Kerala

സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന് ആദരം: തലസ്ഥാനത്ത് അത്യാധുനിക സംവിധാനങ്ങളുമായി തിയേറ്റര്‍ വരുന്നു

അന്തരിച്ച സിനിമാ സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന് ആദരവായി തലസ്ഥാനത്ത് പുതിയ തിയേറ്റര്‍ വരുന്നു. അത്യാധുനിക സംവിധാനങ്ങളുമായാണ് കെഎസ്ആര്‍ടിസി ടെര്‍മിനലില്‍ ലെനിന്‍ സിനിമാസ് ഒരുങ്ങുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ മാസം 27ന് തിയ്യേറ്റര്‍ ഉദ്ഘാടനം ചെയ്യും.

സര്‍ക്കാറിനു കീഴിലെ ആദ്യ 4കെ തിയ്യേറ്ററാണ് തിരുവനന്തപുരത്ത് പ്രവര്‍ത്തനം തുടങ്ങുന്നത്. കെഎസ്എഫ്ഡിസിയുടെ സംസ്ഥാനത്തെ ഏറ്റവും സാങ്കേതിക മികവുള്ള തിയ്യേറ്ററും ലെനിന്‍ സിനിമാസാണ്. രണ്ട് കോടി രൂപയാണ് നിര്‍മ്മാണ ചിലവ്. 150സീറ്റുകളാണ് ക്രമീകരിക്കുന്നത്. ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായിരുന്ന ലെനിന്‍ രാജേന്ദ്രന്റെ സ്വപ്ന പദ്ധതികളിലൊന്നായിരുന്നു ഈ തിയേറ്റര്‍.

ഡോള്‍ബി അറ്റ്‌മോസ് സൗണ്ട് സിസ്റ്റം, സില്‍വര്‍ സ്‌ക്രീന്‍,3ഡി സംവിധാനം എന്നിവയും പ്രത്യേകതകളാണ്. ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെത്തുന്നവര്‍ക്ക് തിയേറ്റര്‍ കൂടുതല്‍ സൗകര്യപ്രദമാകും.