കൗതുകകരമായ പരസ്യ വാചകങ്ങളോടെ ബിആര്‍ഡിസിയുടെ ‘സ്‌മൈല്‍’ പദ്ധതി ശ്രദ്ധേയമാകുന്നു

ലോകത്ത് എല്ലാ മനുഷ്യരും പുഞ്ചിരിക്കുന്നത് ഒരേ ഭാഷയിലാണെന്നും, നാട്ടുരുചികള്‍ വിനോദ സഞ്ചാര മേഖലയുടെ മര്‍മ്മമാണെന്നും, ‘കഥ പറച്ചില്‍’ പുതിയ കാല ടൂറിസം വിപണിയിലെ ശക്തമായ ആയുധമാണെന്നും കൂടി സൂചിപ്പിക്കുന്നതാണ് ബിആര്‍ഡിസി പുറത്തിറക്കിയ മൂന്ന് ‘സ്‌മൈല്‍’ പരസ്യങ്ങള്‍. ഉത്തര മലബാറില്‍ അനുഭവവേദ്യ ടൂറിസം ആധാരമാക്കിയുള്ള സംരംഭകരെ വളര്‍ത്തുക എന്ന ലക്ഷ്യമിട്ടാണ് ബിആര്‍ഡിസി ‘സ്‌മൈല്‍’ പദ്ധതി നടപ്പിലാക്കുന്നത്.

കേരള സര്‍ക്കാര്‍ ടൂറിസം വകുപ്പിന് കീഴിലുള്ള ബിആര്‍ഡിസിയുടെ ആഭിമുഖ്യത്തില്‍ ഉത്തര മലബാറില്‍ ടൂറിസം സംരംഭങ്ങള്‍ തുടങ്ങുന്നവര്‍ക്ക് വേണ്ടി ‘സ്‌മൈല്‍’ ശില്പശാലകള്‍ സംഘടിപ്പിക്കുന്നു. നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ സഹകരണത്തോടെ കണ്ണൂരില്‍ വെച്ച് മാര്‍ച്ചില്‍ നടക്കുന്ന അടുത്ത ശില്പശാലയില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ താല്‍പ്പര്യമുള്ള സ്ത്രീകള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമാണ് പങ്കെടുക്കാന്‍ സാധിക്കുക.

അവസരങ്ങളുടെ ഉത്തര മലബാര്‍

ഉത്തര മലബാറിലേക്കുള്ള വിനോദസഞ്ചാരികളുടെ വരവില്‍ ഗണ്യമായ വര്‍ദ്ധനവാണ് സമീപകാലത്തായി ഉണ്ടായിട്ടുള്ളത്. വലിയ മുതല്‍ മുടക്കില്ലാതെ തന്നെ സ്വന്തമായ സംരംഭങ്ങള്‍ തുടങ്ങാന്‍ അവസരങ്ങളുള്ള മേഖലയാണ് ടൂറിസം. വരുമാനം കണ്ടെത്തുന്നതിനോടൊപ്പം വിജ്ഞാനത്തിനും വിനോദത്തിനും കൂടി ഉതകുന്നതാണ് ഈ രംഗം. ഉത്തര മലബാറിന്റെ നാടന്‍ രുചിയും നാട്ടു കാഴ്ചകളും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് ഏറെ ആകര്‍ഷകമാണ്. വനിതാ ടൂറിസ്റ്റുകള്‍ക്ക് മാത്രമായി സേവനം നല്‍കുന്ന സംരംഭങ്ങള്‍ക്കും ടൂറിസം വിപണിയില്‍ അവസരങ്ങളുണ്ട്.

 

ഹോംസ്റ്റേ, ബഡ്ജറ്റ് റിസോര്‍ട്ട്, സര്‍വീസ്ഡ് വില്ല, ഫാം ടൂറിസം, ആയുര്‍വേദ സെന്റര്‍, തനത് കല, യോഗ, കളരി സെന്റര്‍ മുതലായ ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്ക് വിപുലമായ സാധ്യതകളാണ് ഉള്ളത്. പാചക കല, തനത് കല, സംഗീതം, നൃത്തം, കളരി, യോഗ, ചിത്ര- ശില്പകല, കരകൗശലം മുതലായ മേഖലയില്‍ നൈപുണ്യമുള്ളവര്‍ക്കും മുന്നിലുള്ളത് മികച്ച അവസരങ്ങളാണ്.

പുഞ്ചിരിക്കാം, ‘സ്‌മൈല്‍’ലൂടെ

ചുരുങ്ങിയ കാലം കൊണ്ട് തന്നെ ടൂറിസം മേഖലയില്‍ ശ്രദ്ധ പിടിച്ചു പറ്റിയ പദ്ധതിയാണ് ബി.ആര്‍.ഡി.സിയുടെ സ്‌മൈല്‍ (SMiLE) അഥവാ Small & Medium Industries Leveraging Experiential Tourism. ഉത്തര മലബാറില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന 93 സംരംഭകരില്‍ 28 ശതമാനവും സ്ത്രീകളാണ്. കുടുംബാംഗങ്ങള്‍ എല്ലാവരുടെയും പ്രായഭേദമന്യെയുള്ള പങ്കാളിത്തത്തോടെ ആണ് മിക്ക സംരംഭങ്ങളും നടത്തി വരുന്നത്. ഭൂരിപക്ഷം യൂണിറ്റുകളും മദ്യത്തിന്റെ ഉപഭോഗം പൂര്‍ണമായും ഒഴിവാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. സംരംഭകര്‍ക്ക് ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം അത്യാവശ്യ ഘടകമല്ല എന്നതും വസ്തുതയാണ്.

സംരംഭകത്വ വികസനത്തിനും വിപണനത്തിനും ഊന്നല്‍ നല്‍കിയുള്ള പരിശീലനവും സഹായക സേവനങ്ങളുമാണ് ‘സ്‌മൈല്‍’ പദ്ധതി വഴി ലഭിക്കുന്നത്. വിജയികളായ സംരംഭകരും വിദഗ്ധരും ശില്പശാലയില്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കും. പ്രാരംഭ ശില്പശാലക്ക് ശേഷം തുടര്‍ നടപടികളുമായി മുന്നോട്ടു വരുന്നവര്‍ക്ക് പദ്ധതി രൂപ കല്പന തൊട്ട് വിപണനം വരെയുള്ള വിവിധ ഘട്ടങ്ങളില്‍ ബി.ആര്‍ഡിസി യുടെ സേവനങ്ങള്‍ ലഭ്യമാകും.

ശില്പശാലയില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ബിആര്‍ഡിസി വെബ്‌സൈറ്റില്‍ www.bekaltourism.com മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടാം 9446863300 (രജിത. എം), 9447518950 (സജിത്ത് കുമാര്‍)