Aviation

ദില്ലി വിമാനത്താവളത്തില്‍ പറന്നിറങ്ങിയ ‘സ്രാവ്’

നമ്മുടെ നാട്ടില്‍ സ്വകാര്യ ബസുകളില്‍ നിന്ന് പോലും ഡിസൈനിങ്ങുകളും സിനിമാ താരങ്ങളുടെ ചിത്രങ്ങളുമൊക്കെ നീക്കം ചെയ്യുന്ന കാലമാണ്. എന്നാലിതാ വിമാനത്താവളത്തില്‍ പറന്നിറങ്ങിയ സ്രാവിന്റെ രൂപത്തിലുള്ള വിമാനം ശ്രദ്ധേയമാകുന്നു. ബ്രസീലിലെ എയര്‍ലൈന്‍ കമ്പനിയായ എംബ്രയറിന്റെ ഉടമസ്ഥതയിലുള്ള കൊമേര്‍ഷ്യല്‍ ജെറ്റായ E190 E-2 വിമാനത്തിലാണ് സ്രാവിന്റെ ചിത്രത്തിലുള്ള ഗ്രാഫിക്സ്. ദില്ലി വിമാനത്താവളത്തിന്റെ ട്വിറ്റര്‍ പോസ്റ്റില്‍ ആദ്യം പ്രത്യക്ഷപ്പെട്ട ഈ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും താരമാണ്.

കൂര്‍ത്ത പല്ലുകളും തീഷ്ണമായ കണ്ണുകളുമുള്ള സ്രാവിന്റെ മുഖമാണ് വിമാനത്തിന്റെ മുക്യ ആകര്‍ഷണം. 70 മുതല്‍ 130 ആളുകള്‍ക്ക് വരെ ഈ വിമാനത്തില്‍ സഞ്ചരിക്കാം. മികച്ച പ്രവര്‍ത്തന ക്ഷമതയും കുറഞ്ഞ ചിലവുമാണ് ഈ വിമാനത്തിന്റെ പ്രത്യേകതയെന്നാണ് കമ്പനിയുടെ അവകാശവാദം. വളരെ ചെറിയ തോതില്‍ മാത്രം പുക പുറം തള്ളുന്നതും പരമാവധി ഇന്ധനക്ഷമത ഉറപ്പാക്കുന്നതുമായ നവീന സാങ്കേതികവിദ്യയിലുള്ള എന്‍ജിനാണ് E2 വിമാനത്തിന് കരുത്ത് പകരുന്നതെന്നും കമ്പനി പറയുന്നു.

എന്തായാലും ഈ വിമാനം സഞ്ചാരികള്‍ക്കിടയില്‍ താരമായിക്കവിഞ്ഞു. കാറ്റിനെയും മേഘങ്ങളെയും പേടിപ്പെടുത്തുന്ന മുഖമാണ് വിമാനത്തിനെന്നാണ് ചിലര്‍ പറയുന്നത്. എന്നാല്‍ മറ്റുചിലര്‍ ഈ വിമാനത്തെ ഭീകര സത്വമായും ഉപമിച്ചിട്ടുണ്ട്.