Kerala

കാക്കത്തുരുത്തെന്ന അത്ഭുതത്തുരുത്ത്

കായലുകളുടെ സ്വന്തം നാടായ ആലപ്പുഴ സഞ്ചാരികള്‍ക്കായി ഒളിപ്പിച്ച് വെച്ചിരിക്കുന്നത് നിരവധി അത്ഭുതങ്ങളാണ്. നിറയെ ദ്വീപുകളുള്ള നാടും കൂടിയാണ് ആലപ്പുഴ. അങ്ങനെ ദ്വീപുകളുടെ നാടായ ആലപ്പുഴയിലെ എഴുപുന്ന പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന ചെറിയ ദ്വീപാണ് കാക്കത്തുരുത്ത്. വേമ്പനാട് കായലിലാണ് ഈ തുരുത്ത് സ്ഥിതി ചെയ്യുന്നത്.

pic courtsey: yatharamanthra

നാഷണല്‍ ജോഗ്രാഫിക് മാഗസിനില്‍ പ്രസിദ്ധീകരിച്ചൊരു ഫോട്ടോ ഫീച്ചറിലൂടെയാണ് ഈ കുട്ടി തുരുത്ത് ലോക ശ്രദ്ധ ആകര്‍ഷിക്കുന്നത്. ഇപ്പോഴും അവിടേക്ക് മോട്ടോര്‍ വാഹനത്തില്‍ എത്താന്‍ കഴിയില്ല കടത്ത് എന്ന ഏക മാര്‍ഗം ആശ്രയിച്ചാലേ തുരുത്തില്‍ എത്താന്‍ കഴിയൂ.

കാലങ്ങള്‍ക്ക് മുമ്പ് കാക്കകള്‍ ചേക്കാറാന്‍ മാത്രം ഉപയോഗിച്ചിരുന്ന ദ്വീപായിരുന്നു കാക്കത്തുരുത്ത്. എന്നാല്‍ ഇന്ന് മുന്നൂറോളം കുടുംബങ്ങള്‍ താമസിക്കുന്ന ഒരു ജനവാസമേഖലയാണ് ഇവിടം.

ഏതാണ്ട് മൂന്നു കിലോമീറ്റര്‍ നീളവും ഒരു കിലോമീറ്റര്‍ വീതിയും മാത്രമേ കാക്കത്തുരുത്തിനുള്ളൂ. എങ്കിലും ഹരിതാഭമായ ഒരു ഗ്രാമാന്തരീക്ഷമാണ് ദ്വീപിനുള്ളില്‍ ലഭിക്കുക. ചെറിയകൃഷികളും ചെറുവഞ്ചികളിലെ മീന്‍പിടിത്തവും ഇവിടം സജീവമാക്കുന്നു. നീലപ്പൂവുകളണിഞ്ഞു നില്‍ക്കുന്ന പോളകളുള്ള ജലാശയങ്ങളും സദാ സാന്നിധ്യമറിയിക്കുന്ന പക്ഷികളും ഈ തുരുത്തിന്റെ കാഴ്ചകള്‍ക്കു മാറ്റു കൂട്ടുന്നു.

പ്രശാന്തമായ ഇവിടത്തെ സൂര്യാസ്തമനമാണ് ലോകശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നത്. പക്ഷി നിരീക്ഷണത്തിനും അനുയോജ്യമാണിവിടം. കാക്കത്തുരുത്തിലേക്ക് പാലം പണിയാനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്.