Aviation

വനിതാ ദിനം മുതല്‍ ഫ്‌ളൈറ്റുകളില്‍ സാനിറ്ററി പാഡുകള്‍ നല്‍കാനൊരുങ്ങി വിസ്താര എയര്‍ലൈന്‍സ്

ഭൂമിയില്‍ വെച്ചോ ആകാശത്തു വെച്ചോ എപ്പോഴാണ് ഒരു സ്ത്രീയ്ക്ക് സാനിറ്ററി പാഡുകളുടെ ആവിശ്യം വരികയെന്ന് പറയാനാകില്ല. നീണ്ട യാത്രകള്‍ക്കിടയില്‍ വേണ്ടുന്ന എല്ലാ വിധ സുഖ സൗകര്യങ്ങളും ഒരുക്കുന്നുവെന്നു പറഞ്ഞാലും ഒരു സ്ത്രീയ്ക്ക് ഏറ്റവും അത്യാവശമായ സാനിറ്ററി പാഡുകള്‍ ഇന്നുവരെ ഒരു ഇന്ത്യന്‍ എയര്‍ സര്‍വീസുകളും വിമാനത്തിനുള്ളില്‍ ലഭ്യമാക്കിയിരുന്നില്ല.

അനാവശ്യ കാര്യമെന്ന് പറഞ്ഞ് നിസ്സാരമായി തള്ളിക്കളയാതെ സ്ത്രീകള്‍ക്ക് ഈ വനിതാ ദിനം മുതല്‍ ഫ്ളൈറ്റുകളില്‍ സാനിറ്ററി പാഡുകള്‍ ലഭ്യമാക്കാനുള്ള പുരോഗമന പരമായ തീരുമാനം എടുത്തിരിക്കുകയാണ് വിസ്തരാ എയര്‍ലൈന്‍സ്. രാജ്യത്ത് ആദ്യമായാണ് മറ്റ് ആവിശ്യവസ്തുക്കള്‍ക്കൊപ്പം യാത്രക്കാര്‍ക്ക് സാനിറ്ററി നാപ്കിന്‍ കൂടി ലഭ്യമാകുന്നത്. ”പാഡ്‌സ് ഓണ്‍ ബോര്‍ഡ്” എന്നാണ് ഈ സംരംഭത്തിന് വിസ്തരാ നല്‍കിയ പേര്.

ഐഎസ്ഓ അംഗീകരിച്ച എളുപ്പത്തില്‍ മണ്ണില്‍ ലയിക്കുന്ന പരിസ്ഥിതി സൗഹൃദ സാനിറ്ററി പാഡുകളാണ് ഈ എയര്‍ലൈന്‍സ് ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. കൂടുതലും പ്രകൃതിദത്ത അസംസൃത വസ്തുക്കളാല്‍ നിര്‍മ്മിതമായ ഈ സാനിറ്ററി പാഡുകള്‍ ആരോഗ്യത്തിനു ഹാനികരമായ പ്ലാസ്റ്റിക്കുകളില്‍ നിന്നും രാസവസ്തുക്കളില്‍ നിന്നും മുക്തവുമാണ്.

യാത്രക്കാരുടെ സൗകര്യമാണ് ഞങ്ങള്‍ക്ക് ഏറ്റവും വലുതെന്നാണ് വിസ്തര എയര്‍ലൈന്‍സ് ഉദ്യോഗസ്ഥരെല്ലാം ഒറ്റക്കെട്ടായി പറയുന്നത്.” ചെറിയ കാര്യങ്ങള്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയേക്കാം എന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്” വിസ്താര എയര്‍ലൈന്‍സ് സീനിയര്‍ വൈസ് പ്രസിഡന്റ് ദീപ ചന്ദ പറയുന്നു. ഇന്ത്യയില്‍ ഇത്തരമൊരു വലിയ മാറ്റത്തിനു തുടക്കം കുറിച്ചത് എന്റെ സ്ഥാപനമാണെന്നു പറയുന്നതില്‍ ഒരു സ്ത്രീ എന്ന നിലയ്ക്ക് എനിക്ക് അത്യധികം അഭിമാനമുണ്ടെന്ന് അവര്‍  പറഞ്ഞു.

കഴിഞ്ഞ വര്‍ഷമാണ് എയര്‍പോര്‍ട്ടുകളില്‍ സാനിറ്ററി പാഡുകള്‍ കത്തിക്കുവാനുള്ള യന്ത്രങ്ങള്‍ സ്ഥാപിക്കാന്‍ തുടങ്ങിയത്. 2017 ല്‍ ഇന്‍ഡോര്‍ എയര്‍ പോര്‍ട്ടിലാണ് ഇത്തരത്തിലുള്ള ആദ്യത്തെ യന്ത്രം സ്ഥാപിച്ചത്. പിന്നീട് തിരുവനന്തപുരം, കൊല്‍ക്കത്ത, വഡോദര, പോര്‍ട്ട് ബ്ലായര്‍, ഗുവാഹത്തി, വാരണാസി സൂറത്ത് തുടങ്ങിയ പ്രമുഖ എയര്‍ പോര്‍ട്ടുകളിലെല്ലാം സ്ത്രീകള്‍ക്ക് സാനിറ്ററി നാപ്കിനുകള്‍ സമയത്തിന് മാറ്റുവാനും ഉപയോഗിച്ച് കഴിഞ്ഞവ നശിപ്പിച്ചു കളയുവാനുമുള്ള സംവിധാനം ഏര്‍പ്പെടുത്തി.