Kerala

കൊച്ചിക്കായല്‍ ചുംബിച്ച് ആഡംബര റാണി

അത്യാഡംബര ഉല്ലാസ യാത്രാ കപ്പലായ ‘ക്യൂന്‍ മേരി 2’ കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങി. ചെന്നൈയില്‍ നിന്ന് ഇന്നലെ രാവിലെ 6 മണിയോടെ എറണാകുളം വാര്‍ഫില്‍ എത്തിയ കപ്പലില്‍ 2149 സഞ്ചാരികളും 1240 ജീവനക്കാരും ഉണ്ടായിരുന്നു. ഇംഗ്ലണ്ട്, ഫ്രാന്‍സ്, യുഎസ്, കാനഡ, സിംഗപ്പൂര്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരായിരുന്നു ഏറെയും. കൊച്ചിയില്‍ ഇറങ്ങിയ സംഘത്തിലെ ചിലര്‍ ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി, ആലപ്പുഴ എന്നിവിടങ്ങളിലേക്കു പോയി. വൈകിട്ട് 6നു കപ്പല്‍ അബുദാബിയിലേക്കു തിരിച്ചു.

ഒരു മാസത്തിലേറെയായി പര്യടനം നടത്തുന്നവരാണു കപ്പലില്‍ ഉള്ളത്. കപ്പലിലെ യാത്രക്കാര്‍ക്ക് ആസ്റ്റര്‍ മെഡ്സിറ്റി മെഡിക്കല്‍ സഹായം ലഭ്യമാക്കി. യാത്രക്കാര്‍ക്കു മെഡിക്കല്‍ സഹായം ലഭ്യമാക്കാനായി ആശുപത്രിയുടെ ബൈക്ക് ആംബുലന്‍സ് സേവനം ഏര്‍പ്പെടുത്തിയിരുന്നു. നഗരത്തില്‍ വിവിധ സ്ഥലങ്ങളിലെ സന്ദര്‍ശനവേളയില്‍ ബൈക്ക് ആംബുലന്‍സ് യാത്രക്കാരെ അനുഗമിച്ചു.