ബീമാപള്ളി ഉറൂസ്; നാളെ തുടക്കമാകും
ബീമാപള്ളിയിലെ ഉറൂസിന് വ്യാഴാഴ്ച തുടക്കമാകും. പത്തുനാള്‍ ബീമാപള്ളിയും പരിസരവും ഭക്തിയിലാഴും. ഉറൂസിന് മുന്നോടിയായി പള്ളിയും പരിസരവും ദീപപ്രഭയിലായി. രാവിലെ എട്ടിന് നടക്കുന്ന പ്രാര്‍ഥനയ്ക്കുശേഷം 8.30-ന് പള്ളിയങ്കണത്തില്‍നിന്ന് പട്ടണപ്രദക്ഷിണ ഘോഷയാത്ര പുറപ്പെടും. പത്തരയോടെ പള്ളിയില്‍ തിരികെയെത്തും.
തുടര്‍ന്ന് സംസ്ഥാന ഹജ്ജ്കമ്മിറ്റി ചെയര്മാന് സി.മുഹമ്മദ് ഫൈസിയുടെ നേതൃത്വത്തില്‍ പ്രാര്‍ഥന നടക്കും. 11 മണിയോടെ പത്തുദിവസത്തെ ഉറൂസിന് തുടക്കംകുറിച്ചുകൊണ്ട് ബീമാപള്ളി മുസ്ലീം ജമാഅത്ത് പ്രസിഡന്റ് എ.അഹമ്മദ്ഖനി ഹാജി പള്ളിമിനാരങ്ങളിലേക്ക് ഇരുവര്‍ണ പതാകയുയര്‍ത്തും. മന്ത്രി കടകംപള്ളി സുരേന്ദ്രന്, വി.എസ്.ശിവകുമാര്‍ എം.എല്‍.എ., മേയര്‍ വി.കെ.പ്രശാന്ത് എന്നിവര്‍ കൊടിയേറ്റ് ചടങ്ങില്‍ പങ്കെടുക്കുമെന്ന് ജമാഅത്ത് ഭാരവാഹികള്‍ അറിയിച്ചു.
ഉറൂസ് സമാപനദിവസമായ 17-ന് പുലര്‍ച്ചെ 1.30-ന് പള്ളിയങ്കണത്തില്‍നിന്ന് പട്ടണപ്രദക്ഷിണ ഘോഷയാത്ര പുറപ്പെടും. വിശ്വാസികള്‍ അണിനിരക്കുന്ന ഘോഷയാത്രയില്‍ ആടയാഭരണങ്ങളാല്‍ അലങ്കരിച്ച കുതിരകള്‍, മുത്തുക്കുടയേന്തിയവര്‍, ദഫ്മുട്ടുകാര്‍ എന്നിവര്‍ പങ്കെടുക്കും. 4.30-ന് ഘോഷയാത്ര പള്ളിയില്‍ മടങ്ങിയെത്തും. ചീഫ് ഇമാം അല്‍ഹാജ് ഹസന് അഷ്റഫി ഫാളില്‍ ബാഖവിയുടെ മുഖ്യകാര്‍മികത്വത്തില്‍ പ്രത്യേകപ്രാര്‍ഥന നടക്കും. തുടര്‍ന്ന് വിശ്വാസികള്‍ക്ക് അന്നദാന വിതരണവും നടത്തും. ഉറൂസ് ദിവസങ്ങളില്‍ മുനാജാത്ത്, മൗലൂദ് പാരായണം, റാത്തീഫ്, ബുര്‍ദ, മതപ്രഭാഷണം എന്നീ പരിപാടികളുണ്ടാകുമെന്ന് ബീമാപള്ളി മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി കെ.അമാനുള്ള അറിയിച്ചു.
ബീമാപള്ളി ഉറൂസിനോടനുബന്ധിച്ച് സുരക്ഷയ്ക്കായി വനിതാ പോലീസടക്കം 250 പേരെ നിയോഗിച്ചിട്ടുണ്ട്. ശംഖുംമുഖം അസിസ്റ്റന്റ് കമ്മിഷണര്‍ ആര്.ഇളങ്കോയുടെ നേതൃത്വത്തിലാണ് സുരക്ഷാക്രമീകരണം. ഉറൂസ് ദിവസങ്ങളില്‍ അഗ്നിരക്ഷാസേന, ആരോഗ്യവകുപ്പ്, നഗരസഭജീവനക്കാര്‍, ജല അതോറിറ്റി, കെ.എസ്.ഇ.ബി. എന്നിവരുടെ സേവനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ ഡിപ്പോകളില്‍നിന്ന് കെ.എസ്.ആര്.ടി.സി.യും സര്‍വീസ് നടത്തും.