കൊച്ചി ബിനാലെ ഇനി 28 ദിവസം കൂടി

ലോകോത്തര കലാസൃഷ്ടികളുമായി നാലാമതു കൊച്ചി ബിനാലെ ഇന്ന് 80-ാം പ്രദര്‍ശനദിനത്തിലേക്കു കടക്കുമ്പോള്‍ ഇതുവരെ കലാമാമാങ്കം കാണാനെത്തിയവരുടെ എണ്ണം 4.5 ലക്ഷം കടന്നു. 10 വേദികളില്‍ തുടരുന്ന ബിനാലെ പ്രദര്‍ശനം അവശേഷിക്കുന്നത് 28 നാള്‍. ഡിസംബര്‍ 12ന് ആരംഭിച്ച ബിനാലെയ്ക്ക് 29നു തിരശീല വീഴും. പ്രളയാനന്തര പുനര്‍നിര്‍മാണത്തിന്റെ തിരക്കിലും ബിനാലെ കാണാനെത്തിയവരുടെ എണ്ണത്തില്‍ കുറവില്ല.

കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന ബിനാലെയ്ക്കു സംസ്ഥാന സര്‍ക്കാരിന്റെയും ടൂറിസം വകുപ്പിന്റെയും സഹകരണമുണ്ട്. കഴിഞ്ഞ 3 ബിനാലെകളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ 250 കലാകാരന്മാരുടെ 300 സൃഷ്ടികള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ആദ്യ 3 ബിനാലെകളിലായി 10 ലക്ഷത്തിലേറെ സന്ദര്‍ശകര്‍ കൊച്ചി ബിനാലെയില്‍ എത്തിയതായാണു കണക്ക്. കഴിഞ്ഞ ബിനാലെ കാണാനെത്തിയത് 5.82 ലക്ഷം പേരാണ്.

ജനങ്ങളുടെ പിന്തുണയാണു കൊച്ചി ബിനാലെയുടെ പ്രത്യേകത. അതുകൊണ്ടുതന്നെ, സന്ദര്‍ശകനു കേള്‍ക്കാനും കാണാനും പങ്കുവയ്ക്കാനും കഴിയുന്ന പ്രതിഷ്ഠാപനങ്ങള്‍ക്കാണു കൂടുതല്‍ പ്രാധാന്യം നല്‍കിയത്. 32 രാജ്യങ്ങളില്‍നിന്ന് 138 കലാകാരന്മാരുടെ സൃഷ്ടികള്‍ പ്രദര്‍ശനത്തിനെത്തിയ ഇത്തവണത്തെ ബിനാലെയില്‍ കൂടുതലും വനിതകളുടെ കലാസൃഷ്ടികളാണെന്ന സവിശേഷതയുണ്ട്. ക്യുറേറ്റര്‍ അനിത ദുബെ ഓരോ രാജ്യവും സന്ദര്‍ശിച്ചു തിരഞ്ഞെടുത്തവയാണു സൃഷ്ടികള്‍. പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനു സംസ്ഥാന സര്‍ക്കാരിനായി ധനസമാഹരണം ലക്ഷ്യമിട്ടു ബിനാലെ ഫൗണ്ടേഷന്‍ ജനുവരി 18നു നടത്തിയ ലേലത്തിലൂടെ 3.2 കോടി രൂപ സമാഹരിക്കാനായതു നേട്ടമായി.

ബിനാലെയില്‍ എല്ലാ ദിവസവും സന്ദര്‍ശകര്‍ക്കു പ്രവേശനമുണ്ട്. തിങ്കളാഴ്ചകളില്‍ പ്രവേശനം സൗജന്യം. രാവിലെ 10 മുതല്‍ വൈകിട്ട് 6 വരെയാണു സമയം. പിന്നീടു കലാപരിപാടികള്‍. ഫോര്‍ട്ട്‌കൊച്ചിയിലും മട്ടാഞ്ചേരിയിലും വ്യാപിച്ചുകിടക്കുന്ന 10 വേദികളിലാണു പ്രദര്‍ശനം നടക്കുന്നത്. ആസ്പിന്‍വാള്‍ ഹൗസ്, ദര്‍ബാര്‍ ഹാള്‍, പെപ്പര്‍ ഹൗസ്, കബ്രാള്‍ യാഡ് (ബിനാലെ പവിലിയന്‍), ഡേവിഡ് ഹാള്‍, കാശി ടൗണ്‍ ഹൗസ്, ഉരു ആര്‍ട്ട് ഹാര്‍ബര്‍, ഡച്ച് വെയര്‍ ഹൗസ്, ആനന്ദ് വെയര്‍ ഹൗസ്, കാശി ആര്‍ട്ട് കഫെ എന്നിവയാണു വേദികള്‍.


പ്രദര്‍ശനങ്ങള്‍ വിവരിച്ചു നല്‍കാന്‍ 20 ആര്‍ട്ട് മീഡിയേറ്റര്‍മാര്‍ രംഗത്തുണ്ട്. ആസ്പിന്‍വാള്‍ ഹൗസില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഫര്‍മേഷന്‍ ഡസ്‌കിനെ സമീപിച്ചാല്‍ ഇവരുടെ സേവനം ലഭിക്കും. ബിനാലെ പ്രദര്‍ശനങ്ങളിലൂടെ സൗജന്യമായി ഗൈഡഡ് ടൂറുകള്‍ സംഘടിപ്പിക്കുന്നതിനും ഇവരുടെ സേവനം ലഭ്യമാകും. പ്രധാന വേദിയായ ആസ്പിന്‍വാള്‍ ഹൗസിലാണു ടിക്കറ്റ് കൗണ്ടര്‍. 100 രൂപയാണു നിരക്ക്. ആസ്പിന്‍വാള്‍ ഹൗസില്‍ ദിവസത്തില്‍ 3 തവണയും മറ്റു വേദികളില്‍ ഒരു തവണയുമാണു പ്രവേശനം അനുവദിക്കുന്നത്.

500 രൂപയുടെ ഗ്രൂപ്പ് ടിക്കറ്റ് എടുത്താല്‍ രണ്ടു പേര്‍ക്ക് 3 ദിവസത്തേക്ക് എല്ലാ വേദികളിലും പരിധിയില്ലാതെ പ്രവേശനം അനുവദിക്കും. 18 വയസില്‍ താഴെയുള്ള വിദ്യാര്‍ഥികള്‍ക്ക് 50 രൂപ. ഇതിനു പുറമേ, എല്ലാ ദിവസവും പരിധിയില്ലാതെ ബിനാലെ പ്രദര്‍ശനങ്ങള്‍ കാണാനുള്ള ഡോണര്‍ പാസ് 5000 രൂപ നിരക്കില്‍ ലഭ്യമാണ്. 3000 രൂപ നല്‍കിയാല്‍ പരമാവധി 5 പേര്‍ക്ക് 3 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഗൈഡഡ് ടൂറുകളും ലഭ്യം. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങിന്: www.bookmyshow.com

സന്ദര്‍ശകര്‍ക്കു ഭക്ഷണം കഴിക്കാന്‍ ബിനാലെയില്‍ രണ്ടു സൗകര്യങ്ങളുണ്ട്. കുടുംബശ്രീയും എഡിബിള്‍ ആര്‍ക്കൈവ്‌സുമാണു കബ്രാള്‍യാഡില്‍ 2 ഭക്ഷണശാലകളൊരുക്കിയത്. കുടുംബശ്രീയുടേതു സാമൂഹിക ഭക്ഷണശാല. എഡിബിള്‍ ആര്‍ക്കൈവ്‌സ് പാചക പരീക്ഷണമുള്‍പ്പെടെയാണ് ഒരുക്കിയത്.