Kerala

പൈതൃക തീവണ്ടിയുടെ കന്നിയോട്ടം സൂപ്പര്‍ ഹിറ്റ്

ലോകത്തെ ഏറ്റവും പഴക്കം ചെന്ന പൈതൃക ട്രെയിന്‍ ഇഐആര്‍ 21ന്റെ കൊച്ചിയിലെ കന്നിയോട്ടത്തിന് ആവേശകരമായ സ്വീകരണം. ഹാര്‍ബര്‍ ടെര്‍മിനസിലേക്കുളള യാത്രയ്ക്കു മുതിര്‍ന്നവര്‍ക്കു 500 രൂപയും കുട്ടികള്‍ക്കു 300 രൂപയുമായിരുന്നു ടിക്കറ്റ് നിരക്കെങ്കിലും 163 വര്‍ഷം പഴക്കമുളള ആവി എന്‍ജിന്‍ ഘടിപ്പിച്ച ട്രെയിനില്‍ യാത്ര ചെയ്യാനുളള കൗതുകത്തിനു മുന്നില്‍ അതൊന്നും തടസ്സമായില്ല. തിരക്കു പരിഗണിച്ച് ഇന്നു രാവിലെ 11നുള്ള ട്രിപ് കൂടാതെ ഉച്ചയ്ക്കു 2നും പ്രത്യേക സര്‍വീസുണ്ടാകും. തിങ്കളാഴ്ചയും സര്‍വീസുണ്ട്.

ഇന്നലെ എറണാകുളം സൗത്ത് സ്റ്റേഷനില്‍ നിന്നു രാവിലെ പതിനൊന്നിനാണു യാത്ര തുടങ്ങിയത്. ഒട്ടേറെ കുട്ടികളും യാത്രക്കാരായി. കടവന്ത്രയില്‍ നിന്നെത്തിയ മറിയം, െതരേസ്, അവിഷേക്, സമാര എന്നിവര്‍ക്ക് അപ്പൂപ്പന്‍ ട്രെയിനിലെ ആദ്യ യാത്ര വലിയ അനുഭവമായി.

ട്രെയിന്‍ ഹാര്‍ബര്‍ ടെര്‍മിനസ് സ്റ്റേഷനിലെത്തിയപ്പോള്‍ പലരും മുതുമുത്തച്്ഛന്‍ ആവി എന്‍ജിനൊപ്പം സെല്‍ഫിയെടുക്കാന്‍ തിരക്കുകൂട്ടി. മൊബൈല്‍ െഗയിമുകളിലും കളിപ്പാട്ടങ്ങളിലും മാത്രം കണ്ടിട്ടുള്ള ആവി എന്‍ജിന്‍ നേരില്‍ കണ്ടപ്പോള്‍ ടോക് എച്ച് സ്‌കൂളിലെ യുകെജി വിദ്യാര്‍ത്ഥി നന്ദന് ഏറെ സന്തോഷം.

വിനോദസഞ്ചാരികള്‍ ഏറെയെത്തുന്ന കൊച്ചിക്കു ടൂറിസം രംഗത്തു പൈതൃക ട്രെയിന്‍ സര്‍വീസ് ഏറെ ഗുണം ചെയ്യുമെന്നും കോട്ടയം സ്വദേശി വിനോദ് വടക്കേടത്ത് പറഞ്ഞു. അസിസ്റ്റന്റ് ഡിവിഷനല്‍ മെക്കാനിക്കല്‍ എന്‍ജിനീയര്‍ എം.െക.സുബ്രഹ്മണ്യന്‍, സ്റ്റേഷന്‍ മാനേജര്‍ കെ.പി.ബി. പണിക്കര്‍, എം.ഐ.ജോസഫ് എന്നിവരും ആദ്യ ഓട്ടത്തില്‍ യാത്രക്കാര്‍ക്കൊപ്പം ചേര്‍ന്നു.

പൈതൃക സര്‍വീസ് സ്ഥിരപ്പെടുത്തണമെന്നും കൂടുതല്‍ സര്‍വീസുകളോടിക്കണമെന്നും കൗണ്‍സിലര്‍ സി.കെ.പീറ്റര്‍, റാക്കോ സംസ്ഥാന ജന.സെക്രട്ടറി കുരുവിള മാത്യൂസ്, പി.എ.ബാലകൃഷ്ണന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

പൈതൃക സര്‍വീസിന്റ ടിക്കറ്റ് എറണാകുളം സൗത്തിലെ കറന്റ് റിസര്‍വേഷന്‍ കൗണ്ടറില്‍ നിന്ന് 24 മണിക്കൂറും ലഭിക്കും. 94470 57875.