കേരളത്തിന്റെ സ്വന്തം ചുണ്ടന്‍ വള്ളങ്ങളിനി തേംസിന്റെ ഓളങ്ങളിലും

കേരളത്തിന്റെ ഓളപരപ്പിലെ കരിനാഗങ്ങള്‍ ഇനി തേംസ് നദിയേയും ഇളക്കി മറിക്കും. ഇംഗ്ലണ്ടിലെ തേംസ് നദിയില്‍ നമ്മുടെ ചുണ്ടന്‍ വള്ളങ്ങള്‍ ഓളം തീര്‍ക്കുന്നത് കാണാന്‍ ഇനി ദിവസങ്ങള്‍ മാത്രം. വള്ളങ്ങളെ ഇംഗ്ലണ്ടിലേക്ക് എത്തിക്കുന്ന നടപടി ക്രമങ്ങള്‍ കൃത്യമായി പൂര്‍ത്തിയാകുകയാണെങ്കില്‍ ചുണ്ടന്‍ വേഗത്തില്‍ കടല്‍ കടക്കും.

സെപ്റ്റംബറില്‍ ഇംഗ്ലണ്ടിലെ തേംസ് റിവര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കാനുള്ള ക്ഷണമാണ് ചുണ്ടന്‍ വള്ളത്തിലൂടെ കേരളത്തിന് ലഭിച്ചിരിക്കുന്നത്. പ്രദര്‍ശനങ്ങളും സാംസ്‌കാരിക പരിപാടികളും കാണാന്‍ ലോകമെങ്ങുമുള്ള സഞ്ചാരികള്‍ വിരുന്നെത്തുന്ന ആഘോഷമാണിത്.

സ്‌പൈസ് റൂട്ട് പദ്ധതിയുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ നടന്ന യോഗത്തിനിടയിലാണ് ബ്രിട്ടീഷ് കൗണ്‍സില്‍ അധികൃതര് കേരളത്തിലെ മന്ത്രിമാരോടും ടൂറിസം അധികൃതരോടും ഇത് സംബന്ധിച്ച ആവശ്യമുന്നയിച്ചത്. കഴിഞ്ഞവര്‍ഷം വന്‍തോതില്‍ വിനോദസഞ്ചാരികള്‍തേംസ് റിവര്‍ ഫെസ്റ്റിവലിന് എത്തിയിരുന്നു.

കേരളത്തിന്റെ വിനോദ സഞ്ചാര സാധ്യതകളും സംസ്‌കാരവും വിദേശികള്‍ക്ക് പരിചയപ്പെടുത്തുന്നതിനും പ്രചാരണം നല്‍കുന്നതിനും നല്ലൊരു വേദിയായിരിക്കും ഈ ഫെസ്റ്റിവല്‍എന്നാണ് അധികൃതര്‍ കണക്കാക്കിയിരിക്കുന്നത്. പ്രളയകാലഘട്ടത്തില്‍ നഷ്ടമായ ടൂറിസം വളര്‍ച്ച തിരിച്ചുപിടിക്കുന്നതിന് ഇത്തരം ആഘോഷങ്ങള്‍ പ്രയോജപ്പെടുമെന്നും ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ് കരുതുന്നുണ്ട്.

ജില്ലയില്‍ പ്രളയത്തിനുശേഷം വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ കുറവുവന്നിരുന്നു. അതിനുശേഷം പുരവഞ്ചി റാലിയും മറ്റും നടത്തിയാണ് ഇവിടം സുരക്ഷിതമാണെന്ന് ലോകത്തോട് വിളിച്ചുപറഞ്ഞത്. ലോകം ശ്രദ്ധിക്കുന്ന ഒരു ടൂറിസം വേദി ലഭിച്ചാന്‍ കേരള ടൂറിസത്തിന് വലിയ മുതല്‍ക്കൂട്ടാകുമെന്നും ടൂറിസം വകുപ്പ് വിലയിരുത്തുന്നു.

 

ഇക്കാര്യത്തില്‍ തീരുമാനം ഒരാഴ്ചക്കുള്ളില്‍ ഉണ്ടാകും. കേരളത്തോട് ഇക്കാര്യം ബ്രിട്ടീഷ് കൗണ്‍സില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല. ചുണ്ടന്‍വള്ളം എങ്ങനെ എത്തിക്കും, അതിന്റെ പ്രായോഗികത, ചെലവ് എന്നീ കാര്യങ്ങള്‍ വിലയിരുത്തിയശേഷം തീരുമാനമുണ്ടാകും.