Middle East

അപേഷകന്റെ വരുമാനത്തിനനുസരിച്ച് കുവൈത്തിലിനി സന്ദര്‍ശക വിസയുടെ കാലാവധി

കുവൈത്തില്‍ സന്ദര്‍ശക വിസയുടെ കാലാവധി ഇനി മുതല്‍ അപേക്ഷകന്റെ വരുമാനത്തിനനുസരിച്ച്. ഇത് സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. സ്‌പോണ്‍സറുടെ ജോലിയുടെ സ്വഭാവമനുസരിച്ച് വിസയുടെ കാലാവധിയും കുറയും.

യൂറോപില്‍ നിന്നുള്ള ടൂറിസ്റ്റ് വിസ, കുവൈത്തില്‍ ഇഖാമയുള്ള പ്രവാസികളുടെ ഭാര്യ, ഭര്‍ത്താവ്, കുട്ടികള്‍ എന്നിവരുടെ സന്ദര്‍ശക വിസയുടെ കാലാവധി മൂന്ന് മാസമാണ്. കൊമേഴ്‌സ്യല്‍ സന്ദര്‍ശക വിസ, ഭാര്യയും കുട്ടികളും ഒഴികെ, രക്ഷിതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ വിസാ കാലാവധി ഒരു മാസമായി നിജപ്പെടുത്തി.

കൂടാതെ വിദേശികള്‍ക്ക് രക്ഷിതാക്കളെ സന്ദര്‍ശക വിസയില്‍ കൊണ്ടുവരണമെങ്കില്‍ മിനിമം 500 കുവൈത്ത് ദിനാര്‍ മാസശമ്പളവും വേണം. അതേസമയം ഭാര്യയേയും മക്കളേയും കൊണ്ടുവരാന്‍ 250 ദിനാര്‍ ശമ്പളം മതി. സ്‌പോണ്‍സറുടെ ജോലിയും, സാഹചര്യവും, സന്ദര്‍ശനത്തിന്റെ ഉദ്ദേശവും അനുസരിച്ച് എമിഗ്രേഷന്‍ മാനേജര്‍ക്ക് വിസ കാലാവധി വെട്ടിക്കുറയ്ക്കാമെന്നും ആഭ്യന്തര മന്ത്രാലയം ഇഖാമ കാര്യ അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ തലാല്‍ അല്‍ മ്അഫ്‌റി വ്യക്തമാക്കി.