News

വൈക്കം കായലില്‍ യാത്രക്കാരുടെ മനം കവര്‍ന്ന് ലക്ഷ്യ

ആധുനിക സൗകര്യങ്ങളുള്ള ബോട്ട് ലക്ഷ്യ വൈക്കം തവണക്കടവ് ഫെറിയില്‍ യാത്രക്കാരുടെ മനംകവര്‍ന്നു. വൈക്കം തവണക്കടവ് ഫെറിയില്‍ സര്‍വീസ് നടത്തുന്ന യാത്രാബോട്ടുകളിലൊന്നു തകരാറിലായതിനെത്തുടര്‍ന്നാണ് സര്‍വീസിനായി ലക്ഷ്യ ബോട്ട് പകരമെത്തിച്ചത്.

രണ്ടുമാസം മുമ്പ് നീറ്റിലിറക്കിയ സ്റ്റീല്‍ ബോട്ടായ ലക്ഷ്യയ്ക്ക് ഒരു കോടി രൂപയാണ് നിര്‍മാണച്ചെലവ്. വൈക്കം-തവണക്കടവ് ഫെറിയില്‍ സൗരോര്‍ജ ബോട്ട് ആദിത്യയ്ക്കു പുറമേ നാലു തടിബോട്ടുകളാണ് സര്‍വീസ് നടത്തിയിരുന്നത്. ഇതില്‍ രണ്ടു ബോട്ടുകള്‍ അറ്റക്കുറ്റപ്പണിക്കായി ആലപ്പുഴയിലെ ഡോക്കിലേക്കു മാറ്റി. ഇതിനെ തുടര്‍ന്ന് വൈക്കം-തവണക്കടവ് ഫെറിയില്‍ യാത്രാക്ലേശം രൂക്ഷമായിരുന്നു.

തുടര്‍ന്ന് നെടുമുടിയില്‍ സര്‍വീസ് നടത്തിയിരുന്ന ലക്ഷ്യയെ വൈക്കത്തെത്തിച്ച് കഴിഞ്ഞ ദിവസം രാവിലെമുതല്‍ സര്‍വീസ് ആരംഭിക്കുകയായിരുന്നു. 75 സീറ്റിങ് കപ്പാസിറ്റിയുള്ള ലക്ഷ്യയുടെ രൂപകല്പനയും ഏറെ ശ്രദ്ധേയമാണ്. ഡോക്കിലെത്തിച്ച തടിബോട്ട് നന്നാക്കി വൈക്കം ഫെറിയിലെത്താന്‍ കുറഞ്ഞത് രണ്ടുമാസം വേണ്ടിവരും.