വികസനപാതയില്‍ ശക്തന്‍ തമ്പുരാന്‍ കൊട്ടാരം പുരാവസ്തു മ്യൂസിയം

കാഴ്ച്ചക്കാരുടെ മാറുന്ന സങ്കല്‍പത്തിനനുസരിച്ച് പുത്തന്‍ ചക്രവാളങ്ങള്‍ തേടുകയാണ് ശക്തന്‍തമ്പുരാന്‍ കൊട്ടാരം പുരാവസ്തു മ്യൂസിയം. അഗ്നിരക്ഷാസംവിധാനം, മിനിമാസ്റ്റ് ലൈറ്റുകള്‍, സി സി ടി വി ക്യാമറാസംവിധാനം ഏര്‍പ്പെടുത്തല്‍ എന്നിവ അടങ്ങുന്ന ഒന്നേമുക്കാല്‍ കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങളാണ് നടത്തിയത്. ഭിന്നശേഷിക്കാര്‍ക്ക് ഉപയോഗിക്കുവുന്ന ടോയ്‌ലെറ്റുകളടക്കം നിര്‍മ്മിച്ചിട്ടുണ്ട്.


മ്യൂസിയം സന്ദര്‍ശിക്കാനെത്തുന്ന സഞ്ചാരികളുടെ സുരക്ഷയ്ക്കായി 27 സിസിടിവി ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ശവകുടീരത്തനുടത്തായി നടപ്പാതയുടെ നവീകരണം പൂര്‍ത്തിയാക്കി. പൈതൃകോദ്യാനത്തിടുത്ത് മുപ്പത് പുതിയ ഇരിപ്പിടങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

ഇത് കൂടാതെ വലിയ മരങ്ങള്‍ക്ക് ചുറ്റും തറകെട്ടി സന്ദര്‍ശകര്‍ക്ക് ഇരിക്കാനുള്ള സംവിധാനവും ഏര്‍പ്പാടാക്കിയിട്ടുണ്ട്. മഴക്കാലത്ത് വെള്ളം വീണ് ചുമരുകള്‍ നശിക്കാതിരിക്കാനായി മ്യൂസിയത്തിന് ചുറ്ഖും കല്ലുകള്‍ പാകി സംരംക്ഷിച്ചിട്ടുണ്ട്.

കേരളം, ഡച്ച് മാതൃകയില്‍ നിര്‍മ്മിച്ചിട്ടുള്ള കൊട്ടാരം അതിന്റെ തനിമ ചോരാതെ തന്നെ പുനര്‍മ്മിച്ചിട്ടുണ്ട്. വെങ്കലശില്‍പ്പങ്ങളും കരിങ്കല്‍ ശില്‍പങ്ങളും ശിലാശാസനങ്ങളും തരം തിരിച്ച് വിവിധ ഗാലറികളായിട്ടാണ് ഒരുക്കിയിരിക്കുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ നാലുകോടിയും സംസ്ഥാന സര്‍ക്കാരിന്റെ ഒരു കോടിയും ഉപയോഗിച്ചാണ് പുതിയ പദ്ധതികള്‍ നടപ്പിലാക്കിയത്. സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിവസത്തെ വികസനപ്രവര്‍ത്തനങ്ങളുടെ പ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തികരിച്ച ജോലികലുടെ ഉദ്ഘാടനവും അഞ്ചുകോടി രൂപയുടെ പുതിയ പദ്ധതികളുടെ പ്രവര്‍ത്തനോദ്ഘാടനം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിച്ചു.