മടക്കര മത്സ്യബന്ധന തുറമുഖത്തിനടുത്ത് കൃത്രിമ ദ്വീപ് വികസിപ്പിക്കാന്‍ ആലോചന
മടക്കര മത്സ്യബന്ധന തുറമുഖത്തിനടുത്ത് പുഴയിലുള്ള 15ഏക്കറോളം വരുന്ന കൃത്രിമ ദ്വീപ് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കും വിധം ഒരുക്കാന്‍ ആലോചന. ഇതു സംബന്ധിച്ച് എം.രാജഗോപാലന്‍ എംഎല്‍എ കലക്ടര്‍ ഡോ.ഡി.സജിത്ത് ബാബുവിന് നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് നടപടി. ഇതിന്റെ സാധ്യതാ പഠനം നടത്തി ദ്വീപില്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കും വിധം ഒരുക്കേണ്ട കാര്യങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡിടിപിസി സെക്രട്ടറി ബിജു രാഘവനെ കലക്ടര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്.
അടുത്തു തന്നെ ഡിടിപിസിയുടെ ആര്‍ക്കിടെക്ടുകള്‍ സ്ഥലം സന്ദര്‍ശിച്ച് രൂപരേഖ തയ്യാറാക്കുമെന്ന് ഡിടിപിസി സെക്രട്ടറി പറഞ്ഞു. മലബാറിലെ നദികളേയും കായലുകളേയും ബന്ധിപ്പിച്ചു ടൂറിസം രംഗത്ത് നടപ്പാക്കുന്ന മലനാട്- മലബാര്‍ ക്രൂസ് ടൂറിസം പദ്ധതി നടപ്പാകുന്നതോടെ ധാരാളം വഞ്ചിവീടുകള്‍ ഇതുവഴി വിനോദ സഞ്ചാരികളുമായി എത്തും. അവര്‍ക്ക് വിശ്രമത്തിനും ഉല്ലാസത്തിനുമുള്ള ഒരു ഇടത്താവളമാകും കൃത്രിമ ദ്വീപിലൊരുക്കുന്ന സംവിധാനങ്ങള്‍.
കോട്ടപ്പുറം കേന്ദ്രീകരിച്ചുള്ള 20ലധികം വഞ്ചിവീടുകള്‍ ഇപ്പോള്‍ തന്നെ ഇതുവഴി യാത്ര നടത്തുന്നുണ്ട്. മടക്കര മത്സ്യബന്ധന തുറമുഖത്ത് നിന്ന് ബോട്ടുകള്‍ക്കും വള്ളങ്ങള്‍ക്കും സുഗമമായി കടലില്‍ പോകുന്നതിനും തിരിച്ചെത്തുന്നതിനും വേണ്ടി പുഴയില്‍ ബോട്ട് ചാനല്‍ നിര്‍മിക്കാന്‍ ഡ്രജ് ചെയ്‌തെടുത്ത മണല്‍ ഉപയോഗിച്ചാണ് കൃത്രിമ ദ്വീപ് നിര്‍മിച്ചത്. 3.69കോടി രൂപ ചെലവില്‍ ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പിന്റെ നേതൃത്വത്തില്‍ ഡ്രജ് ചെയ്ത മണലുകൊണ്ട് ജിയോ ട്യൂബ് ഉപയോഗിച്ചുള്ള കൃത്രിമ ദ്വീപിന് 400 മീറ്റര്‍ നീളവും 150 മീറ്റര്‍ വീതിയുമുണ്ട്.