30 രൂപയുണ്ടോ കൈയ്യില്‍? എങ്കില്‍ മാനന്തവാടിയില്‍ പോകാം കാണാം അത്ഭുതങ്ങള്‍
മുപ്പത് രൂപയ്ക്ക് ഒന്നൊന്നര ചായ കുടിക്കാം മാനന്തവാടിയിലെത്തിയാല്‍. വയനാട് ജില്ലയിലെ മാനന്തവാടിയ്ക്ക് അടുത്തുള്ള പ്രിയദര്‍ശിനി ടീ എസ്റ്റേറ്റിലാണ് സഞ്ചാരികളെ കാത്ത് അത്ഭുതങ്ങള്‍ ഒളിഞ്ഞിരിക്കുന്നത്.
ടീ ടൂറില്‍ പങ്കെടുക്കാന്‍ ഒരാള്‍ നല്‍കേണ്ടത് മുപ്പതു രൂപയാണ്. രാവിലെ 8.30 മുതല്‍ വൈകുന്നേരം 4.30 വരെയാണ് ഇവിടുത്തെ പ്രവര്‍ത്തന സമയം. ഈ സമയത്തിനുള്ളില്‍ എപ്പോള്‍ വന്നാലും ടീ ടൂറില്‍ പങ്കെടുക്കാന്‍ സാധിക്കും.
ഇവിടെ എത്തുന്ന സഞ്ചാരികള്‍ക്ക് തേയില ഉല്‍പാദനത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകാം. തേയില നുള്ളുന്ന കര്‍ഷകരോടൊപ്പം തേയില തോട്ടത്തില്‍ പോയി തേയില കൊളുന്ത് നുള്ളാം. തേയില ഉണ്ടാക്കുന്നതിനുള്ള ഘട്ടം ഘട്ടമായുള്ള ഉത്പാദന രീതി കണ്ടു മനസ്സിലാക്കുവാനും, താല്‍പര്യമുള്ളവര്‍ക്ക് അത് മനസ്സിലാക്കി ചെയ്യുവാനും അവസരമുണ്ട്. നമ്മള്‍ ഉണ്ടാക്കിയ തേയില ഉപയോഗിച്ച് നമുക്ക് തന്നെ ചായ ഉണ്ടാക്കി കുടിക്കാനും സാധിക്കുന്നത് പോലൊരു ഭാഗ്യം ചിലപ്പോള്‍ മറ്റെങ്ങും കിട്ടില്ല.
ആറു തരത്തിലുളള തേയിലകളാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. വെറും 130 രൂപയ്ക്ക് ഇവിടെ എത്തുന്നവര്‍ക്ക് നല്ല ഫ്രെഷ് തേയില വാങ്ങി മടങ്ങാം.
എന്താണ് പ്രിയദര്‍ശിനി ടീ ടൂര്‍
തേയില തോട്ടത്തിന് നടുവിലായി മൂന്ന് കോട്ടേജുകള്‍ ഇവിടെ സ്ഥിതി ചെയ്യുന്നു. 1000 രൂപ മുതല്‍ 15,000 രൂപവരെയുള്ള കോട്ടേജുകള്‍ ഇവിടെയുണ്ട്. മുന്‍കൂട്ടി ബുക്ക് ചെയ്താല്‍ സഞ്ചാരികള്‍ക്ക് ഇവിടെ താമസിക്കാം. 1000 രൂപയ്ക്ക് ഡബിള്‍ റൂമും 15,000 രൂപയ്ക്ക് ഒരു കോട്ടേജ് മുഴുവനായും ലഭ്യമാണ്. കോട്ടേജില്‍ 15 പേര്‍ക്ക് താമസിക്കാന്‍ സാധിക്കും. കൂടാതെ ഭക്ഷണം പാകം ചെയ്യാനുള്ള സൗകര്യവും ഉണ്ട്.
ടീ ടൂറിനായി എത്തുന്നവരെ വീണ്ടും അമ്പരപ്പിക്കുന്ന ഒരു കാഴ്ച കൂടിയുണ്ട്. ബിശ്വാസ് മേത്ത വ്യൂ പോയിന്റിലേക്കുള്ള ജീപ്പ് സഫാരിയും ട്രെക്കിങ്ങും. നാലര കി.മീ ആണ് ഓഫ് റോഡ് ജീപ്പ് സഫാരിയുടെ ദൂരം. നടന്നാണ് പോകുന്നതെങ്കില്‍ ഒന്നേമുക്കാല്‍ കിലോമീറ്റര്‍ ദൂരം കൊണ്ടെത്താം. ജീപ്പ് സഫാരിയ്ക്ക് അഞ്ചു പേര്‍ അടങ്ങുന്ന ടീമിന് 1500 രൂപയാണ് നിരക്ക്. ബിശ്വാസ് മേത്ത വ്യൂ പോയിന്റില്‍ സഞ്ചാരികളെ കാത്തിരിക്കുന്നത് അതിസുന്ദരമായ കാഴ്ചകളാണ്. 2014-2015 International Mountain Terrain Bike Track ഇവിടെയാണ് ഉള്ളത്. 4 കിലോമീറ്ററാണ് ഈ ട്രാക്കിന്റെ ദൂരം. ഇവിടെ വരുന്ന സഞ്ചാരികള്‍ക്ക് സൈക്ലിങ്ങിന് അവസരവും ഉണ്ട്. ഒരു മണിക്കൂറിന് 250 രൂപ നിരക്കില്‍ രാജ്യാന്തര നിലവാരത്തിലുള്ള സൈക്കിള്‍ ഇവിടെ നമുക്ക് വാടകയ്ക്ക് കിട്ടും.
മനസ് മാത്രമല്ല വയറും നിറയ്ക്കാം
ടീ ടൂറിനെത്തുന്നവര്‍ക്ക് കേവലം കാഴ്ചകള്‍ മാത്രമല്ല ഒരുക്കിയിരിക്കുന്നത്. നല്ല രുചിയൂറുന്ന നാടന്‍ ഭക്ഷണവും ലഭിക്കും. ടീ എസ്റ്റേറ്റില്‍ ജോലി നോകുന്നത് ഭൂരിഭാഗവും ആദിവാസി കുടുംബത്തില്‍ നിന്നുള്ളവരാണ്. യാത്ര പ്ലാന്‍ ചെയ്‌തെത്തുന്നവര്‍ക്ക് മുന്‍കൂട്ടി ബുക്ക് ചെയ്താല്‍ അവരുടെ തനത് ആഹാരം നമുക്കായി പാകം ചെയ്തു തരും.
ചുരുള ചപ്പ് മെഴുക്കുപുരട്ടി, കാട്ടുകിഴങ്ങ്, മുളയരിയുടെ ചോറ്, മുളങ്കൂമ്പിന്റെ തോരന്‍, കാട്ടരുവിയുടെ തീരത്ത് വളരുന്ന പ്രത്യേക തരം ഞണ്ടിന്റെ റോസ്റ്റ്, ഗന്ധകശാല അരിയുടെ ചോറ് എന്നിവയാണ്. അഞ്ചു പേരടങ്ങുന്ന സംഘത്തിന് ഇത്രയും വിഭവങ്ങള്‍ക്ക് 1500 രൂപയാണ് ചാര്‍ജ് വരുന്നത്. പ്രിയദര്‍ശിനി ടീ എസ്റ്റേറ്റിന്റെ കുന്നുകളുടെ മുകളില്‍ ടെന്റില്‍ താമസിക്കാന്‍ അവസരമുണ്ട്. 25 പേരുടെ സംഘത്തിനു വരെ ടെന്റില്‍ താമസിക്കാം. ഒരാള്‍ക്ക് രാത്രി ഭക്ഷണം ഉള്‍പ്പെടെ 1500 രൂപ. ടെന്റ് സൗകര്യമുള്ള കുന്നിലേക്ക് നടന്നോ ജീപ്പിലോ പോകാം. നടക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ ജീപ്പ് തന്നെ ആശ്രയിക്കുന്നതാകും നല്ലത്.
ടെന്റില്‍ താമസിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുകയും വൈകുന്നേരം മൂന്നു മണിക്ക് മുന്‍പായി എത്തിച്ചേരേണ്ടതുമാണ്. ടെന്റില്‍ താമസിക്കുന്നവര്‍ക്ക് എല്ലാ രീതിയിലുമുള്ള സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഏതൊരു സഹായത്തിനും ഗാര്‍ഡുകളുടെ സേവനം ലഭ്യമാണ്.
ടീ എസ്റ്റേറ്റിലേക്ക് എത്തിച്ചേരുവാന്‍
വയനാട്ടില്‍ നിന്നും മാനന്തവാടിയില്‍ കണിയാരം ജംഗ്ഷന്‍ അവിടെ നിന്നും തിലാക്കാവ് വഴി പഞ്ചാരക്കൊല്ലി അവിടെ നിന്ന് നേരെ പ്രിയദര്‍ശിനി ടീ എസ്റ്റേറ്റ്. മാനന്തവാടിയില്‍ നിന്നും പ്രിയദര്‍ശിനി ടീ എസ്റ്റേറ്റിലേക്ക് 9 കിലോമീറ്റര്‍ ദൂരമുണ്ട്.