എയ്‌റോ ഇന്ത്യയ്ക്ക് ഇന്ന് ആരംഭം

പ്രതിരോധ, സിവിലിയന്‍ വ്യോമയാന വിപണിയുടെ റണ്‍വേ ഇന്നു തുറക്കുകയായി. 12-ാമത് എയ്‌റോ ഇന്ത്യ വ്യോമപ്രദര്‍ശനത്തിന് ഇന്ന് യെലഹങ്ക വ്യോമസേനാ താവളത്തില്‍ തുടക്കം. പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ ഉദ്ഘാടനം ചെയ്യും. ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎല്‍) വികസിപ്പിച്ച ഇന്ത്യയുടെ സ്വന്തം ലഘു യുദ്ധവിമാനമായ തേജസ് ഉള്‍പ്പെടെ 61 വിമാനങ്ങളാണ് ഇക്കുറി അണിനിരക്കുന്നത്. 24 വരെയാണ് പ്രദര്‍ശനം. അഭ്യാസക്കാഴ്ചകള്‍ക്കു പുറമേ വിമാനങ്ങളുടെ നിശ്ചല പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. 3 റഫാല്‍ വിമാനങ്ങള്‍ ഇക്കുറി രംഗം കൊഴുപ്പിക്കാനെത്തും.

ഇന്ത്യയുടെ മിഗ്-21 സ്‌ക്വാഡ്രനുകള്‍ ഉപേക്ഷിക്കുന്നതിന്റെ ഭാഗമായി 36 റഫാല്‍ വിമാനങ്ങള്‍ വാങ്ങുന്ന കരാര്‍ വലിയ ചര്‍ച്ചയായിരിക്കെയാണ്, ഇവയുടെ പ്രദര്‍ശനം. അണ്വായുധം വഹിക്കാന്‍ ശേഷിയുള്ള ഇന്ത്യയുടെ സുഖോയ്-30 എംകെഐ, ബോയിങ്ങിന്റെ എഫ്എ -18 എഫ് സൂപ്പര്‍ ഹോണറ്റ്, എഫ്-16 ഫൈറ്റിങ് ഫാല്‍ക്കണ്‍, ബി-52 സ്ട്രാറ്റോഫോര്‍ട്രെസ് ബോംബര്‍, എച്ചടിടി -40 ബേസിക് ട്രെയിനര്‍ എയര്‍ക്രാഫ്റ്റ്, അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്റര്‍ രുദ്ര, ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്റര്‍ (എല്‍യുഎച്ച്),

ലഘു യുദ്ധ ഹെലികോപ്റ്റര്‍ (എല്‍സിഎച്ച്) ചരക്കു വിമാനങ്ങളായ ലൊക്കീഡ് മാര്‍ട്ടിന്റെ സി-130 ജെ സുപ്പര്‍ ഹെര്‍ക്കുലീസ്, ബോയിങ്ങിന്റെ സി-17 ഗ്ലോബ്മാസ്റ്റര്‍-3, എംബ്രാര്‍ തുടങ്ങിയ സ്വകാര്യ ജെറ്റുകള്‍ തുടങ്ങിയവയും മേളയില്‍ പറക്കും. സ്വീഡിഷ് കമ്പനിയായ സാബിന്റെ ഗ്രിപ്പന്‍ പോര്‍വിമാനവും ഇക്കൂട്ടത്തിലുണ്ട്. ധ്രുവ് ഹെലികോപ്റ്ററുകളുടെ ടീമായ സാരംഗ്, വിന്റേജ് വിമാന ടീമായ യുകെയുടെ യാക്കോവ്‌ലേവ്‌സ് എന്നിവയാണ് എയറോബാറ്റിക് ടീമുകള്‍. പ്രതിരോധ വിപണിയിലെ 403 പ്രദര്‍ശകരാണ് ഇക്കുറി മേളയിലുള്ളത്.