Kerala

വാഴച്ചാല്‍-മലക്കപ്പാറ റോഡില്‍ ഇരുചക്രവാഹനങ്ങള്‍ക്കുള്ള വിലക്ക് നീക്കി

പ്രളയത്തിലും ഉരുള്‍പൊട്ടലിലും റോഡിന്റെ പലഭാഗങ്ങളും ഒലിച്ചുപോയതും മണ്ണിടിച്ചില്‍മൂലവും ആനമലറോഡില്‍ ഇരുചക്രവാഹനങ്ങള്‍ക്കുണ്ടായിരുന്ന ഗതാഗതനിരോധനം നീക്കി. ഇരുചക്രവാഹനയാത്രികരുടെ ഏറ്റവും ഇഷ്ടപ്പെട്ട കാനനസഞ്ചാരപാതയായ അതിരപ്പിള്ളി-മലക്കപ്പാറ റോഡില്‍ അപകടസാധ്യതയുള്ളതിനാലാണ് ഗതാഗതം വിലക്കിയിരുന്നത്.

യാത്രയ്ക്കിടയില്‍ എന്തെങ്കിലും അപകടങ്ങളുണ്ടായാല്‍ ഉത്തരവാദി താനായിരിക്കുമെന്ന് സത്യവാങ്മൂലം എഴുതി നല്‍കിയാലേ ഇരുചക്രവാഹനങ്ങള്‍ കടത്തിവിടൂ. റോഡിലെ തകരാറുകള്‍ അത്യാവശ്യം പരിഹരിച്ചശേഷം ഒക്ടോബര്‍മുതല്‍ വിനോദസഞ്ചാരികളുടെ കാര്‍ തുടങ്ങിയ വാഹനങ്ങള്‍ കടത്തിവിട്ടിരുന്നു. എന്നാല്‍ റോഡിന്റെ അറ്റകുറ്റപ്പണികള്‍ തുടങ്ങിയിട്ടും

കടത്തിവിടാത്തത് ഏറെ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. വനംവകുപ്പിന്റെ വാഴച്ചാല്‍, മലക്കപ്പാറ ചെക്ക്‌പോസ്റ്റുകളില്‍ ബൈക്കുയാത്രക്കാരും വനപാലകരും തമ്മില്‍ മിക്ക ദിവസങ്ങളിലും സംഘര്‍ഷവും പതിവായിരുന്നു.

വേനല്‍ കടുത്തതോടെ ആനയുള്‍പ്പെടെ നിരവധി വന്യമൃഗങ്ങള്‍ പുഴയിലേക്കു പോകാന്‍ റോഡു മുറിച്ചുകടക്കാനിടയുണ്ട്. അമിതവേഗമില്ലാതെ സൂക്ഷിച്ചുപോയില്ലെങ്കില്‍ ഈ റൂട്ടില്‍ അപകടസാധ്യത ഏറെയാണ്. സൈലന്‍സര്‍ രൂപമാറ്റം വരുത്തി അമിതശബ്ദമുള്ള ബൈക്കുകളും അമിതശബ്ദമുണ്ടാക്കുന്ന ന്യൂജെന്‍ ബൈക്കുകള്‍ക്കുമുള്ള നിരോധനം തുടരും. രാവിലെ ആറുമണിമുതല്‍ വൈകീട്ട് നാലുമണിവരെയാണ് ഇരുചക്രവാഹനങ്ങള്‍ കടത്തിവിടുന്നത്.