കടലുണ്ടിയില്‍ പ്രകൃതി സഞ്ചാരപാത പൂര്‍ത്തിയാകുന്നു
പരിസ്ഥിതി സൗഹൃദ ടൂറിസം പദ്ധതിയിലുള്‍പ്പെടുത്തി കടലുണ്ടിയില്‍ ഒരുക്കുന്ന പ്രകൃതി സഞ്ചാര പാതയുടെ(നേച്ചര്‍ വോക്ക് വേ)ആദ്യഘട്ടം പൂര്‍ത്തിയാകുന്നു. പഞ്ചായത്ത് പദ്ധതിയില്‍ 5 ലക്ഷം രൂപ ചെലവിട്ടു കമ്യൂണിറ്റി റിസര്‍വ് ഓഫിസ് പരിസരം മുതല്‍ 70 മീറ്ററിലാണ് പുഴയോരത്ത് പാത നിര്‍മിച്ചത്.
ഇരുവശത്തും കരിങ്കല്‍ ഭിത്തി കെട്ടി ബലപ്പെടുത്തിയ പാതയില്‍ പൂട്ടുകട്ട പാകി കൈവരി സ്ഥാപിക്കലാണ് ബാക്കിയുള്ളത്. നിര്‍മാണ പ്രവൃത്തി ഒരാഴ്ച കൊണ്ട് പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. കമ്യൂണിറ്റി റിസര്‍വ് മുതല്‍ കടലുണ്ടിക്കടവ് പാലം വരെ 1.10 കിലോ മീറ്ററില്‍ കടലുണ്ടിപ്പുഴയോരത്താണ് നടപ്പാത നിര്‍മിക്കുന്നത്.
ജനകീയ പങ്കാളിത്തത്തോടെ പഞ്ചായത്ത് ആവിഷ്‌കരിച്ചു നടപ്പാക്കുന്ന ടൂറിസം വികസന പദ്ധതിയിലാണ് പാത. പൂര്‍ത്തീകരണത്തിനു 3 കോടി രൂപയെങ്കിലും വേണ്ടി വരുമെന്നാണ് പ്രാഥമിക കണക്ക്. സര്‍ക്കാരിന്റെ വിവിധ ഏജന്‍സികളില്‍ നിന്നു ഫണ്ട് തരപ്പെടുത്തി നാച്വര്‍ വോക്ക് വേ ഒരുക്കാനാണ് ഉദ്ദേശ്യം. ജലവിഭവ വകുപ്പ് ഫണ്ടില്‍ പുഴയോരം അരികുഭിത്തി കെട്ടി സംരക്ഷിക്കാനും കണ്ടലുകള്‍ നട്ടുവളര്‍ത്തി തീരദേശത്തെ ഹരിതാഭമാക്കാനും പദ്ധതിയുണ്ട്.
നേരത്തെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുന്നംതിരുത്തി റോഡ് ജംക്ഷനില്‍ നിന്നു കമ്യൂണിറ്റി റിസര്‍വ് ഓഫിസ് വരെ ഓട നിര്‍മിച്ചു റോഡ് മണ്ണിട്ടുയര്‍ത്തിയിട്ടുണ്ട്. ഇവിടെ ഇന്റര്‍ലോക്ക് പാകുന്നതിനു 3 ലക്ഷം രൂപയുടെ പ്രവൃത്തി ടെന്‍ഡര്‍ ചെയ്തിട്ടുമുണ്ട്.
നേച്ചര്‍ വോക്ക് വേയ്ക്കു പുറമേ കണ്ടല്‍ക്കാടുകളും പക്ഷി സങ്കേതവുമുള്‍പ്പെടുന്ന കമ്യൂണിറ്റി റിസര്‍വ്, ചാലിയം പുലിമുട്ട് ബീച്ച്, വാക്കടവ് ബീച്ച് എന്നിവ ഉള്‍പ്പെടുത്തി ടൂറിസം ഐലന്‍ഡ് പദ്ധതിക്കു രൂപരേഖ തയാറാക്കി ടൂറിസം വകുപ്പിനു സമര്‍പ്പിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അജയകുമാര്‍ പറഞ്ഞു.