ദുബൈ വിമാനത്താവളം ഇനി സഞ്ചാരികളുടെ ഉല്ലാസത്താവളം
ഹൈടെക് സാങ്കേതികവിദ്യകളുടെ ചിറകില്‍ ദുബൈ കാഴ്ചകളുടെയും സേവനങ്ങളുടെയും വിസ്മയങ്ങളിലേക്ക് രാജ്യാന്തര വിമാനത്താവളത്തിനു ടേക്ക്ഓഫ്. 3 ഡി ദൃശ്യാനുഭവമൊരുക്കുന്ന വെര്‍ച്വല്‍ ലോകവും വിവിധ സംസ്കാരിക വിസ്മയങ്ങളുമായി വിമാനത്താവളം അടിമുടി മാറുന്നു. കാഴ്ചകളിള്‍ മാത്രമല്ല, സേവനങ്ങളിലും ഷോപ്പിങ് അനുഭവങ്ങളിലും സമഗ്ര മാറ്റമുണ്ടാകും. ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കായി ടെര്‍മിനല്‍ മൂന്നിലെ കോണ്‍കോഴ്സ് ബിയില്‍ ഇതിനു തുടക്കം കുറിച്ചു.
ഒരു വര്‍ഷത്തിനുള്ളില്‍ എല്ലാ ടെര്‍മിനലുകളിലും ഇതു നടപ്പാക്കും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പദ്ധതി ഉദ്ഘാടനം ചെയ്തു. ദുബൈയിയുടെ വിസ്മയക്കാഴ്ചകളിലേക്ക് ഉല്ലാസയാത്ര നടത്താന്‍ കഴിയുന്നതാണ് വെര്‍ച്വല്‍ ലോകം. ലോകത്തില്‍ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയുടെ തലപ്പൊക്കത്തില്‍ നിന്നു യാത്രക്കാര്‍ക്ക് സെല്‍ഫിയെടുക്കാം, വിമാനത്താവളത്തിനു പുറത്തിറങ്ങാതെ. ബുര്‍ജ് അല്‍ അറബ്, ദുബൈ ഫ്രെയിം, ദുബൈ കനാല്‍, ബോളിവുഡ് പാര്‍ക്ക്,ദുബൈ സഫാരി, പാം ജുമൈറ തുടങ്ങിയവയുടെ പശ്ചാത്തലത്തില്‍ സെല്‍ഫിയെടുക്കാം. ടെര്‍മിനല്‍ മൂന്നിലെ കോണ്‍കോഴ്സ് എയിലും ഈ സൗകര്യം ഒരുക്കിയിട്ടുണ്ട്.
ദുബൈ കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ദുബൈ എയര്‍പോര്‍ട്സ് ചെയര്‍മാനും എമിറേറ്റ്സ് ഗ്രൂപ്പ് സിഇഒയുമായ ഷെയ്ഖ് അഹമ്മദ് ബിന്‍ സഈദ് അല്‍ മക്തൂം, ദുബായ് എയര്‍പോര്‍ട്സ് സിഇഒ: പോള്‍ ഗ്രിഫിത് സ് തുടങ്ങിയവര്‍ പങ്കെടുത്തു.മറ്റു സ്ഥലങ്ങളിലേക്കു യാത്ര ചെയ്യാന്‍ ദുബായ് വിമാനത്താവളങ്ങള്‍വഴി കടന്നുപോകുന്ന (ട്രാന്‍സിറ്റ്) യാത്രക്കാര്‍ക്ക് അടുത്ത വിമാനത്തിന് നാലുമണിക്കൂറിലേറെ സമയമുണ്ടെങ്കില്‍ പുറത്തിറങ്ങി നഗരക്കാഴ്ചകള്‍ കാണാന്‍ അനുവാദം നല്‍കിയിട്ടുണ്ട്. ഇത്രയും സമയം കിട്ടാത്തവര്‍ക്ക് പുതിയ സംവിധാനം ഏറെ സൗകര്യമാകും. അമേരിക്ക, യൂറോപ്പ്, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് ഒട്ടേറെ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ ദുബൈ വഴിയാണ് യാത്ര ചെയ്യുന്നത്. ദുബായില്‍ ബന്ധുക്കളെ കാണാനും ഷോപ്പിങ് നടത്താനും ഇറങ്ങുന്നവരേറെയാണ്.
വിമാനത്താവളത്തില്‍ എല്ലാ നടപടിക്രമങ്ങളും അതിവേഗത്തിലാക്കുമെന്ന് സിഇഒ: പോള്‍ ഗ്രിഫിത്സ്. യാത്രക്കാര്‍ വിമാനത്താവളത്തില്‍ എത്തുന്നതു മുതല്‍ വിമാനത്തില്‍ കയറുംവരെ ഒരിടത്തും കാലതാമസമുണ്ടാകില്ല. ക്യൂ പൂര്ണമായുംഇല്ലാതാകും.പുതിയസാങ്കേതിക സംവിധാനങ്ങള്‍ മൂലം എമിഗ്രേഷന്‍ കൗണ്ടറിനു മുന്നില്‍ കാത്തുനില്‍ക്കാതെ സെക്കന്‍ഡുകള്‍ കൊണ്ടു നടപടിപൂര്ത്തിയാക്കാം. സ്മാര്‍ട് ഗേറ്റുകളില്‍ പാസ്പോര്‍ട്ടോ ദേശീയ തിരിച്ചറിയല്‍ കാര്‍ഡോ വച്ചശേഷം ലളിത നിര്‍ദേശങ്ങള്‍ പാലിച്ചാല്‍ നടപടികള്‍ പൂര്‍ത്തിയാക്കാം. ടെര്‍മിനല്‍ മൂന്നില്‍ എമിഗ്രേഷന്‍ നടപടികള്‍ അതിവേഗത്തിലാക്കുന്ന ‘സ്മാര്‍ട് ടണലും’ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. 15 സെക്കന്‍ഡിനകം നടപടികള്‍ പൂര്‍ത്തിയാക്കാം. യാത്രക്കാരെ നിരീക്ഷിക്കാന്‍ ടണലില്‍ സ്മാര്‍ട് ക്യാമറകളും സെന്‍സറുകളും ഉണ്ടാകും. വിരലടയാളങ്ങളും നേത്രാടയാളങ്ങളുമെല്ലാം നിമിഷങ്ങള്‍ക്കകം സ്കാന്‍ ചെയ്യുന്നു. അസ്വാഭാവികമായി എന്തെങ്കിലും ശ്രദ്ധയില്‍ പെട്ടാല്‍ കൂടുതല്‍ പരിശോധനയ്ക്കു വിധേയനാകണം.
സാംസ്കാരിക വൈവിധ്യങ്ങള്‍ ആസ്വദിക്കാനും സൗകര്യമുണ്ട്. സംഗീതം, നൃത്തം, ഇതരകലാപരിപാടികള്, ഫാഷന്‍ പ്രദര്‍ശനം എന്നിവയ്ക്കായി പ്രത്യേക മേഖലകള്‍ സജ്ജമാക്കും. ലോകത്തിലെ പ്രശസ്ത കലാകാരന്മാരെ നേരില്‍ കാണാനും പരിചയപ്പെടാനും യാത്രക്കാര്‍ക്ക് അവസരം ലഭിക്കും. പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ സംഗീതപരിപാടികള്‍ക്ക് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ഫാഷന്‍ പ്രദര്‍ശനമേളകളും വിഭാവനം ചെയ്യുന്നുണ്ട്. ലോകത്തിലെ ഏതു ഭക്ഷണവും ലഭ്യമാക്കാന്‍ കൂടുതല്‍ ഭക്ഷണശാലകള്‍ ആരംഭിക്കും.