Aviation

ടിക്കറ്റ് നിരക്കിലെ നിയന്ത്രണം ഒഴിവാക്കാനൊരുങ്ങി സൗദി സിവില്‍ ഏവിയേഷന്‍

ആഭ്യന്തര ടിക്കറ്റ് നിരക്കിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഒഴിവാക്കുമെന്ന് സൗദി ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി. നിരക്ക് നിരീക്ഷിക്കുന്നതിനുളള മാനദണ്ഡങ്ങള്‍ തയ്യാറായി വരുകയാണ്. ഇതിന് ശേഷമായിരിക്കും നിയന്ത്രണം ഒഴിവാക്കുന്നതെന്നും അതോറിറ്റി വ്യക്തമാക്കി.

ആഭ്യന്തര വിമാന ടിക്കറ്റ് നിരക്ക് നിശ്ചയിക്കുന്നതിന് വിമാന കമ്പനികള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ വിദഗ്ദ സമിതി തയ്യാറാക്കി വരുകയാണ്. നിരക്ക് നിയന്ത്രണം ഒഴിവാക്കുന്നതോടെ ടിക്കറ്റ് വില ഉയരാതിരിക്കാനാണ് മാദണ്ഡങ്ങള്‍ നിശ്ചയിക്കുന്നത്.

ആഭ്യന്തര വ്യോമ ഗതാഗത വിപണിയെ സംരക്ഷിക്കുകയും ടിക്കറ്റ് നിരക്കില്‍ കൃത്രിമം നടത്താതിരിക്കാനുമാണ് നടപടിയെന്നും ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കി.

ലാഭകരമല്ലാത്ത ആഭ്യന്തര സെക്ടറുകളില്‍ സര്‍വീസ് നടത്തുന്ന വിമാന കമ്പനികള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കുന്നുണ്ട്. രാജ്യത്തിന്റെ എല്ലാ പ്രവിശ്യകളിലും വ്യോമ ഗതാഗതം സാധ്യമാക്കണം. അവിടുത്തെ പൗരന്‍മാര്‍ക്ക് ഇത് പ്രയോജനപ്പെടുകയും വേണം.

അതുകൊണ്ടുതന്നെ ലാഭകരമല്ലാത്ത സെക്ടറുകളില്‍ സാമ്പത്തിക സഹായം തുടരും. അതേസമയം, ടിക്കറ്റ് നിരക്കിനുളള നിയന്ത്രണം ഒഴിവാക്കുന്നത് എപ്പോള്‍ മുതലാണെന്ന് ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി വെളിപ്പെടുത്തിയിട്ടില്ല.