കേരള ബ്ലോഗ് എക്‌സ്പ്രസ് ആറാം എഡിഷന്‍ 21 മുതല്‍

കേരളത്തിലെ വിനോദസഞ്ചാര സാധ്യതകള്‍ ലോകത്തെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന കേരള ബ്ലോഗ് എക്‌സ്പ്രസ് ആറാം എഡിഷന്‍ 21ന് തുടങ്ങും. രണ്ടാഴ്ച്ച നീണ്ടു നില്‍ക്കുന്ന പര്യടനം ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് കൊച്ചി ഗ്രാന്‍ഡ് ഹയാത്തില്‍ നിന്ന് ഫ്‌ളാഗ് ഓഫ് ചെയ്യുന്നതോടെ ആരംഭിക്കും.
21 രാജ്യങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 30 ബ്ലോഗര്‍മാരാണ് ഈ വര്‍ഷത്തെ ബ്ലോഗ് എക്‌സ്പ്രസില്‍ പങ്കെടുക്കുന്നത്. വോട്ടിംഗ് രീതിയിലൂടെയാണ് ബ്ലോഗര്‍മാരെ തിരഞ്ഞെടുത്തത്.

 


ഏറെ പ്രത്യേകതകളോടെയാണ് ഈ വര്‍ഷം ബ്ലോഗ് എക്‌സ്പ്രസ് യാത്ര ആരംഭിക്കുന്നത്. ആറ് വര്‍ഷത്തിനിടയില്‍ ആദ്യാമായി കേരള ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ് രണ്ട് യാത്രകളായിട്ടാണ് ബ്ലോഗ് ടൂര്‍ സംഘടിപ്പിക്കുന്നത്. അന്താരാഷ്ട്ര് ബ്ലോഗര്‍മാര്‍ക്കും ഇന്ത്യന്‍ ബ്ലോഗര്‍മാര്‍ക്കും വേണ്ടി പ്രത്യേക യാത്രയാണ് സംഘടിപ്പിക്കുന്നത്. പുതിയ മാറ്റം വരുന്നതോടെ കൂടുതല്‍ അറിവുകള്‍ എല്ലാവരിലേക്ക് എത്തുന്നതിന് സഹായിക്കും ഇക്കാരണത്താല്‍ കൂടുതല്‍ സഞ്ചാരികള്‍ നാടിന്റെ ഭംഗി ആസ്വദിക്കാനെത്തും.

ബ്ലോഗ് ടൂറിന്റെ ഭാഗമായി ഓരോ വര്‍ഷവും 30 തിരഞ്ഞെടുക്കപ്പെട്ട ബ്ലോഗര്‍മാരാണ് യാത്ര ചെയ്യുന്നത്. ഇവര്‍ ദൈവത്തിന്റെ സ്വന്തം നാടെന്ന് അറിയപ്പെടുന്ന കേരളത്തിലൂടെ രണ്ടാഴ്ച്ചയോളം യാത്ര ചെയ്യും. യാത്രയിലൂടെ ബ്ലോഗര്‍മാര്‍ക്ക് കേരളത്തിന്റെ തനത് രീതികള്‍ നേരിട്ട് കണ്ട് ആസ്വദിക്കാന്‍ സാധിക്കും.

കയര്‍ പിരിക്കുന്നത്, തേയില കൊളുന്ത് നുള്ളുന്നത്, തെങ്ങ് കയറ്റം തുടങ്ങി ഗ്രാമന്തരീക്ഷത്തിന്റെ മുഴുവന്‍ ഭംഗിയും ഇവര്‍ക്ക് ഈ യാത്രയിലൂടെ അനുഭവിക്കാന്‍ സാധിക്കും. തുടര്‍ന്ന് അവര്‍ കേരളത്തിലെ കായല്‍ ഭംഗി ആസ്വദിക്കുകയും, മലനിരകള്‍ നിറഞ്ഞ ഹൈറേഞ്ച് യാത്രയിലൂടെ സുഗന്ധ ദ്ര്യവങ്ങളെക്കുറിച്ചും കേരളത്തിന്റെ തനത് രുചിക്കൂടുകളും മസാലക്കൂട്ടുകളും, വഴവാണിഭവും, കലയും സംസ്‌കാരവുമെല്ലാം ഈ യാത്രയിലുടെ അവര്‍ അറിയും.

2014ല്‍ ആരംഭിച്ച കേരള ബ്ലോഗ് എക്‌സ്പ്രസ് ലോക സഞ്ചാര ഭൂപടത്തിലേക്ക് കേരളത്തിലെ വിനോദ സഞ്ചാര സാധ്യതകള്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആരംഭിച്ചത്. കേരള ബ്ലോഗ് എക്‌സ്പ്രസിന്റെ മൂന്നാം എഡിഷന് 2016ല്‍ എ ബി ബി വൈയുടെ സോഷ്യല്‍ മീഡിയ ഔട്ട്‌റീച്ച് പുരസ്‌ക്കാരം ലഭിച്ചിരുന്നു.