Special

ആഴക്കടലിനെയറിയാന്‍ യാത്രയ്‌ക്കൊരുങ്ങി 300 പെണ്ണുങ്ങള്‍

ഇന്നീ ലോകത്ത് എല്ലാവരും തുല്യരാണ്. അതിരുകളില്ലാത്ത ലോകം കീഴടക്കാന്‍ ഇപ്പോള്‍ സ്ത്രീകളും താണ്ടാത്ത ദൂരങ്ങളില്ല. 2019 ല്‍ ഇങ്ങനെ 300 പെണ്ണുങ്ങള്‍ ഒരുമിച്ച് തുനിഞ്ഞിറങ്ങുകയാണ്. അവര്‍ക്ക് സമുദ്രത്തിന്റേയും രാജ്യാതിര്‍ത്തികളുടെയും പരിധികളില്ല. അവരെല്ലാവരും ഒരുമിച്ച് പോകുകയാണ്. മൈലുകള്‍ താണ്ടി, സമുദ്രം മുറിച്ച് കടന്ന്.

സമുദ്രമലിനീകരണത്തിനെ കുറിച്ച് പഠിക്കാന്‍ പെണ്‍കുട്ടികള്‍ മാത്രം നടത്തുന്ന ലോകയാത്രയുടെ വിശേഷങ്ങള്‍ കേള്‍ക്കാനാണ് ഇന്ന് ലോകം കാതുകൂര്‍പ്പിക്കുന്നത്. സമുദ്രത്തെ കുറിച്ച് പരിജ്ഞാനം ഉള്ളവര്‍ മാത്രമല്ല, ഈ സംഘത്തില്‍ അധ്യാപകരുണ്ടാകും വിദ്യാര്‍ഥികളുണ്ടാകും നന്നായി പാചകം ചെയ്യാനറിയുന്നവരുണ്ടാകും, ഡോക്ടര്‍മാരും നഴ്‌സുമാരും ഉണ്ടാകും, അങ്ങനെ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള 300 സ്ത്രീകളാണ് സമുദ്രത്തില്‍ അടിഞ്ഞ് കൂടിയിരിക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങളെക്കുറിച്ചും ഇതുമൂലമുണ്ടാകുന്ന ആരോഗ്യ-പാരിസ്ഥിതിക പ്രശ്ങ്ങളെക്കുറിച്ചും പഠിക്കാന്‍ ലോകം മുഴുവന്‍ കടല്‍ മാര്‍ഗ്ഗം യാത്ര പുറപ്പെടുന്നത്.

ഈ വര്‍ഷം ഒക്ടോബര്‍ മാസം യു കെയില്‍ നിന്നാണ് അരുതുകളോ അതിരുകളോ ഇല്ലാത്ത ഈ പെണ്‍സംഘം യാത്ര പുറപ്പെടുന്നത്. 38000 നോട്ടിക്കല്‍ മൈലുകള്‍ കീഴടക്കാന്‍ പുറപ്പെടുന്ന ഈ സമുദ്ര യാത്ര ഏകദേശം രണ്ട വര്‍ഷമെങ്കിലും നീണ്ടു നില്‍ക്കും. സമുദ്ര ഗവേര്‍ഷണങ്ങളില്‍ തല്പരയായ എമിലി പെന്‍ നേതൃത്വം കൊടുക്കുന്ന എസ്പീഡിഷന്‍ എന്ന കമ്പനിയാണ് സമുദ്രത്തെ വിഷമയമാക്കുന്ന, മാനുഷ്യരാശിയ്ക്ക് ഹാനികരമായേക്കാവുന്ന കടല്‍ മാലിന്യത്തെകുറിച്ച് കുറിച്ച് പഠിക്കുന്ന ഈ യാത്രയുടെ സംഘാടകര്‍. 2014ല്‍ ഇതേ കമ്പനി അറ്റ്‌ലാന്റിക് സമുദ്രത്തിലൂടെ സ്ത്രീകള്‍ക്ക് മാത്രമായി ഒരു സമുദ്രയാത്ര നടത്തിയിരുന്നു. സമുദ്രത്തിലെ പ്ലാസ്റ്റിക് മാലിന്യങ്ങളെ കുറിച്ചറിയാനുള്ള ആ യാത്ര വലിയ വിജയമായി വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ലോകം മുഴുവന്‍ ചുറ്റിക്കാണുന്ന ഈ യാത്ര സംഘടിപ്പിച്ചത്.

കടലില്‍ അടിഞ്ഞ് കൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങളെ വര്‍ഗീകരിച്ച് പഠന വിധേയമാക്കുക തന്നെയാണ് ഈ യാത്രയുടെയും ലക്ഷ്യം. പഠനം സമുദ്രങ്ങളില്‍ മാത്രം ഒതുക്കാനാവില്ലെന്നാണ് എമിലി പെന്നിന്റെ അഭിപ്രായം. അതിനാല്‍, കരകളിലും തീരങ്ങളിലും നിന്നും ദത്ത ശേഖരണത്തിനായും മറ്റും സ്ത്രീകളെ ഈ പഠനഗ്രൂപ്പ് അന്വേഷിക്കുന്നുണ്ട്. യാത്ര നടത്താന്‍ താല്പര്യമുള്ള സ്ത്രീകള്‍ വിശദ വിവരങ്ങള്‍ക്കായി എസ്പീഡിഷന്‍ exxpedition.com ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.