പാമ്പ് പ്രേമികള്‍ക്കായി ഇതാ അഞ്ചിടങ്ങള്‍
എല്ലാവര്‍ക്കും ഏറെ കൗതുകവും അതുപോലെ തന്നെപേടിയുമുള്ള ജീവി വര്‍ഗ്ഗമാണ് പാമ്പുകള്‍. പുരാണ കഥകളിലെ താര പരിവേഷം അവയ്‌ക്കെന്നും ആരാധനാ ഭാവമാണ് കൊടുക്കുന്നത്. അതു കൊണ്ടൊക്കെ തന്നെയാവാം നമുക്ക് അവയോട് കൗതുകവും ഭയവും ഒന്നിച്ച് തോന്നുന്നത്.
കാഴ്ച്ചയില്‍ ഭയപ്പെടുത്തുന്ന ജീവിയാണെങ്കിലും പാമ്പുകള്‍ ശരിക്കും പാവമാണ്. സ്വയം രക്ഷയ്ക്ക് വേണ്ടി മാത്രമാണ് യഥാര്‍ഥത്തില്‍ പാമ്പുകള്‍വിഷം പോലും പ്രയോഗിക്കുന്നത്. ഇന്ത്യയില്‍ പാമ്പുകളെ കുറിച്ച് പഠിക്കാന്‍ നിരവധി സ്ഥാപനങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ സഞ്ചാരികള്‍ക്ക് പാമ്പുകളെ ഭയമില്ലാതെ മാറി നിന്ന് കാണാന്‍ കഴിയുന്ന ഇടങ്ങള്‍ വളരെ കുറവാണ്. ഇന്ത്യയിലെ അത്തരം അഞ്ചു സ്ഥലങ്ങളെ പരിചയപ്പെടാം.
ഗിന്‍ഡി സ്‌നേക്ക് പാര്‍ക്ക്, ചെന്നൈ
1972 ല്‍ സ്ഥാപിച്ച ഇന്ത്യയിലെ ആദ്യത്തെ ഉരഗ ഉദ്യാനമാണ് ഗിന്‍ഡി സ്‌നേക്ക് പാര്‍ക്ക്. കുട്ടികളുടെ പാര്‍ക്കിനോട് ചേര്‍ന്നാണ് പാമ്പ് വളര്‍ത്തല്‍ കേന്ദ്രവും സ്ഥിതി ചെയ്യുന്നത്. കേന്ദ്ര സൂ അതോറിറ്റിയുടെ നിയമ പ്രകാരമുള്ള അംഗീകാരവും ലഭിച്ച ഇടമാണിത്. മുപ്പത്തിയൊന്‍പതോളം തരം ജീവി വര്‍ഗ്ഗങ്ങള്‍ ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നുണ്ട്. ഇതില്‍ ഇരുപത്തി മൂന്നു ഇനങ്ങള്‍ ഇന്ത്യന്‍ പാമ്പ് വര്‍ഗ്ഗത്തില്‍ പെടുന്നവയാണ്, ബാക്കി വിദേശ ഇനങ്ങളും. ഗ്ലാസ് കൂടിന്റെ ഉള്ളിലാണ് ഇവിടെ പാമ്പുകള്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്നത്.
ജലത്തില്‍ ജീവിക്കുന്ന പാമ്പുകള്‍ക്കും ആമകള്‍ക്കുമായി അക്വേറിയവും ഇവിടെ ഒരുക്കിയിരിക്കുന്നു. വരുന്ന സഞ്ചാരികള്‍ക്ക് ഇംഗ്ലീഷിലും തമിഴിലും ആവശ്യമായ വിവരങ്ങള്‍ ലഭ്യക്കാന്‍ ഇവിടെ ഗെയിഡുകളുണ്ട്. പാമ്പിനെ കുറിച്ചും വിഷത്തെ കുറിച്ചും പഠിക്കുന്ന ഗവേഷണ സ്ഥാപനവും ഈ പാര്‍ക്കിനോട് അനുബന്ധിച്ച് സ്ഥാപിച്ചിട്ടുണ്ട്. ചെന്നൈയിലെ പ്രസിദ്ധമായ നഗരമാണ് ഗിന്‍ഡി. അതുകൊണ്ടു ഇങ്ങോട്ടേക്കുള്ള യാത്രയും അത്ര ബുദ്ധിമുട്ടേറിയതല്ല. ചെന്നൈ സെന്‍ട്രലില്‍ നിന്നും കോയമ്പേട് ബസ് സ്റ്റേഷനില്‍ നിന്നും ഇവിടേക്ക് ബസുകള്‍ സുലഭമാണ്. മെട്രോ ട്രെയിന്‍ സൗകര്യവുമുണ്ട്.
കല്‍ക്കട്ട സ്‌നേക്ക് പാര്‍ക്ക്, കൊല്‍ക്കത്ത
1977 ല്‍ അന്നത്തെ ബംഗാള്‍ വനം വകുപ്പ് മന്ത്രി ദീപക് മിത്ര ഉദ്ഘാടനം നടത്തിയ പാര്‍ക്കാണിത്. വന്യജീവികളോട് അത്രമേല്‍ പ്രണയമുണ്ടായിരുന്ന ഡോക്ടര്‍ ദീപക് മിത്രയാണ് ഈ പാര്‍ക്ക് സ്ഥാപിക്കാന്‍ മുന്‍കൈയെടുത്തത്. പാമ്പുകളെ കാണുന്ന മാത്രയില്‍ കൊല്ലാന്‍ ശ്രമിക്കുന്നത് കണ്ടു മനസ്സ് നൊന്തിട്ടു തന്നെയാണ് പാമ്പുകള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് മിത്രയ്ക്ക് തോന്നിയത്. പാര്‍ക്കിലുള്ള പാമ്പുകളെ പോലും മനുഷ്യര്‍ വെറുതെ വിടാതായപ്പോള്‍ അദ്ദേഹം പാമ്പുകളെ നാട്ടുകാരില്‍ നിന്നും അകറ്റി നിര്‍ത്താന്‍ ആരംഭിച്ചു.
പക്ഷെ സന്ദര്‍ശകരുടെ നിരന്തര ആവശ്യത്തെ തുടര്‍ന്ന് അദ്ദേഹം സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുത്തു. പിന്നീട് പാമ്പുകള്‍ക്ക് വേണ്ടി അദ്ദേഹം മാളങ്ങളും ഉണ്ടാക്കിയെടുത്തു. ഇപ്പോള്‍ ഇന്ത്യയിലെ ഏറ്റവും വലിയ സുവോളജിക്കല്‍ പാര്‍ക്കാണ് കൊല്‍ക്കത്തയിലെ ഈ പാര്‍ക്ക്. രണ്ടു ഏക്കറോളം നീണ്ടു കിടക്കുന്ന ഈ പാര്‍ക്കില്‍ പാമ്പുകളെ കൂടാതെ മറ്റു ജീവികളുമുണ്ട്. നഗരത്തില്‍ നിന്നും ഒരുപാടൊന്നും അകലെ അല്ലാതെയാണ് ഈ പാര്‍ക്ക് എന്നതിനാല്‍ ഇങ്ങോട്ടേക്കുള്ള യാത്രയും കൊല്‍ക്കത്ത യാത്രയില്‍ ഒഴിവാക്കേണ്ടതില്ല. കൊല്‍ക്കത്തയില്‍ നിന്നും നാല്‍പ്പതു മിനിറ്റിനുള്ളില്‍ ഇവിടെത്താം. റോഡ് മാര്‍ഗ്ഗം സ്വീകരിക്കുന്നതാണ് നല്ലത്.
ബന്നാര്‍ഘട്ട ദേശീയ ഉദ്യാനം , ബംഗളൂരു
പാമ്പും മറ്റെളള ജീവികളെയും ഉള്‍ക്കൊള്ളുന്ന ഒരു ദേശീയ ഉദ്യാനമാണ് ബംഗളൂരുവിലെ ബന്നാര്‍ഘട്ട പാര്‍ക്ക്. 1970ല്‍ ആണ് ഇത് രൂപപ്പെട്ടത്. അതിശയിപ്പിക്കുന്ന ഉരഗങ്ങളുടെ ശേഖരമാണ് ഇവിടെയുള്ളത്. ഇരുമ്പിന്റെ വലിയ കൂടിനുള്ളില്‍ വളരെ സുരക്ഷിതരായാണ് ഇവിടെ പാമ്പുകളെ പാര്‍പ്പിച്ചിരിക്കുന്നത്. വളരെ പാരിസ്ഥിതികമായുള്ള പാറകളും പുല്ലും ചെടികളും കൊണ്ട് ഇവയുടെ മാളങ്ങള്‍ക്കു ചുറ്റും ഇവയ്ക്കുള്ള സൗകര്യങ്ങളും അധികൃതര്‍ ഒരുക്കിയിട്ടുണ്ട്. ഉദ്യാനത്തില്‍ വലിയൊരു ഭാഗം ഈ പാമ്പ് പാര്‍ക്കാന്‍. പല വിധത്തിലുള്ള പാമ്പുകളുടെ വര്‍ഗ്ഗങ്ങള്‍ ഇവിടെയുണ്ട്.
പുല്ലിനും മാളങ്ങള്‍ക്കുമിടയില്‍ ഒളിച്ചിരിക്കുന്ന പാമ്പുകളെ മിക്കപ്പോഴും സഞ്ചാരികള്‍ക്കു കണ്ടെത്താന്‍ പ്രയാസമാണ്. അവയെ കണ്ടെത്തുന്നത് തന്നെ ഇവിടെ വരുന്ന സഞ്ചാരികള്‍ക്ക് ഒരു നല്ല സമയം കൊല്ലലാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച പാമ്പ് വളര്‍ത്തല്‍ കേന്ദ്രമായി ഇതിനെ കാണാം. ബംഗളൂരുവില്‍ നിന്നും ബന്നാര്‍ഘട്ടയ്ക്കുള്ള ബസുകള്‍ സുലഭമാണ്. ബംഗളൂരു എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയാല്‍ ബസ് പിടിച്ചു ഇവിടെയെത്താം. രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് അഞ്ചര വരെയാണ് സന്ദര്‍ശന സമയം. ചൊവ്വാഴ്ച ഇവിടെ അവധി ദിവസമായിരിക്കും.
പറശ്ശിനിക്കടവ്, കണ്ണൂര്‍
കണ്ണൂര്‍ എന്ന കേരളത്തിന്റെ വടക്കന്‍ ജില്ലയിലെ പട്ടണത്തില്‍ നിന്നും പതിനാറ് കിലോമീറ്റര്‍ അകലെയാണ് പറശ്ശിനിക്കട പാമ്പുവളര്‍ത്താല്‍ കേന്ദ്രം. നൂറ്റിയന്‍പതോളം ഇനത്തില്‍ പെട്ട പാമ്പ് വര്‍ഗ്ഗങ്ങള്‍ ഇവിടെയുണ്ടെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. പാമ്പുകളില്‍ തന്നെ വിഷമില്ലാത്തവയും വിഷമുള്ളവയും ഉണ്ട്. ഇവയെ കൃത്യമായി മാറ്റി മനസ്സിലാക്കുന്ന തരത്തില്‍ തരം തിരിച്ചാണ് ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. വാമഹാനാശ ഭീഷണി നേരിടുന്ന പല ഇനങ്ങളും പറശ്ശിനിക്കടവില്‍ ജീവിക്കുന്നുണ്ട്. കണ്ണട മൂര്‍ഖന്‍, രാജവെമ്പാല, മണ്ഡലി, വെള്ളിക്കെട്ടന്‍, കുഴിമണ്ഡലി, മലമ്പാമ്പ് എന്നീ ഇനങ്ങള്‍ ഇവിടെ ശ്രദ്ധയാകര്‍ഷിക്കാറുണ്ട്.
പാമ്പുകളെ കൂടാതെ കുരങ്ങ്, കാട്ടുപൂച്ച, ഉടുമ്പ്, മുതല തുടങ്ങിയ ജീവികളെയും മൂങ്ങ, ഗിനിക്കോഴി, പരുന്ത്, മയില്‍ എന്നെ ജീവികളും ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നു. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനാണ് ഇവിടെ അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍. എയര്‍പോര്‍ട്ട് കോഴിക്കോട് ആണ്. ഇവിടെ നിന്നും തൊണ്ണൂറിലധികം കിലോമീറ്റര്‍ അകലെ.
കത്രാജ് ദേശീയ ഉദ്യാനം, പൂനെ
പൂനെയിലെ കത്രാജ് എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന നാല്‍പത്തിരണ്ടു ഏക്കറില്‍ ഉദ്യാനമാണ് രാജീവ് ഗാന്ധി ദേശീയ ഉദ്യാനം. ഇതിനുള്ളില്‍ തന്നെയാണ് പാമ്പ് വളര്‍ത്തല്‍ കേന്ദ്രവും. മറ്റു മൃഗങ്ങളും ഈ സുവോളജിക്കല്‍ പാര്‍ക്കിലുണ്ട്. കത്രാജ് പാമ്പ് ഉദ്യാനമാണ് പിന്നീട് രാജീവ് ഗാന്ധി സുവോളജിക്കല്‍ പാര്‍ക്കായി പുനര്‍ നാമകരണം ചെയ്യപ്പെട്ടത്. പാമ്പുകളെ കൂടാതെ അനാഥരാക്കപ്പെട്ട, മുറിവേറ്റ മൃഗങ്ങളെയും ഇവിടെ കൊണ്ട് വന്നു ശുശ്രൂഷിക്കാറുണ്ട്.
ഇരുപത്തിരണ്ടോളം ഇനത്തില്‍ പെട്ട പാമ്പുകള്‍ ഇവിടെയുണ്ടന്നു അധികൃതര്‍ അവകാശപ്പെടുന്നുണ്ട്. പതിമൂന്നു അടിയുള്ള രാജവെമ്പാല മുതല്‍ ഏറ്റവും ചെറിയ പാമ്പുകളെ വരെ ഇവിടെ കാണാം. മനുഷ്യര്‍ക്ക് പാമ്പുകളോടുള്ള ഭയം മാറാനായി പാമ്പ് ഉത്സവങ്ങള്‍ ഇവിടെ അധികൃതര്‍ നടത്താറുണ്ട്. ഭാരതി വിദ്യാപീഠ സര്‍വ്വകലാശാലയുടെ അടുത്ത് പൂനെ-സത്താറ ഹൈവേയിലാണ് ഈ പാര്‍ക്ക്. പൂനെ നഗരത്തില്‍ നിന്നും 8 കിലോമീറ്റര്‍.