Auto

ചെന്നൈ മെട്രോ സ്റ്റേഷനുകളിലെ ഇലക്ട്രിക്ക് സ്‌കൂട്ടര്‍ സൂപ്പര്‍ ഹിറ്റ്

ചെന്നൈ നഗരത്തിലെ 4 മെട്രോ സ്റ്റേഷനുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയ ഇലക്ട്രിക് സ്‌കൂട്ടര്‍ സംവിധാനം വിജയമായതായി സിഎംആര്‍എല്‍. 10 ദിവസത്തിനിടെ ആയിരത്തോളം പേര്‍ സ്‌കൂട്ടര്‍ സംവിധാനം ഉപയോഗപ്പെടുത്തിയതായി മെട്രോ അധികൃതര്‍ വ്യക്തമാക്കി. ഗിണ്ടി, ആലന്തൂര്‍, വടപളനി, അണ്ണാനഗര്‍ ടവര്‍ തുടങ്ങിയ സ്റ്റേഷനുകളിലാണ് സ്‌കൂട്ടറുകള്‍ ലഭ്യമാക്കിയത്. വൈകാതെ മറ്റു സ്റ്റേഷനുകളിലേക്കും വ്യാപിപ്പിക്കും. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വോഗോ ഓട്ടമൊബീല്‍ കമ്പനിയുമായി സഹകരിച്ചാണു പദ്ധതി നടപ്പാക്കിയത്.

യാത്രക്കാര്‍ അല്ലാത്തവര്‍ക്കും സ്‌കൂട്ടറുകള്‍ ഉപയോഗിക്കാം. 10 രൂപയാണ് അടിസ്ഥാന നിരക്ക്. പിന്നീടുള്ള ഓരോ മിനിറ്റിനും 17 പൈസ വീതം നല്‍കിയാല്‍ മതിയാകും. സ്‌കൂട്ടറുകള്‍ ഉപയോഗിക്കാന്‍ വോഗോ അപ്ലിക്കേഷന്‍ സ്മാര്‍ട് ഫോണുകളില്‍ ഡൗണ്‍ലോഡ് ചെയ്ത ശേഷം ലൈസന്‍സ് പകര്‍പ്പ് അപ്ലോഡ് ചെയ്യണം. ആപ്ലിക്കേഷനില്‍ റജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന രഹസ്യ കോഡ് വാഹനത്തിന്റെ താക്കോല്‍ ദ്വാരത്തിനു സമീപത്തെ കീ പാഡില്‍ രേഖപ്പെടുത്തിയാല്‍ വാഹനം ഉപയോഗിച്ചു തുടങ്ങാം. ജിപിഎസിന്റെ സഹായത്തോടെ വാഹനം എവിടെയെന്നു തല്‍സമയം അറിയാം. മൊബൈലിലൂടെയോ നേരിട്ടോ പണമടയ്ക്കാം. ഹെല്‍മെറ്റും കമ്പനി നല്‍കും. സ്‌കൂട്ടര്‍ നിന്നു പോയാല്‍ കമ്പനി അധികൃതരുമായി ബന്ധപ്പെടാനും സൗകര്യമുണ്ട്. രാവിലെ 6 മുതല്‍ രാത്രി 10 വരെയാണു സേവനം ലഭിക്കുക.

നഗരത്തിലെ എല്ലാ മെട്രോ സ്റ്റേഷനുകളിലും ഷെയര്‍ ഓട്ടോ, ടാക്‌സി സംവിധാനങ്ങള്‍ തുടങ്ങുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായതായും സിഎംആര്‍എല്‍ അറിയിച്ചു. ജൂണ്‍ അവസാനത്തോടെ എല്ലാ സ്റ്റേഷനുകളിലും പദ്ധതി നടപ്പാക്കും. നിലവില്‍ ആകെയുള്ള 32 സ്റ്റേഷനുകളില്‍ 10 സ്റ്റേഷനുകളില്‍ മാത്രമാണു ഷെയര്‍ റൈഡ് പദ്ധതിയുള്ളത്. കൂടാതെ ചെന്നൈ കോര്‍പറേഷനുമായി സഹകരിച്ചു സൈക്കിള്‍ പദ്ധതി കൂടുതല്‍ വ്യാപിപ്പിക്കുമെന്നും മെട്രോ അധികൃതര്‍ വ്യക്തമാക്കി.ഭൂഗര്‍ഭ പാതകളില്‍ വൈഫൈ സംവിധാനം, പാട്ടുകളും, സിനിമകളും ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള പ്രത്യേക ആപ്ലിക്കേഷന്‍, ട്രെയിനുകളില്‍ ഡിജിറ്റല്‍ ബോര്‍ഡ് തുടങ്ങിയ സൗകര്യങ്ങള്‍ 2 മാസത്തിനുള്ളില്‍ പ്രവര്‍ത്തന സജ്ജമാകും. നിലവില്‍ യാത്രക്കാരുടെ എണ്ണം 60,000ല്‍ നിന്ന് ഒരുലക്ഷത്തോളമായി ഉയര്‍ന്നതായും മെട്രോ അധികൃതര്‍ പറഞ്ഞു.