India

ഭാരത് ദര്‍ശന്‍ ടൂറിസ്റ്റ് ട്രെയിന്‍ 28 മുതല്‍ തമിഴ്‌നാട്ടില്‍

രാജ്യത്തെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചു പ്രത്യേക സര്‍വീസ് നടത്തുന്ന ഇന്ത്യന്‍ റെയില്‍വേയുടെ ഭാരത് ദര്‍ശന്‍ ടൂറിസ്റ്റ് ട്രെയിന്‍ 28 മുതല്‍ തമിഴ്‌നാട്ടില്‍ സര്‍വീസ് നടത്തും. രാം സേതു എക്‌സ്പ്രസ് – തമിഴ്‌നാട് ടെംപിള്‍ ടൂര്‍ എന്ന പേരില്‍ സംസ്ഥാനത്തെ 15 തീര്‍ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണു സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസ് നടത്തുന്നത്.

താംബരം സ്റ്റേഷനില്‍ നിന്നു 28നു പുലര്‍ച്ചെ 12.15നു പുറപ്പെടുന്ന ട്രെയിന്‍ വിവിധ തീര്‍ഥാടന കേന്ദ്രങ്ങളിലൂടെ യാത്ര ചെയ്തു മാര്‍ച്ച് 3ന് തിരികെയെത്തും. 4 ദിവസത്തെ തീര്‍ഥാടന യാത്ര പാക്കേജാണു സ്‌പെഷല്‍ ട്രെയിനില്‍ നല്‍കുന്നത്. യാത്രയും ഭക്ഷണവും ഉള്‍പ്പെടെ 4,885രൂപയാണു ചാര്‍ജ്. താംബരം, ചെങ്കല്‍പെട്ട്, തിണ്ടിവനം, വില്ലുപുരം, വിരുദാചലം തുടങ്ങിയ സ്റ്റേഷനുകളിലാണു സ്റ്റോപ്പുകള്‍. വിവരങ്ങള്‍ക്ക് portalwww.irctctourism.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. ഫോണ്‍: 9003140681 / 680.

ശ്രീരംഗം രംഗനാഥസ്വാമി ക്ഷേത്രം, സമയപുരം മാരിയമ്മന്‍ ക്ഷേത്രം, തിരുവണൈക്കാവല്‍ ജംബുകേശ്വരര്‍ ക്ഷേത്രം, രാമേശ്വരം രാമനാഥസ്വാമി ക്ഷേത്രം, മധുര മീനാക്ഷി ക്ഷേത്രം, തഞ്ചാവൂര്‍ ബൃഹദീശ്വരര്‍ ക്ഷേത്രം, 9 നവഗ്രഹ ക്ഷേത്രങ്ങള്‍ (തിങ്കളൂര്‍, തിരുനല്ലാര്‍, ആലങ്കുടി, കാഞ്ചനൂര്‍, തിരുനാഗേശ്വരം, ആടുദുരൈ, കീലപ്പെരുംപള്ളം, തിരുവേര്‍ക്കാട്, വൈത്തീശ്വരം) തുടങ്ങിയവയാണു തീര്‍ഥാടന പാക്കേജിലുള്ളത്.

പാന്‍ട്രി കാര്‍ അടങ്ങിയ സ്ലീപ്പര്‍ ക്ലാസ് ട്രെയിനില്‍ സസ്യഭക്ഷണം, തീര്‍ഥാടന കേന്ദ്രങ്ങളിലെ താമസം ,റോഡ് മാര്‍ഗമുള്ള യാത്ര ചെലവ്, ടൂര്‍ എസ്‌കോര്‍ട്ട്, സെക്യൂരിറ്റി തുടങ്ങിയവ ലഭിക്കും.

28-2-2019: പുലര്‍ച്ചെ 12.15നു താംബരത്തു നിന്നു പുറപ്പെടും. ശ്രീരംഗത്ത് യാത്രക്കാരെ ഇറക്കും. തുടര്‍ന്നുരംഗനാഥസ്വാമി, സമയപുരം മാരിയമ്മന്‍, തിരുവണൈക്കാവല്‍ ജംബുകേശ്വരര്‍ തുടങ്ങിയ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച ശേഷം തിരുച്ചിറപ്പള്ളിയില്‍ നിന്നു യാത്രക്കാരെ കയറ്റി രാമേശ്വരത്ത് എത്തും.

1-3-2019: രാമേശ്വരം കടല്‍ തീരത്തും, 21 തീര്‍ഥകുണ്ഡങ്ങളിലും സ്‌നാനം. തുടര്‍ന്നു രാമനാഥസ്വാമി ക്ഷേത്രം സന്ദര്‍ശിച്ച ശേഷം വൈകിട്ടോടെ മധുരയില്‍ എത്തും. തുടര്‍ന്നു മധുര മീനാക്ഷി, സുന്ദരേശ്വരര്‍ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച ശേഷം രാത്രിയോടെ തഞ്ചാവൂരിലേക്ക്.

2-2-2019: പുലര്‍ച്ചെ തഞ്ചാവൂരില്‍ എത്തും. തുടര്‍ന്നു യുനെസ്‌കോ പൈതൃക പട്ടികയില്‍ ഇടംപിടിച്ച ബൃഹദീശ്വര ക്ഷേത്രവും, നവഗ്രഹ ക്ഷേത്രങ്ങളും സന്ദര്‍ശിക്കും. മാര്‍ച്ച് 3ന് രാത്രി ട്രെയിന്‍ താംബരത്തു തിരികെയെത്തും.