രാജ്യത്തെ മൂന്നാമത്തെ വലിയ തുരങ്കപാത നിര്‍മിക്കാനൊരുങ്ങി കേരളം
ദൈര്‍ഘ്യത്തില്‍ രാജ്യത്തു മൂന്നാം സ്ഥാനത്തെത്തുന്ന തുരങ്കപാത നിര്‍മിക്കാന്‍ കേരളം. കോഴിക്കോട്, വയനാട് ജില്ലകളെ ബന്ധിപ്പിച്ച് ആനക്കാംപൊയിലില്‍ തുടങ്ങി കള്ളാടി വഴി മേപ്പാടി വരെ 6.5 കിലോമീറ്റര്‍ നീളത്തിലാണു തുരങ്കപാത നിര്‍മിക്കുന്നത്. 600 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന തുരങ്കപാതയുടെ രൂപരേഖ തയാറാക്കാന്‍ കൊങ്കണ്‍ റെയില്‍ കോര്‍പറേഷനെ നിയമിച്ചു സര്‍ക്കാര്‍ ഉത്തരവിറക്കി. നിലവിലുള്ള താമരശ്ശേരി ചുരത്തിനു ബദല്‍മാര്‍ഗമായാണു തുരങ്കപാത നിര്‍മിക്കുന്നത്. മണ്ണിടിഞ്ഞും മറ്റും ചുരത്തില്‍ മണിക്കൂറുകളോളം ഗതാഗതം സ്തംഭിക്കുന്നതു പതിവാണ്.
തുരങ്കപാത നിര്‍മിക്കുന്നതോടെ 30 കിലോമീറ്ററോളം ദൂരം ലാഭിക്കാനാകും. കിഫ്ബി വഴി നടപ്പാക്കുന്ന പദ്ധതിയില്‍ രണ്ടുവരിപ്പാതയാണു നിര്‍ദേശിച്ചിട്ടുള്ളത്. ഇതിനു പുറമേ തുരങ്കപാതയുടെ രണ്ടറ്റത്തും അപ്രോച്ച് റോഡും ഇരവഞ്ഞിപ്പുഴയില്‍ 70 മീറ്റര്‍ നീളത്തില്‍ പാലവും നിര്‍മിക്കും. ആനക്കാംപൊയില്‍ സ്വര്‍ഗംകുന്നില്‍ നിന്നു മേപ്പാടിയിലെ തൊള്ളായിരം റോഡ് വരെയാണു തുരങ്കം നിര്‍മിക്കുക. തുരങ്കപാതയുടെ സാധ്യതാപഠനം 2014 ലാണ് നടത്തിയത്.
2016 ല്‍ സര്‍ക്കാര്‍ അനുമതി നല്‍കി. റോഡ് ഫണ്ട് ബോര്‍ഡിനെയാണ് എസ്പിവി(സ്‌പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍)യായി നിയമിച്ചത്. പിന്നീടു മരാമത്ത് ചീഫ് എന്‍ജിനീയര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണു തുരങ്കപാത നിര്‍മിച്ചു പരിചയമുള്ള ഏജന്‍സിയെ ചുമതല ഏല്‍പിക്കണമെന്നു നിര്‍ദേശിച്ചതെന്നു മരാമത്ത് സെക്രട്ടറി ജി. കമലവര്‍ധന റാവുവിന്റെ ഉത്തരവില്‍ പറയുന്നു. രൂപരേഖയ്ക്കു പുറമേ പാത നിര്‍മാണവും ഏറ്റെടുക്കാന്‍ തയാറാണെന്നു കൊങ്കണ്‍ കോര്‍പറേഷന്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.