ഉത്തരമലബാറിലെ ആദ്യ ജനകീയ ടൂറിസം പദ്ധതിക്ക് തുടക്കമായി
ഉത്തര മലബാറിലെ ആദ്യ ജനകീയ ടൂറിസം പദ്ധതിയായ തൃക്കരിപ്പൂര് കടപ്പുറം പാണ്ട്യാല പോര്ട്ട് ജനകീയ ടൂറിസം ഉത്സവം തുടങ്ങി. മാര്ച്ച് ഒന്നുമുതല് മേയ് 31 വരെ മൂന്നുമാസക്കാലം നീണ്ടുനില്ക്കുന്ന പരിപാടി എം.രാജഗോപാലന് എം.എല്.എ. ഉദ്ഘാടനം ചെയ്തു.
തീരദേശ ഹൈവേയുടെ ഭാഗമായി ആദ്യഘട്ടത്തില്ത്തന്നെ പാണ്ഡ്യാലക്കടവില് പാലം യാഥാര്ഥ്യമാവുമെന്ന് എം.എല്.എ. ഉദ്ഘാടന പ്രസംഗത്തില് പറഞ്ഞു. വിനോദസഞ്ചാര മേഖലയുടെ സാധ്യതകള് കണ്ടെത്തിക്കൊണ്ട് തൃക്കരിപ്പൂര് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില് വ്യതസ്തമായ പദ്ധതികള് രൂപപ്പെട്ടുവരികയാണ്. പരിസ്ഥിതി സൗഹൃദമായ ജനപക്ഷ പദ്ധതികളാണ് നടപ്പാക്കുകയെന്നും അദ്ദേഹം പറഞ്ഞു. വലിയപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് എം.ടി.അബ്ദുള് ജബ്ബാര് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം പി.പ്രസന്ന, കെ.ഭാസ്കരന്, കെ.പി.ബാലന്, കെ.മനോഹരന്, ടി.കെ.പി. മുഹമ്മദ്കുഞ്ഞി എന്നിവര് പ്രസംഗിച്ചു.
വലിയപറമ്പ് പഞ്ചായത്തിന്റെ തെക്കേ അതിര്ത്തിയില് രാമന്തളി പഞ്ചായത്തിലെ പാണ്ട്യാലക്കടവ് പങ്കിടുന്ന സൗത്ത് തൃക്കരിപ്പൂര് കടപ്പുറം പ്രദേശത്തെ 122 കുടുംബങ്ങളുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
ഒരുവര്ഷം മുന്പാണ് ഇതിന്റെ പ്രവര്ത്തനം തുടങ്ങിയത്. സംസ്ഥാന ടൂറിസം വകുപ്പിന്റെ ഉത്തരവാദിത്വ ടൂറിസം മിഷനില് രജിസ്റ്റര് ചെയ്ത് ജനകീയ പങ്കാളിത്തത്തോടെയാണ് പ്രവര്ത്തിക്കുന്നത്. സൊസൈറ്റിയില് അന്പതോളം ചെറു ടൂറിസം സംഘങ്ങള് രജിസ്റ്റര് ചെയ്തിട്ടുണ്ട്. പരിസ്ഥിതിസൗഹൃദ ടൂറിസം പദ്ധതികളാണ് ഇവിടെ നടപ്പാക്കുന്നത്.
ഉദ്ഘാടനത്തിന്റെ ഭാഗമായി കവ്വായി കായലില് സ്വാലിഹയുടെ കയാക്കിങ്, നീന്തല് എന്നിവയും കടലോരത്ത് കുതിരസവാരിയും കുക്കറി ഷോയും നടന്നു. ഞായറാഴ്ചകളിലും മറ്റ്‌ പൊതു അവധി ദിവസങ്ങളിലും രാവിലെ മുതല് രാത്രി എട്ടുവരെ വൈവിധ്യമാര്ന്ന കലാ-സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. വൈകീട്ട് നടന്ന സാംസ്കാരിക സായാഹ്നം ടി.വി.ബാബു ഉദ്ഘാടനം ചെയ്തു. ഫോക് ലാന്ഡ് ചെയര്മാന് വി.ജയരാജന് മുഖ്യാഥിതിയായിരുന്നു. തുടര്ന്ന് പ്രദേശത്തെ വനിതകളുടെ തിരുവാതിരകളി നടന്നു.