ആകാശം നിറയെ വര്‍ണ്ണപട്ടങ്ങള്‍ പറത്തി കൊല്ലം ബീച്ച്
ആവേശത്തിന്റെ നൂലില്‍ ചെറുപ്പം ആഘോഷത്തിന്റെ നിറങ്ങള്‍ പറത്തി. കടപ്പുറത്തെ ആകാശത്തില്‍ പലനിറത്തിലുള്ള പട്ടങ്ങള്‍ നിറഞ്ഞു. ടി.കെ.എം. എന്‍ജിനീയറിങ് കോളേജിലെ ടെക് ഫെസ്റ്റിന്റെ ഭാഗമായാണ് ദേശീയ പട്ടംപറത്തല്‍ ഉത്സവം സംഘടിപ്പിച്ചത്.
പട്ടംപറത്തലില്‍ ഏഷ്യന്‍ റെക്കോഡ് ലക്ഷ്യമിട്ട് നടത്തിയ പരിപാടിയില്‍ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ പങ്കാളികളായി. പരിപാടി നിരീക്ഷിക്കുന്നതിന് യൂണിവേഴ്‌സല്‍ റെക്കോഡ്‌സ് ഫോറം അധികൃതരും എത്തിയിരുന്നു.
പടുകൂറ്റന്‍ പട്ടംമുതല്‍ വര്‍ണക്കടലാസില്‍ തീര്‍ത്ത കുഞ്ഞന്‍ പട്ടങ്ങള്‍വരെ ആകാശത്ത് നിറഞ്ഞു. കോളേജിലെ വിദ്യാര്‍ഥികള്‍തന്നെ നിര്‍മിച്ച പട്ടങ്ങള്‍ വൈകീട്ട് അഞ്ചുമണിയോടെ ഒന്നിച്ച് പറത്തുകയായിരുന്നു. ചിലത് മാനംമുട്ടെ പാറി. മറ്റു ചിലത് കെട്ടുപിണഞ്ഞു മൂക്കുകുത്തി.
പട്ടംപറത്തി, കടലിലേക്കിറങ്ങിയ വിദ്യാര്‍ഥികളെ ലൈഫ് ഗാര്‍ഡ് നിയന്ത്രിച്ചു. 28, 29, 30, 31 തീയതികളില്‍ കോളേജില്‍ നടക്കുന്ന ടെക് ഫെസ്റ്റിന്റെ പ്രചാരണാര്‍ഥം സംഘടിപ്പിച്ച പരിപാടിയില്‍ വിദ്യാര്‍ഥികള്‍ക്കു പുറമേ ബീച്ചില്‍ എത്തിയവരും പങ്കാളികളായി.
പ്രളയം തകര്‍ത്തെറിഞ്ഞ മണ്‍റോത്തുരുത്തിലെ ജനങ്ങള്‍ നേരിടുന്ന പ്രാഥമിക പ്രശ്‌നങ്ങള്‍ ജനശ്രദ്ധയില്‍ കൊണ്ടുവരികയെന്ന ലക്ഷ്യവും പരിപാടിക്കുണ്ടായിരുന്നു. ടി.കെ.എം. എന്‍ജിനീയറിങ് കോളേജിന്റെ അറുപതാം വാര്‍ഷികാചരണത്തിന്റെ ഭാഗമായി മണ്‍റോത്തുരുത്ത് പുനര്‍നിര്‍മാണ പദ്ധതികള്‍ നടപ്പാക്കിവരുന്നുണ്ട്.
യൂണിവേഴ്‌സല്‍ റെക്കോഡ്‌സ് ഫോറം ഇന്റര്‍നാഷണല്‍ ജൂറി സുനില്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം ആദ്യവസാനം പരിപാടിയില്‍ പങ്കെടുത്തു. ടി.കെ.എം. എന്‍ജിനീയറിങ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എസ്.അയൂബ്, യൂണിയന്‍ അഡൈ്വസര്‍ പ്രൊഫ. എ.അഷ്ഫാഖ്, കോളേജ് ചെയര്‍മാന്‍ മുഹമ്മദ് അന്‍സര്‍, ജനറല്‍ സെക്രട്ടറി പി.എസ്.അശ്വിന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.