Festival and Events

തേഹ്രി ലേക്ക് ഫെസ്റ്റിവലിന്റെ വിശേഷങ്ങള്‍

സാഹസികത, നേരംപോക്ക്, അത്ഭുതം, യാത്ര.ഇതെല്ലാം ഒന്നിച്ച് ഒരിടത്ത് അനുഭവിക്കുവാന്‍ സാധിക്കുക എന്നത് ഇത്തിരി ബുദ്ധിമുട്ടുള്ള സംഗതിയാണ്. എന്നാല്‍ തേഹ്രി ലേക്ക് ഫെസ്റ്റിവലിലെത്തിയാല്‍ ഇതും നടക്കും. ഉത്തരാഖണ്ഡ് വിനോദ സഞ്ചാര വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന തേഹ്‌റി ലേക്ക് ഫെസ്റ്റിവല്‍ ഫെബ്രുവരി മാസത്തില്‍ നടക്കുന്ന പ്രധാന ആഘോഷങ്ങളിലൊന്നാണ്. ഉത്തരാഖണ്ഡിന്റെ കാഴ്ചകള്‍ ആസ്വദിച്ച് ഒരു യാത്രയാണ് ലക്ഷ്യമെങ്കില്‍ ഇതാണ് പറ്റിയ സമയം. തേഹ്‌റി ലേക്ക് ഫെസ്റ്റിവലിന്റെ വിശേഷങ്ങളിലേക്ക്…


തേഹ്‌റി ലേക്ക് ഫെസ്റ്റിവല്‍ ഏഷ്യയിലെ ഏറ്റവും വലിയ ലേക്ക് ഫെസ്റ്റിവലായി അറിയപ്പെടുന്നതാണ് തേഹ്‌റി ലേക്ക് ഫെസ്റ്റിവല്‍. ഉത്തരാഖണ്ഡിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നായി അറിയപ്പെടുന്ന ഇത് ആദ്യമായാണ് തണുപ്പു കാലമായ ഫെബ്രുവരിയില്‍ നടക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്.

ഫെബ്രുവരി 25,26.27 തിയ്യതികളിലാണ് തേഹ്‌റി ലേക്ക് ഫെസ്റ്റിവല്‍ നടക്കുക. ഈ സമയത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സന്ദര്‍ശകര്‍ എത്തിച്ചേരും എന്നാണ് കരുതുന്നത്.

ജലവിനോദങ്ങള്‍ എല്ലാം ഒരിടത്ത് ഒരൊറ്റ കുടക്കീഴില്‍ ആസ്വദിക്കുവാന്‍ പറ്റിയ ഒരിടമായാണ് തേഹ്‌റി ഫെസ്റ്റിവലിനെ ആളുകള്‍ കാണുന്നത്. ബോട്ടിങ്ങ്, ജെറ്റ് സ്‌കീയിങ്ങ്, ബനാനാ റൈഡ്‌സ്, വാട്ടര്‍ സ്‌കീയിങ്ങ്, സര്‍ഫിങ്ങ്, കാനോയിങ്ങ്, റോവിങ്ങ്, എയര്‍ ഷോ. റിവര്‍ റാഫ്ടിങ്ങ്, പാരാഗ്ലൈഡിങ്ങ്, കയാക്കിങ്ങ്, തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.


തടാകത്തില്‍ നടത്താവുന്ന സാഹസിക വിനോദങ്ങള്‍ കൊണ്ടു തീരുന്നതല്ല ഇവിടുത്തെ ആഘോഷങ്ങള്‍. രാവും പകലും നടക്കുന്ന സാംസ്‌കാരിക പരിപാടികളും ഇവിടുത്തെ മറ്റൊരു പ്രത്യേകതയാണ്. ആഭരണങ്ങളുടെ പ്രദര്‍ശനം, യോഗ, ധ്യാനം, ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ, ആര്‍ട്ടിസ്റ്റ് ക്യാംപ് തുടങ്ങിയവയെല്ലാം ഇതിന്റെ മാത്രം പ്രത്യേകതയാണ്.

പരിപാടികള്‍ അവതരിപ്പിക്കുവാനായി എത്തിച്ചേരുന്ന ബോളിവുഡ് താരങ്ങളാണ് തേഹ്‌റി ലോക്ക് ഫെസ്റ്റിവലിന്റെ മറ്റൊരു ആകര്‍ഷണം. മുന്‍നിര താരങ്ങളുടെ പരിപാടികള്‍ക്കാണ് ഇവിടെ കൂടുതലും ആരാധകര്‍ പങ്കെടുക്കാനെത്തുന്നത്.


തേഹ്‌റി ലേക്ക് ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുപാട് സൗകര്യങ്ങള്‍ ഇവിടെ എത്തുന്ന സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. തേഹ്‌റിയില്‍ താമസിക്കുവാന്‍ താല്പര്യമില്ലാത്തവര്‍ക്ക് ഋഷികേശിലേക്ക് പോകാം. ഒന്നര രണ്ടു മണിക്കൂര്‍ യാത്ര ചെയ്താല്‍ ഋഷികേശിലെത്താം.