കണ്ണൂര്‍ വിമാനത്താവളത്തില്‍ ആഭ്യന്തര വിനോദസഞ്ചാര യാത്രക്കാരുടെ എണ്ണത്തില്‍ വന്‍വര്‍ധന
കണ്ണൂര്‍ വിമാനത്താവളത്തില്‍ ആഭ്യന്തര വിനോദസഞ്ചാര യാത്രക്കാരുടെ എണ്ണത്തില്‍ വന്‍വര്‍ധന. കൂട്ടത്തോടെ ടിക്കറ്റ് ബുക്ക് ചെയ്യുന്ന ബള്‍ബ് ബുക്കിങ് വഴിയാണ് സഞ്ചാരികള്‍ യാത്ര ചെയ്യുന്നത്. ബള്‍ബ് ബുക്കിങ്ങിലൂടെ ഇളവ് ലഭിക്കുന്നു എന്നതാണ് പ്രധാന ആകര്‍ഷണം.
കുടുംബശ്രീ പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, സ്വയം സഹായ സംഘം പ്രവര്‍ത്തകര്‍, റസിഡന്റ്സ് അസോസിയേഷനുകള്‍, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, അധ്യാപകര്‍ തുടങ്ങിയവര്‍ അടുത്ത ദിവസങ്ങളില്‍ ബള്‍ക്ക് ബുക്കിങ് സംവിധാനം പ്രയോജനപ്പെടുത്തിയിട്ടുണ്ട്.
ബെംഗളൂരുവിലേക്കാണ് ഏറ്റവും കൂടുതല്‍ ബുക്കിങ്. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നു ബെംഗളൂരുവില്‍ പോയി വരാന്‍ ഒരാള്‍ക്കു 3,500 രൂപ മുതല്‍ 4,000 രൂപ വരെയാണു ടിക്കറ്റ് നിരക്ക്. രാവിലെ പോയി അത്യാവശ്യം സ്ഥലങ്ങള്‍ കണ്ടു വൈകിട്ടു തിരിച്ചെത്താം എന്നതും ബെംഗളൂരു യാത്രയെ ആകര്‍ഷകമാക്കുന്ന ഒന്നാണ്.
വേനല്‍ അവധിക്കാല വിനോദ യാത്രയിലും കണ്ണൂര്‍ വിമാനത്താവളം പ്രധാന താവളമായി മാറിയിട്ടുണ്ട്. സ്കൂള്‍ അവധി ദിവസങ്ങളില്‍ ധാരാളം പേര് വിമാനത്താവള സന്ദര്‍ശനത്തിന് എത്തുന്നുണ്ട്. കണ്ണൂരിനു പുറമേ വയനാട്, കാസര്‍കോട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നും വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ എത്തുന്നു. പ്രൈമറി വിദ്യാര്‍ഥികളാണു കൂടുതല്‍. സ്കൂളിലെ പ്രധാനാധ്യാപകന്റെ സാക്ഷ്യപത്രവുമായി എത്തുന്നവര്‍ക്ക് പ്രവേശന ഫീസില്‍ 50 ശതമാനം ഇളവ് ലഭിക്കും.