Adventure Tourism

ആത്മാക്കളുറങ്ങുന്ന കേരളത്തിലെ മൂന്നിടങ്ങള്‍

കാടും, മഴയും, കുന്നും, കാറ്റും, മഞ്ഞും, വെയിലുമെല്ലാം നിറഞ്ഞതാണ് നമ്മുടെ കേരളം. ലോക സഞ്ചാരികള്‍ തേടിപിടിച്ച് എത്തുന്ന ഏകയിടവുമാണ് കേരളം. എന്നാല്‍ അല്‍പം സാഹസികരായ സഞ്ചാരികള്‍ക്ക് ഇഷ്ടമാവുന്ന മൂന്നിടങ്ങള്‍നമുക്ക് പരിചയപ്പെടാം.. പേടിപ്പെടുത്തുന്ന ഇപ്പോഴും ആത്മാക്കളുറങ്ങുന്നയിടമെന്ന് വിശ്വസിക്കുന്നയിടങ്ങള്‍…

ബാധയുള്ള ബോണക്കാട് ബംഗ്ലാവ്

ബോണക്കാട് ബംഗ്ലാവിനെ അറിയുന്നവര്‍ക്ക് എന്നും ഭയപ്പെടുത്തുന്ന ഓര്‍മ്മകളെ പങ്കിടാനുണ്ടാകൂ. ഇതിനെ ചുറ്റിയുള്ള കഥകള്‍ ആരംഭിക്കുന്നത് ഏകദേശം 68 വര്‍ഷങ്ങള്‍ക്കു മുമ്പാണ്. ഒരു വിദേശിയാണ് ഈ ബംഗ്ലാവ് നിര്‍മ്മിച്ചത്. തിരുവനന്തപുരത്തു നിന്നും 55 കിലോമീറ്റര്‍ ദൂരമുണ്ട് ബോണക്കാടിന്.

കുടുംബവുമൊത്തു സന്തോഷത്തോടെ ഇവിടെ താമസമാരംഭിച്ച അയാള്‍ക്ക്, ആ സന്തോഷം നഷ്ടപ്പെടാന്‍ അധിക കാലം വേണ്ടി വന്നില്ല. പതിമൂന്നു വയസ്സു മാത്രം പ്രായമുള്ള അദ്ദേഹത്തിന്റെ മകള്‍ വളരെ ദുരൂഹമായ സാഹചര്യത്തില്‍ കൊല ചെയ്യപ്പെട്ടു. മകളുടെ മരണത്തില്‍ മനംനൊന്ത് ആ കുടുംബം തിരികെ ലണ്ടനിലേക്ക് മടങ്ങി. പിന്നെ ഈ ബംഗ്ലാവിലെത്തിയവര്‍ക്ക് എന്നും ഭയപെടുത്തുന്ന രാത്രികളായിരുന്നു. പലരും ആ പെണ്‍കുട്ടിയെ അവിടെ കണ്ടെന്നു പറയുന്നു.

അങ്ങനെ ഉപേക്ഷിക്കപ്പെട്ട ആ വീട്ടില്‍ നിന്നും വര്‍ഷങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും ചിലപ്പോള്‍ നിലവിളികള്‍ കേള്‍ക്കാറുണ്ടെന്നു സമീപവാസികള്‍ പറയാറുണ്ട്. ധൈര്യശാലികളായ പലരും പിന്നീട് ഇവിടെ താമസിക്കാനെത്തിയെങ്കിലും അര്‍ധരാത്രികളില്‍ ആ പെണ്‍കുട്ടിയെ കണ്ടു ബോധം മറഞ്ഞ കഥകളും നിരവധിയുണ്ട്.

തോട്ടം തൊഴിലാളികളാണ് ഇന്ന് ബോണക്കാട് താമസിക്കുന്നത്. അവര്‍ക്കും സമാനമായ നിരവധി അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അവിടെ വിറകു പെറുക്കാന്‍ ചെന്ന ഒരു പെണ്‍കുട്ടി പിന്നീട് ഇംഗ്ലീഷ് മാത്രം സംസാരിക്കാന്‍ തുടങ്ങിയതുമെല്ലാം ബോണക്കാട് ബംഗ്ലാവിനെ പറ്റി പറഞ്ഞു കേള്‍ക്കുന്ന കഥകളാണ്.

കരിന്തണ്ടന്റെ ആത്മാവ് ഉറങ്ങുന്ന ലക്കിടി

ഒരിക്കലെങ്കിലും വയനാടിന്റെ സൗന്ദര്യം കാണാന്‍ ചുരം കയറിയിട്ടുള്ളവരായിരിക്കും നമ്മില്‍ ഒട്ടുമിക്കവരും. വയനാടിന്റെ കവാടമായ ലക്കിടി, കരിന്തണ്ടന്റെ ആത്മാവ് അലഞ്ഞു നടക്കുന്ന ഒരിടമാണ്.


കഥ തുടങ്ങുന്നത് ബ്രിട്ടീഷ് കാലത്തു നിന്നാണ്. വയനാട്ടിലേക്ക് വഴിയന്വേഷിച്ചെത്തിയ ഒരു ബ്രിട്ടീഷ് എഞ്ചിനീയര്‍ക്കു ദുര്‍ഘടമായ മലയിടുക്കുകളിലൂടെ വഴികാട്ടിയത് കരിന്തണ്ടന്‍ എന്ന ആദിവാസി യുവാവായിരുന്നു. ആ സഹായത്തിനു അയാള്‍ക്ക് കിട്ടിയതോ മരണശിക്ഷയും. വഴി കണ്ടുപിടിച്ചതിന്റെ ബഹുമതി സ്വന്തമാക്കാനായിരുന്നു ഇങ്ങനൊരു നിഷ്ഠൂരകൃത്യത്തിനു എഞ്ചിനീയര്‍ തുനിഞ്ഞത്. മരണമടഞ്ഞ കരിന്തണ്ടന്റെ ആത്മാവ് വെറുതെയിരുന്നില്ല.

താന്‍ കണ്ടുപിടിച്ച വഴിയിലൂടെ യാത്ര ചെയ്യുന്നവരെയെല്ലാം ശല്യം ചെയ്യാന്‍ തുടങ്ങി. ഉപദ്രവമേറി വന്നപ്പോള്‍ ഏതോ മന്ത്രവാദി കരിന്തണ്ടനെ ചങ്ങലയാല്‍ ബന്ധിച്ചു ഒരു മരത്തില്‍ കെട്ടിയിട്ടു. മരം വളരുന്നതിനൊപ്പം ആ ചങ്ങലയും വളരുന്നുണ്ടെന്ന വിശ്വാസവും അവിടെ പറഞ്ഞു കേള്‍ക്കുന്നുണ്ട്. ഇപ്പോഴും ഇരുട്ടിനു കനംവയ്ക്കമ്പോള്‍ സമയം പാതിരയോടടുക്കുമ്പോള്‍..

ആരുടെയോ ഹൃദയം നുറുങ്ങുന്ന ഞരക്കങ്ങളും മൂളലുകളും കേള്‍ക്കാം..ഒറ്റമുണ്ടു മാത്രമുടുത്ത, കറുത്ത് മെലിഞ്ഞ ഒരു രൂപം ഇരുട്ടില്‍ നിന്ന് തുറിച്ചു നോക്കുന്നതു കാണാം.. അതിലെ കടന്നു പോകുന്ന അനുഭവസ്ഥര്‍ ഇപ്പോഴും ഭയപ്പാടോടെ മാത്രമേ ചങ്ങല മരത്തെയും കരിന്തണ്ടനെയും കാണാറുള്ളൂ.

ഇരുളില്‍ തിളങ്ങുന്ന അതിരപ്പള്ളി കാടുകള്‍

അതിരപ്പള്ളി വെള്ളച്ചാട്ടവും കാടുമെല്ലാം പകല്‍ വെളിച്ചത്തില്‍ എത്രത്തോളം മനോഹരമായ കാഴ്ചയാണെന്നു യാത്രകളെ സ്‌നേഹിക്കുന്ന ആര്‍ക്കും വിശദീകരിച്ചു തരേണ്ട കാര്യമുണ്ടാകില്ല. സിനിമകളിലൂടെയും നേരിട്ടുമൊക്കെ ആ വെള്ളച്ചാട്ടത്തിന്റെയും കാടിന്റെയുമൊക്കെ സൗന്ദര്യം എല്ലാക്കാലത്തും ആസ്വദിക്കുന്നവരാണ് മിക്കവരും. പകലിന്റെ വെളിച്ചം മറയുമ്പോള്‍. ഇരുട്ടില്‍ ആ കാടിനുള്ളില്‍ തിളങ്ങുന്ന കണ്ണുകളോടെ സഞ്ചാരികളെ ഭയപ്പെടുത്തുന്ന ഒരു കൊച്ചു രൂപമുണ്ട്.

ട്രെക്കിങ്ങിനു ഇവിടെയെത്തുന്ന സഞ്ചാരികള്‍ രാത്രികളില്‍ ഇവിടെ ക്യാമ്പ് ഫെയര്‍ സംഘടിപ്പിച്ചു യാത്ര ആസ്വദിച്ചിരിക്കുമ്പോള്‍, ചിലപ്പോഴൊക്കെ അവനെ കണ്ടിട്ടുണ്ട്. പക്ഷേ പകലില്‍ അങ്ങനെയൊരു അനുഭവം ആര്‍ക്കും ഉണ്ടായിട്ടില്ല. പണ്ടെപ്പോഴോ അവിടെ വെച്ച് മരിച്ചുപോയ ഒരു കുഞ്ഞു ബാലന്റെ ആത്മാവാണിതെന്നു പറയപ്പെടുന്നു. പേടിപ്പിക്കാന്‍ ഇരുട്ടത്ത് തിളങ്ങുന്ന കണ്ണുകളുമായി അവന്‍ അവിടെ നില്‍പ്പുണ്ട്..അതിരപ്പള്ളിയെ ആസ്വദിക്കാന്‍ എത്തുന്നവരെയും കാത്ത്.