ചെന്നൈയിലെത്തിയാല്‍ കാണേണ്ട മ്യൂസിയങ്ങള്‍
ചരിത്രത്തിലേക്ക് ആഴത്തില്‍ ഇറങ്ങിക്കിടക്കുന്ന നഗരമാണ് ചെന്നൈ. പഴയകാല സ്മരണകള്‍ ഇന്നും എല്ലാ കോണുകളിലും ഒളിപ്പിച്ചിരിക്കുന്ന ഈ നാടിനെ കണ്ടു തീര്‍ക്കുക എന്നതിനേക്കാള്‍ അറിഞ്ഞു തീര്‍ക്കുക, അല്ലെങ്കില്‍ അറിയുവാന്‍ ശ്രമിക്കുക എന്ന വാക്കായിരിക്കും കൂടുതല്‍ യോജിക്കുക. പണിതു തീര്‍ത്ത സ്മാരകങ്ങളും കെട്ടിടങ്ങളും തേടി നടക്കുന്നതിലും എളുപ്പത്തില്‍ ചെന്നൈയെ അറിയുവാന്‍ ഒരു വഴിയേ ഉള്ളു. അത് മ്യൂസിയങ്ങളാണ്. കഴിഞ്ഞ കാലത്തെ ഇന്നും ജീവിപ്പിക്കുന്ന കുറച്ചധികം മ്യൂസിയങ്ങള്‍. ചെന്നൈയിലെ പ്രധാനപ്പെട്ട കുറച്ച് മ്യൂസിയങ്ങള്‍ പരിചയപ്പെടാം…
ഫോര്‍ട്ട് മ്യൂസിയം
ആര്‍ക്കിയോളജികക്ല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കീഴില്‍ സംരക്ഷിക്കപ്പെടുന്ന മ്യൂസിയമാണ് ചെന്നൈയിലെ ഫോര്‍ട്ട് മ്യൂസിയം. ആര്‍ക്കിയോളജിക്കല്‍ ഇന്ത്യയുടെ നേതൃത്വത്തില്‍ നടത്തിയ ഖനനങ്ങളില്‍ നിന്നും കുഴിച്ചെടുത്ത സാധനങ്ങളാണ് ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. വളരെ പഴയ കാലത്തിന്റെ പോലും ചരിത്രം ഇവിടെ എത്തിയാല്‍ മനസ്സിലാക്കുവാന്‍ സാധിക്കും
റീജിയണല്‍ റെയില്‍ മ്യൂസിയം
ചെന്നൈയ്ക്ക് സമീപത്തുള്ള പെരമ്പൂരിലാണ് റീജിയണല്‍ റെയില്‍ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. ഇന്ത്യന്‍ റെയില്‍വേയുടെ വളര്‍ച്ചയിടെ മാറ്റങ്ങളും നാഴികക്കല്ലുകളും അടയാളപ്പെടുത്തിയിരിക്കുന്ന ഇടമാണിത്. 2002 ലാണ് ഇത് ഉദ്ഘാടനം ചെയ്യപ്പെട്ടത്. ട്രെയിനിന്റെ വിവിധ രൂപങ്ങളും മാതൃകകളും ഒക്കെ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.
ദക്ഷിണ ചിത്ര
മുട്ടുകാട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന മറ്റൊരു പൈതൃക മ്യൂസിയമാണ് ദക്ഷിണ ചിത്ര.തുറന്ന ആംഫി തിയേറ്ററായാണ് ഈ മ്യൂസിയം പ്രവര്‍ത്തിക്കുന്നത്. സംഗീതത്തിന്റെയും കലകളുടെയും പെര്‍ഫോമന്‍സുകളാണ് ഇവിടെ നടക്കുക. ചിത്രകലയും പാത്ര നിര്‍മ്മാണവും ഒക്കെ പഠിപ്പിക്കുന്ന ശില്ശാലകള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ഇവിടെ നടക്കാറുണ്ട്.
ഡോ. ഗിരീസ് മ്യൂസിയം
ചരിത്ര വസ്തുക്കള്‍ കാണുവാന്‍ എല്ലാവും കയറിയിറങ്ങുന്ന സാധാരണ മ്യൂസിയങ്ങളിലൊന്നല്ല ഡോ. ഗിരീസ് മ്യൂസിയം. ബിസിനസ് ആവശ്യങ്ങള്‍ക്കായാണ് ഈ മ്യൂസിയം സാധാരണയായി ഉപയോഗപ്പെടുത്തുന്നത്. ഫര്‍ണിച്ചര്‍, പെയിന്റിംഗുകള്‍, തുടങ്ങിയവ ഇവിടെ പ്രദര്‍ശിപ്പിക്കുകയും വില്ക്കുകയും ചെയ്യാറുണ്ട്. ഏകദേശം 50 വര്‍ഷത്തിലധികം പഴക്കം ഇതിനുണ്ട്.
തമിഴ്‌നാട് സയന്‍സ് ആന്‍ഡ് ടെക്‌നോളജി സെന്റര്‍
1983 ല്‍ നിര്‍മ്മിച്ച തമിഴ്‌നാട് സയന്‍സ് ആന്‍ഡ് ടെക്‌നോളജി സെന്റര്‍ ആണ് ഇവിടെ സന്ദര്‍ശിച്ചിരിക്കേണ്ട മറ്റൊരു മ്യൂസിയം.വിദ്യാര്‍ഥികള്‍ക്കിടയില്‍ ശാസ്ത്ര അവബോധം വളര്‍ത്തുക എന്ന ഉദ്ദേശത്തിലാണ് ഇത് സ്ഥാപിക്കുന്നത്. ഇവിടുത്തെ പ്രദര്‍ശനങ്ങളിലൂടെ പൊതുജനങ്ങള്‍ക്കിടയില്‍ ഒരു പരിധിവരെ എങ്കിലും ശാസ്ത്രത്തെ കൊണ്ടുചെല്ലാന്‍ സാധിച്ചിട്ടുണ്ട് എന്നാണ് കരുതപ്പെടുന്നത്.
ത്രിഡീ മ്യൂസിയം
ചെന്നൈ ഈസ്റ്റ് കോസ്റ്റ് റോഡില്‍ സന്ദര്‍ശിച്ചിരിക്കേണ്ട മ്യൂസിയമാണ് ഇവിടുത്തെ ത്രിഡി മ്യൂസിയം. ഇവിടുത്തെ എല്ലാ പ്രദര്‍ശനങ്ങളും ത്രിഡിയിലാണ് ഒരുക്കിയിരിക്കുന്നത്. എ പി. ശ്രീധര്‍ എന്നു പേരായ ഒരു കലാകാരനാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്.