Kerala

സഞ്ചാരികളെ വരവേല്‍ക്കാനൊരുങ്ങി മീന്‍മുട്ടി ഹൈഡല്‍ ടൂറിസം

ഒരു പതിറ്റാണ്ടായി അടച്ചിട്ടിരുന്ന നന്ദിയോട് പഞ്ചായത്തിലെ മീന്‍മുട്ടി ഹൈഡല്‍ ടൂറിസം പദ്ധതി ഇന്ന് വീണ്ടും തുറക്കും. ലക്ഷങ്ങള്‍ ചെലവിട്ട് ആധുനികരീതിയില്‍ നവീകരിച്ച ടൂറിസം പാക്കേജില്‍ സഞ്ചാരികള്‍ക്ക് ബോട്ടിങ് ഉള്‍പ്പെടെയുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. വൈകുന്നേരം മൂന്നു മണിക്ക് ഡാം റിസര്‍വോയറില്‍ ചേരുന്ന പൊതുസമ്മേളനത്തില്‍ വൈദ്യുതിവകുപ്പ് മന്ത്രി എം.എം.മണി, നവീകരിച്ച ടൂറിസം പദ്ധതി നാടിനു സമര്‍പ്പിക്കും. വൈദ്യുതിവകുപ്പിന്റെ കീഴിലാണ് ഹൈഡല്‍ ടൂറിസം പ്രവര്‍ത്തിക്കുന്നത്.

2006-ല്‍ മന്ത്രി എ.കെ.ബാലനാണ് പദ്ധതിക്കു തുടക്കം കുറിച്ചത്. എന്നാല്‍, കുമരകം ബോട്ടപകടത്തെ തുടര്‍ന്ന് ഇവിടത്തെയും ബോട്ട് സര്‍വീസുകള്‍ നിര്‍ത്തിവച്ചു. നിലവില്‍ നവീകരിച്ച പദ്ധതിയില്‍ മൂന്നുപേര്‍ക്കു സഞ്ചരിക്കാവുന്ന പെഡല്‍ ബോട്ടുകളും എട്ടു പേര്‍ക്ക് സഞ്ചരിക്കാവുന്ന ലോ സ്പീഡ് ബോട്ടുകളും സജ്ജമാക്കിയിട്ടുണ്ട്. വാമനപുരം നദിയുടെ തീരങ്ങള്‍ കണ്ട് സന്ദര്‍ശകര്‍ക്കു യാത്രചെയ്യാവുന്ന തരത്തിലാണ് ബോട്ടിങ് സംവിധാനം ഒരുക്കിയിട്ടുള്ളത്.

ഏറെ താമസിയാതെ എം.എല്‍.എ.ഫണ്ടില്‍നിന്ന് ഒരു സ്പീഡ് ബോട്ടുകൂടി ഇവിടെയെത്തും. കൂടാതെ കഫ്റ്റീരിയ, കുട്ടികളുടെ പാര്‍ക്ക് എന്നിവയും വിനോദകേന്ദ്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വാമനപുരം നദിയില്‍നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന മീന്‍മുട്ടി വൈദ്യുതപദ്ധതിയോടു ചേര്‍ന്നാണ് ടൂറിസം കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. രാവിലെ പത്തു മുതല്‍ വൈകീട്ട് ആറു മണി വരെയാണ് മീന്‍മുട്ടി ഹൈഡല്‍ ടൂറിസം കേന്ദ്രത്തിന്റെ പ്രവര്‍ത്തനസമയം. തിരുവനന്തപുരം-തെങ്കാശി പാതയില്‍ നന്ദിയോടുനിന്ന് അഞ്ചു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മീന്‍മുട്ടി ഹൈഡല്‍ ടൂറിസം കേന്ദ്രത്തിലെത്താം.