മെട്രോ ഫീഡര്‍ ഓട്ടോയിലും യാത്രക്കാര്‍ക്ക് ടിക്കറ്റ്
ബസിലും ട്രെയിനിലും യാത്രയ്ക്കു ടിക്കറ്റ് ലഭിക്കും പോലെ മെട്രോയുടെ ഫീഡര്‍ ഓട്ടോയിലും യാത്രക്കാര്‍ക്കു ടിക്കറ്റ്.
ഫീഡര്‍ ഓട്ടോ സര്‍വീസിന്റെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണു തീരുമാനം. ഓട്ടോ സര്‍വീസിന്റെ സുതാര്യതയും വ്യക്തതയും ഉറപ്പുവരുത്താന്‍ വേണ്ടിയാണിതെന്നു കെഎംആര്‍എല്‍ എംഡി മുഹമ്മദ് ഹനീഷ് പറഞ്ഞു.
ഫീഡര്‍ സര്‍വീസ് നടത്തുന്ന ഷെയര്‍ ഓട്ടോകളില്‍ ആദ്യ 2 കിലോമീറ്റര്‍ യാത്രയ്ക്കു 10 രൂപയാണു നിരക്ക്. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 5 രൂപ. എല്ലാ ഓട്ടോകളിലും ഇതിന്റെ ചാര്‍ട്ട് പ്രദര്‍ശിപ്പിക്കും. തുടക്കത്തില്‍ 38 ഇലക്ട്രിക് ഓട്ടോറിക്ഷകളാണു ഫീഡര്‍ സര്‍വീസിനുണ്ടാകുക.
പിന്നീട് സാധാരണ ഓട്ടോകളെക്കൂടി ഉള്‍പ്പെടുത്തി ഫീഡര്‍ സര്‍വീസ് 300 ആക്കും. പൊലീസ് അസി. കമ്മിഷണര്‍ എം.എ.നാസര്‍, റീജനല്‍ ട്രാന്‍സ്‌പോര്‍ട് കമ്മിഷണര്‍ ഷാജി ജോസഫ്, ആര്‍ടിഒ ജോജി പി. ജോസ്, എംവിഐ ബിജു ഐസക്, ഓട്ടോറിക്ഷാ ഡ്രൈവേഴ്‌സ് യൂണിയന്‍ കോ- ഓപ്പറേറ്റീവ് സൊസൈറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
എറണാകുളം ഓട്ടോ ഡ്രൈവേഴ്‌സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഉദ്ഘാടനം 17നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ നടക്കുന്ന സമ്മേളനത്തില്‍ 5000 ഓട്ടോ ഡ്രൈവര്‍മാരും അവരുടെ കുടുംബാംഗങ്ങളും പങ്കെടുക്കും.
കൊച്ചി മെട്രോയുടെ ഫീഡര്‍ സര്‍വീസിന്റെ ഉദ്ഘാടനവും അന്നു മുഖ്യമന്ത്രി നിര്‍വഹിക്കും. വിശാലകൊച്ചി മേഖലയിലെ 15000 ഓട്ടോറിക്ഷകള്‍ സൊസൈറ്റിയുടെ ഭാഗമാകുമെന്നാണു കരുതുന്നത്. സൊസൈറ്റി ചെയര്‍മാന്‍ കെ. കെ. ഇബ്രാഹിംകുഞ്ഞ്, കണ്‍വീനര്‍ സ്യമന്തഭദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ സംഘാടക സമിതി രൂപീകരിച്ചു.