തകരാറുകള്‍ പരിഹരിച്ചു; വന്ദേ ഭാരത് എകസ്പ്രസ് വീണ്ടും ഓടിത്തുടങ്ങി
രാജ്യത്തെ ഏറ്റവും വേഗമേറിയ ട്രെയിനായ വന്ദേ ഭാരത് എക്‌സ്പ്രസ് ഓടിത്തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ലാഗ് ഓഫ് ചെയ്തതിന്റെ പിറ്റേ ദിവസം വാരണാസിയില്‍നിന്നും ഡല്‍ഹിയിലേക്കുളള മടക്ക യാത്രക്കിടെ ട്രെയിന്‍ ബ്രേക്ക് ടൗണായി വഴിയില്‍ കിടന്നിരുന്നു. പിന്നീട് തകരാറുകള്‍ പരിഹരിച്ചശേഷമാണ് ട്രെയിന്‍ ഇന്ന് യാത്ര പുനരാരംഭിച്ചത്.
വന്ദേ ഭാരത് എക്‌സ്പ്രസ് വാരണാസിയില്‍നിന്നും ഡല്‍ഹിയിലേക്ക് പുറപ്പെട്ടുവെന്നും അടുത്ത രണ്ടാഴ്ചത്തേക്കുളള ടിക്കറ്റുകളെല്ലാം വിറ്റു തീര്‍ന്നുവെന്നും റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ ട്വീറ്റ് ചെയ്തു.
വെളളിയാഴ്ച രാത്രിയാണ് ട്രെയിന്‍ വാരണാസിയില്‍നിന്നും ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്. 45 മിനിറ്റ് കഴിഞ്ഞതോടെ ഉത്തര്‍പ്രദേശിലെ തുണ്ട്ല സ്റ്റേഷനില്‍നിന്നും 15 കിലോമീറ്റര്‍ അകലെ വച്ച് ട്രെയിന്‍ ബ്രേക്ക് ഡൗണായി. ട്രെയിനിന്റെ അവസാനത്തെ കോച്ചുകളിലെ ബ്രേക്ക് ജാമാവുകയും നാല് കോച്ചുകളിലെ വൈദ്യുതി നിലയ്ക്കുകയുമായിരുന്നു. പശുവിനെ ഇടിച്ചതാണ് തകരാറിന് ഇടയാക്കിയതെന്നാണ് നിഗമനമെന്ന് നോര്‍ത്തേണ്‍ റെയില്‍വേ പിന്നീട് അറിയിച്ചു. തകരാര്‍ പരിഹരിച്ചശേഷം ഇന്നു രാവിലെയോടെ വന്ദേ ഭാരത് എക്‌സ്പ്രസ് യാത്ര പുനരാരംഭിച്ചു.
ഫെബ്രുവരി 15നായിരുന്നു ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ നിന്നും പ്രധാനമന്ത്രി ട്രെയിന്‍ 18 ഫ്ളാഗ് ഓഫ് ചെയ്തത്. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ട്രെയിന്‍ ഡല്‍ഹി-വാരണാസി റൂട്ടിലാണ് സര്‍വ്വീസ് നടത്തുക. ഒമ്പത് മണിക്കൂറും 45 മിനിറ്റുമെടുത്താണ് ആദ്യ ദിനം ട്രെയിന്‍ വാരണാസിയില്‍ എത്തിയത്.
റായി ബറേലിയിലെ മോഡേണ്‍ കോച്ച് ഫാക്ടറിയില്‍ 97 കോടി രൂപ മുടക്കി 18 മാസം കൊണ്ടാണ് ട്രെയിന്‍ നിര്‍മിച്ചിരിക്കുന്നത്. പൂര്‍ണമായും ശീതികരിച്ച കോച്ചുകളാണ് ട്രെയിനില്‍ ഘടിപ്പിച്ചിരിക്കുന്നത്. മെട്രോ ട്രെയിന്‍ മാതൃകയില്‍ എന്‍ജിനില്ലാത്ത ഇന്ത്യന്‍ റെയില്‍വേയുടെ ആദ്യ ട്രെയിനാണ് വന്ദേ ഭാരത് എക്‌സ്പ്രസ്.