ത്തികരിക്കുന്നത്.
57 സീറ്റുകള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് 28 സീറ്റുകള്‍ മാത്രമാണ് ഈ കോച്ചില്‍ ഉണ്ടാവുക. സൗകര്യപ്രദമായ പുഷ്ബാക്ക് സീറ്റുകള്‍, ലഗേജ് റാക്ക്, 2 സ്പ്ലിറ്റ് എ.സികള്‍, എല്‍.ഇ.ഡി ലൈറ്റുകള്‍ എന്നിവയാണ് പ്രധാന മാറ്റങ്ങള്‍. വശങ്ങളിലെ ജനലകള്‍ക്ക് വലുപ്പം കൂട്ടി തുറക്കാനും അടക്കാനും പറ്റുന്ന വിധത്തിലാണ് ഉള്ളത്. പുറത്ത് ബോഗിയുടെ ഇരുവശങ്ങളിലും കാടുകളും മുന്നില്‍ ആനയും കടുവയുടെയും ചിത്രങ്ങള്‍ ഗ്രാഫിക്‌സ് ഡിസൈനിലൂടെ പതിപ്പിച്ചിട്ടുണ്ട്. കോച്ചിനകത്ത് മുകള്‍ഭാഗം മുഴുവനും പ്രകൃതിയുടെ അഴക് കണ്ണുകളില്‍ ഒപ്പിയെടുക്കാന്‍ അക്രലിക് ഗ്ലാസ്സുകളാണ് ഒട്ടിയിരിക്കുന്നത്.