മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്ഡന് 25 കോടി; ടൂറിസം മേഖലയ്ക്ക് കുതിപ്പ്
മൂന്നാറില്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ രണ്ടാംഘട്ട വികസനത്തിന് ബജറ്റില്‍ 25 കോടി രൂപ അനുവദിച്ച എല്‍ഡിഎഫ് സര്‍ക്കാരിന്റെ നടപടി പ്രദേശത്തിന്റെ ടൂറിസം വളര്‍ച്ചയ്ക്ക് മുതല്‍ക്കൂട്ടാവും. മൂന്നുവര്‍ഷം മുമ്പ് അഞ്ചു കോടി രൂപ ചെലവില്‍ ആരംഭിച്ച ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ നിര്‍മാണം അന്തിമ ഘട്ടത്തിലേക്ക് നീങ്ങുകയാണ്.
കൊച്ചി ധനുഷ്കോടി ദേശീയപാതയില്‍ മൂന്നാര്‍ ഗവ. കോളേജിനു സമീപം 14 ഏക്കറിലാണ് മൂന്നാറിന്റെ മുഖച്ഛായ മാറ്റുന്ന വിധത്തില്‍ ഗാര്‍ഡന്റെ പണികള്‍ പുരോഗമിക്കുന്നത്. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് എസ് രാജേന്ദ്രന് എംഎല്‍എ നിരന്തരം സര്‍ക്കാരിന്റെ സഹായം അഭ്യര്‍ഥിച്ചിരുന്നു.
രാത്രിയില്‍ പൂന്തോട്ടത്തെ പ്രകാശപൂരിതമാക്കാന്‍ 103 അലങ്കാര ദീപങ്ങള്‍, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേകം വിനോദത്തിനായുള്ള സൗകര്യം, ആംഫി തിയറ്റര്‍, ഗ്ലാസ് ഹൗസ്, ഇക്കോ ഷോപ്പുകള്‍, തുറന്ന വേദി, ആധുനിക സൗകര്യത്തോടെയുള്ള ടോയ്ലറ്റുകള് തുടങ്ങിയവ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലുണ്ടാവും.
ഏപ്രില്‍ അവസാനത്തോടെ നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. വിനോദത്തിനും പഠനത്തിനും മൂന്നാറില്‍ എത്തുന്നവര്‍ക്ക് ബൊട്ടാണിക്കല്‍ ഗാര്ഡന് വേറിട്ട അനുഭവമാവും വരുംനാളുകളില്‍ സമ്മാനിക്കുക.