Kerala

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനി ഗ്രൂപ്പിന് ലഭിച്ചേക്കുമെന്ന് സൂചന; സ്വാഗതം ചെയ്ത് അറ്റോയി

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം നടത്തിപ്പ് അദാനി ഗ്രൂപ്പിന് ലഭിച്ചേക്കുമെന്ന് സൂചന. ഫിനാന്‍ഷ്യല്‍ ബിഡ്ഡില്‍ അദാനി ഗ്രൂപ്പാണ് വിമാനത്താവള നടത്തിപ്പിന്റെ അവകാശത്തില്‍ ഒന്നാം സ്ഥാനത്ത് എത്തി നില്‍ക്കുന്നത്.

പൊതുമേഖലാ സ്ഥാപനമായ കെഎസ്‌ഐഡിസി രണ്ടാം സ്ഥാനത്ത്. ഡല്‍ഹി, ഹൈദരാബാദ് വിമാനത്താവള നടത്തിപ്പുകാരായ ജിഎംആര്‍ മൂന്നാംസ്ഥാനത്ത്. ഔദ്യോഗിക പ്രഖ്യാപനം 28ന്. തിരുവനന്തപുരത്തിനു പുറമെ അഹമ്മദാബാദ്, ജയ്പൂര്‍, ലക്‌നൗ, മംഗലാപുരം എന്നിവയും അദാനി ഗ്രൂപ്പിന്. മംഗലാപുരത്തിനു വേണ്ടി ബിഡ് ചെയ്ത സിയാല്‍ രണ്ടാമത്.

തിരുവനന്തപുരം ഉള്‍പ്പെടെ 6 വിമാനത്താവളങ്ങളുടെ നടത്തിപ്പു കൈമാറാനാണ് എയര്‍പോര്‍ട്ട് അതോറിറ്റി ബിഡ് ക്ഷണിച്ചത്. ജിഎംആറും അദാനിയും ആറു വിമാനത്താവളങ്ങള്‍ക്കു വേണ്ടിയും ബിഡ് സമര്‍പ്പിച്ചിരുന്നു. ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളം ഏറ്റെടുത്തു വികസിപ്പിച്ചത് ജിഎംആര്‍ ഗ്രൂപ്പ് ആണ്. അദാനി ആദ്യമായാണു വ്യോമയാന മേഖലയില്‍ മുതല്‍മുടക്കുന്നത്.

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിനൊപ്പം വിമാനത്താവളം കൂടി അദാനി ഗ്രൂപ്പിന് സ്വന്താമാക്കാന്‍ കഴിയുന്നത് വലിയ നേട്ടം തന്നെയാണ്. വിമാനത്താവളത്തിന്റെ സ്വകാര്യവത്കരണത്തിനെ അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ്‌ ഓര്‍ഗനൈസേഷന്‍സ് ഓഫ് ഇന്ത്യ (അറ്റോയി) സ്വാഗതം ചെയ്തു.

പബ്‌ളിക്ക് പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്പ് മാതൃകയിലൂടെ തിരുവനന്തപുരം എയര്‍പ്പോര്‍ട്ട് കൂടി സ്വകാര്യവല്‍ക്കരണത്തിന്റെ ഭാഗമായി മാറുകയാണെങ്കില്‍ കൂടുതല്‍ അന്താരാഷ്ട്ര വിമാനങ്ങള്‍ കേരളത്തിലേക്ക് പറന്നിറങ്ങും. ഇക്കാരണത്താല്‍ കൂടുതല്‍ വിനോദ സഞ്ചാരികളക്ക് കേരളത്തിലേക്ക് എത്താന്‍ സാധിക്കുമെന്ന് അറ്റോയി പ്രസിഡന്റ് വിനോദ് സി എസ് ടൂറിസം ന്യൂസ് ലൈവിനോട് പറഞ്ഞു.